Don't Miss
Home / HEALTH / മരുന്നുമണം പേറുന്ന കാന്‍സര്‍ വണ്ടി; നിലമ്പൂരിനും തിരുവനന്തപുരത്തിനും ഇടയിലോടുന്ന രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരിലേറെയും കാന്‍സര്‍ രോഗികള്‍; രോഗികളിലേറെയും മലപ്പുറം ജില്ലക്കാര്‍

മരുന്നുമണം പേറുന്ന കാന്‍സര്‍ വണ്ടി; നിലമ്പൂരിനും തിരുവനന്തപുരത്തിനും ഇടയിലോടുന്ന രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരിലേറെയും കാന്‍സര്‍ രോഗികള്‍; രോഗികളിലേറെയും മലപ്പുറം ജില്ലക്കാര്‍

വേദനയാണ് ഈ പാളങ്ങളില്‍ കിതച്ചോടുന്നത്. നെടുവീര്‍പ്പുകളുടെ നീരാവി നിറ‍ഞ്ഞുനില്‍ക്കുന്ന ഇരുമ്പറകളാണ് ഓരോ ബോഗികളും.മരുന്ന് മണം പേറുന്ന രാജ്യറാണി ഒാടുന്നത് സമാനതകളില്ലാത്ത പാളങ്ങളിലാണ്. കാന്‍സര്‍ വണ്ടിയെന്ന്  രാജ്യറാണിയെ വിശേഷിപ്പിക്കുന്നത് ക്രൂരമെന്ന് തോന്നാമെങ്കിലും സത്യമതാണ്. നിലമ്പൂരിലെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ നിന്ന് തിരുവനന്തപുരത്തേക്കോടുന്ന ഈ തീവണ്ടിയിലെ ഓരോ ബോഗികളിലും കുറഞ്ഞത്അഞ്ചുയാത്രികരെങ്കിലും കാന്‍സര്‍രോഗികളായിരിക്കും. തിരുവനന്തപുരത്തെ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ ആര്‍സിസിയിലേക്കാണ് ഇവരെല്ലാം രാജ്യറാണിയില്‍ സഞ്ചരിക്കുന്നത്.
ജീവിതത്തിലേക്ക് കാലൂന്നിയ കൊച്ചുകുട്ടികള്‍ മുതല്‍ വാര്‍ധക്യത്തില്‍ തങ്ങളെ തേടിയെത്തിയ മഹാരോഗത്തിന്‍റെ ദൈന്യതപേറുന്ന വൃദ്ധര്‍ വരെ വിവിധ ബോഗികളില്‍ രാജ്യറാണിയുടെ കുലുക്കങ്ങളില്‍ നിസംഗതയോടെ കുലുങ്ങിക്കുടുങ്ങി തിരുവനന്തപുരത്തിനും നിലമ്പൂരിനുമിടയില്‍ കാലങ്ങളായി യാത്രചെയ്യുന്നു.മനുഷ്യന്‍റെ  ഓജസ്ഊറ്റിയെടുക്കുന്ന മാരക രോഗത്തിന്‍റെ അതിലും തീഷ്ണമായ ചികില്‍സരീതികള്‍.കീമോ,റേഡിയേഷന്‍,സര്‍ജറി . എട്ടും പത്തും മണിക്കൂര്‍ നീളുന്ന കിടപ്പും ഇരിപ്പും.പ്രകാശം വറ്റിയ കണ്ണുകളും വിറയാര്‍ന്ന ശരീരങ്ങളുമായി കര്‍ഷകനായ സോമനും വീട്ടുജോലിക്കാരിയായ ഖദീജയും പത്തുവയസുകാരിയായ ആമിനയും ഒക്കെ പ്ലാറ്റ് ഫോമില്‍ രാജ്യറാണിയെ കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. ജനറല്‍ കമ്പാര്‍ട്ട്മെ‍ന്‍റിലെ ഒറ്റതിരിഞ്ഞ സീറ്റുകളില്‍ പുറത്തേക്ക്കണ്ണയച്ച് തല ചായ്ച്ചിരിക്കുന്നവര്‍, മുഖം മൂടുന്ന മാസ്കുകള്‍ ധരിച്ച് സ്ലീപ്പര്‍ സീറ്റുകളില്‍ ചുരുണ്ടുകൂടുന്നവര്‍ ഒക്കെ ആശുപത്രിവാര്‍ഡുകളെ ഓര്‍മിപ്പിക്കുന്നു.സീറ്റുകള്‍ക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് മരണം നടന്നു പോകുന്നുണ്ടോ… ശരാശരി ആയിരം കേസുകളാണ് ആര്‍സിസിയില്‍ നിന്ന് ഓരോ വര്‍ഷവും
ആര്‍സിസിയിലെത്തുന്നത്.ആര്‍സിസിയുടെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നത് മലപ്പുറത്ത് നിന്നാണ്.മലപ്പുറം ജില്ലയെ എന്തുകൊണ്ടാണ് ഇത്തരത്തില്‍ കാന്‍സര്‍ വിഴുങ്ങുന്നത്.? ശാസ്ത്രീയ പഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മലപ്പുറത്തെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കുകളുടെ എണ്ണം
നൂറിനടുത്തു വരും.കൊട്ടിഘോഷിച്ച മലബാര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ ഇന്നാട്ടുകാര്‍ക്ക് രാജ്യറാണിയുടെ ഒരു രാത്രി നീളുന്ന യാത്രകള്‍ തുടര്‍ക്കഥയായി.തുവ്വൂരും ഷൊര്‍ണൂരുമൊക്കെ പിന്നിട്ട് കദനങ്ങളുടെ കഥകള്‍ പറഞ്ഞ് മരണത്തിന്‍റെ മണം  പേറി രാജ്യറാണിഓടിക്കൊണ്ടേയിരിക്കുന്നു. പെരുകുന്ന അര്‍ബുദകോശങ്ങളുടെ അനലോജി ഓര്‍മിപ്പിച്ചു കൊണ്ട്.