Don't Miss
Home / SCI & TECH / ഇരട്ടിയിലേറെ നേട്ടവുമായി ജിയോ ഒന്നാമത്, ഐഡിയയും എയർടെലും കിതക്കുന്നു

ഇരട്ടിയിലേറെ നേട്ടവുമായി ജിയോ ഒന്നാമത്, ഐഡിയയും എയർടെലും കിതക്കുന്നു

രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുതിക്കുകയാണ്. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെ വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോ ഏകദേശം 83 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി.
എന്നാൽ, ടെലികോം വിപണിക്ക് നഷ്ടപ്പെട്ടത് 1.56 കോടി വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 1175.01 ദശലക്ഷത്തിലെത്തി. രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. മുൻനിര കമ്പനികൾ ചേർന്ന് 1.26 കോടി അധിക വരിക്കാരെ ചേര്‍ക്കുകയും ചെയ്തു.
ജനുവരിയിൽ എയർടെൽ 15 ലക്ഷം വരിക്കാരെ ചേർത്ത് മൊത്തം വരിക്കാർ 29.16 കോടിയിലെത്തിച്ചു. ഐഡിയ 11 ലക്ഷം വരിക്കാരെയും വോഡഫോൺ 12.8 ലക്ഷം വരിക്കാരെയും സ്വന്തമാക്കി. എന്നാൽ ബിഎസ്എൻഎല്ലിന് കേവലം 3.9 ലക്ഷം വരിക്കാരെ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു.
നേരത്തെ സര്‍വീസ് നിർത്തിയ ആർകോമിൽ നിന്ന് 2.1 കോടി വരിക്കാർ പിരിഞ്ഞുപോയി. പ്രതിസന്ധി നേരിടുന്ന മറ്റൊരു കമ്പനി എയർസെല്ലിന് 34 ലക്ഷം വരിക്കാരെയും ടാറ്റാ ടെലിക്ക് 19 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.