Don't Miss
Home / COVER STORY / ശബരിമലയില്‍ വഴിതടയല്‍; 200 പേര്‍ക്കെതിരെ കേസെടുത്തു

ശബരിമലയില്‍ വഴിതടയല്‍; 200 പേര്‍ക്കെതിരെ കേസെടുത്തു

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ വഴിതടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗ, കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദു എന്നിവരെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്.

മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും ചന്ദ്രനന്ദന്‍ റോഡിലും നടപ്പന്തലിന് മുന്നിലുമായി പ്രതിഷേധക്കാര്‍ തമ്പടിക്കുകയും ശരണംവിളി ആക്രോശവുമായി യുവതികളെ തടയുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസ്.

ഇന്ന് പുലര്‍ച്ചെയാണ് ഇരുയുവതികളും പമ്പയിലെത്തിയത്. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.എത്ര പ്രതിഷേധമുണ്ടായാലും മല കയറുമെന്നും യാതൊരു കാരണവശാലും തിരികെപോകില്ലെന്നുമായിരുന്നു യുവതികളുടെ നിലപാട്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരെ കനത്ത പൊലീസ് സുരക്ഷാവലയത്തില്‍ ഇവര്‍ മറികടന്നിരുന്നു.

എന്നാല്‍ പിന്നീട് ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു. പിന്നാലെ പൊലീസ് ഇവരെ നിര്‍ബന്ധിച്ച് തിരിച്ചിറക്കി. തിരികെയിറങ്ങാന്‍ കൂട്ടാക്കാതെ കുത്തിയിരുന്ന യുവതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് തിരികെയിറക്കിയത്. അതേസമയം കോടതിവിധി നടപ്പിലാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ക്രമസമാധാന പ്രശ്‌നംമൂലമാണ് യുവതികളെ തിരിച്ചിറക്കിയത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്ന ഒരു നടപടിയും പൊലീസ് നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ തിരിച്ചയക്കാനുളള നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല കയറാനെത്തിയ യുവതികളെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കിയ പൊലീസ് ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനെയാണ് പൊലീസ് കോട്ടയത്തേക്ക് കൊണ്ടുപോയത്. ദര്‍ശനത്തിനായി ബിന്ദുവിനൊപ്പം എത്തിയ കനകദുര്‍ഗയെ അപ്പാച്ചിമേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുന്നുവെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ തനിക്കോ കനകദുര്‍ഗയ്‌ക്കോ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും പൊലീസ് മനപ്പൂര്‍വ്വം ബലംപ്രയോഗിച്ച് താഴെയിറക്കിയതാണെന്നും ബിന്ദു ആരോപിച്ചിരുന്നു. റസ്റ്റ് റൂമിലേക്ക് എന്നുപറഞ്ഞ് പൊലീസ് തന്ത്രപരമായി മാറ്റാനാണ് ശ്രമിച്ചത്. ഇതിന് മുമ്പ് വന്ന സ്ത്രീകളോടും ഇതുതന്നെയാണ് ചെയ്തതെന്നും സന്നിധാനത്തിന് അടുത്തെത്തിച്ച് തിരിച്ചയക്കുന്നതാണ് പതിവെന്നും ബിന്ദു പറഞ്ഞു.

സന്നിധാനത്തിന് ഒരു കിലോമീറ്റര്‍ അകലെവരെ എത്തിയ ശേഷമായിരുന്നു യുവതികളെ പൊലീസ് മുന്‍കൈ എടുത്ത് തിരികെ ഇറക്കിയത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നും താഴേക്ക് വരാന്‍ തയ്യാറാകാതിരുന്ന യുവതികളെ വലിച്ചിഴച്ചാണ് പൊലീസ് ആംബുലന്‍സിലേക്ക് കയറ്റിയത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ആഹ്‌ളാദ പ്രകടനവും നടത്തിയിരുന്നു.