Don't Miss
Home / NEWS / Keralam / കഞ്ചാവ് അടിച്ചവരും ഇനി വാഹനം ഒാടിച്ചാല്‍ കുടുങ്ങും : മരിജുവാന ഡിറ്റക്ടര്‍ വികസിപ്പിച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

കഞ്ചാവ് അടിച്ചവരും ഇനി വാഹനം ഒാടിച്ചാല്‍ കുടുങ്ങും : മരിജുവാന ഡിറ്റക്ടര്‍ വികസിപ്പിച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

കഞ്ചാവ് വലിച്ച് വാഹനമോടിക്കുന്നവര്‍ നിരവധിയുണ്ടെങ്കിലും മദ്യപിച്ചവരെ പോലെ ഇവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനും എക്സൈസിനും തലവേദനയാണ്.സംശയമുള്ളവരുടെ രക്തസാമ്പിള്‍ ശേഖരിച്ച് ലാബില്‍കൊണ്ടുപോയി ടെസ്റ്റ് നടത്തിയാലും റിസല്‍ട്ട് വരാന്‍ രണ്ടു ദിവസത്തോളമാകും. ഇത് പോലീസിനേയും എക്സൈസ് ഉദ്യോഗസ്ഥരെയും ഒരു പോലെ കുഴയ്ക്കുന്ന പ്രശ്നമാണ്. എന്നാല്‍ ഇതിനൊരു പരിഹാരമാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മരിജുവാന , ആല്‍ക്കഹോള്‍ ഡിറ്റക്ടര്‍ എന്ന ഉപകരണം. ഉമിനീര്‍ പരിശോധനയിലൂടെയാണ് ഉപകരണം കഞ്ചാവ് അടിച്ചവരെ കണ്ടെത്തുന്നത്. കഞ്ചാവ് ഉപയോഗിച്ചു എന്നു സംശയം തോന്നുന്നയാളോട് പ്രത്യേക രാസവസ്തുക്കളടങ്ങിയ പേപ്പറിലേക്ക് തുപ്പാന്‍ ആവശ്യപ്പെടും. ആ പേപ്പര്‍ മെഷീനില്‍ വച്ചാല്‍ എത്ര അളവ് കഞ്ചാവ് ഉപയോഗിച്ചു എന്നു കണ്ടെത്താനാവും.മദ്യപിച്ചവരെ കണ്ടെത്താനുള്ള സംവിധാനവും ഈ യന്ത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹായത്തോടെയാണ് ഈ പ്രോജക്ട് തയാറാക്കിയത്. ഈ ഉപകരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന അംഗീകാരവും വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട് അപ് മിഷന്‍റെ രണ്ടു ലക്ഷം രൂപയുടെ ഗ്രാന്‍റും ഈ പ്രോജക്ടിന് ലഭിച്ചിരുന്നു. സഹൃദയ കോളജിലെ മൂന്നാം വര്‍ഷം ഇലക്ട്രോണിക്സ് വിദ്യാര്‍ഥികളായ മനു ജോസഫ്, ഐഷ റീഗ, എം.പാര്‍വതി, ബയോടെക്നോളജി വിദ്യാര്‍ഥികളായ കെ.അച്യുതാനന്ദ്, ഗോപിക മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രോജക്ട് തയാറാക്കിയത്. അധ്യാപകരായ പ്രൊഫ.അമ്പിളി ഫ്രാന്‍സിസ്, ഡോ.ധന്യ ഗംഗാധരന്‍ എന്നിവരുടെ മേല്‍നോട്ടവും പ്രോജക്ടിനുണ്ടായിരുന്നു