Don't Miss
Home / NEWS / Keralam / ഹൈവെയില്‍ തമ്മില്‍ തര്‍ക്കം; രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു; ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു; രോഗിയെ സമയത്തിന് എത്തിക്കാത്തതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ്‌കാരുടെ ഭാഗത്താണ് തെറ്റെന്ന് പൊലീസ്

ഹൈവെയില്‍ തമ്മില്‍ തര്‍ക്കം; രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു; ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു; രോഗിയെ സമയത്തിന് എത്തിക്കാത്തതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍; ആംബുലന്‍സ്‌കാരുടെ ഭാഗത്താണ് തെറ്റെന്ന് പൊലീസ്

ആലപ്പുഴ: ഹൈവെയില്‍ ആംബുലന്‍സ് ഡ്രൈവറും കാര്‍ യാത്രക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ പൊലിഞ്ഞത് ഒരു ജീവന്‍. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ തോട്ടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. ഹൃദ്രോഗത്തെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉമൈബാനെ(75)യും കൊണ്ട് ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു പോകുന്നതിനിടെ ആംബുലന്‍സ് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത്. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള തത്രപ്പാടില്‍ ആംബുലന്‍സ് വേഗത്തില്‍ വരികയായിരുന്നു. ആസമയം തോട്ടപ്പള്ളിയില്‍ മുന്നില്‍ പോവുകയായിരുന്ന കാര്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന ആംബുലന്‍സ് കാറിനു പിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറും കാറിലുണ്ടായിരുന്നവരും വാക്കേറ്റമുണ്ടായി. ആശുപത്രിയില്‍ രോഗിയുമായി പോവുകയാണെന്നും അവരെ അവിടെ ആക്കിയ ശേഷം തിരികെ വരാമെന്നു പറഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവര്‍ കൂട്ടാക്കിയില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവറുടെ ഭാഷ്യം. എന്നാല്‍ അമിത വേഗതയിലെത്തിയ ആംബുലന്‍സ് കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും അതിന്റെ ടയര്‍ ജാമായതിനെ തുടര്‍ന്ന് റോഡില്‍നിന്നു നീക്കാന്‍ പോലും ഏറെ പ്രയാസപ്പെട്ടുവെന്ന് അമ്പലപ്പുഴ എസ്‌ഐ പറയുന്നു. കാറിലുണ്ടായിരുന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വേറെ ആംബുലന്‍സ് വിളിച്ചുവരുത്തി രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറും കാറുടമയും പരാതി നല്‍കിയിട്ടുണ്ട്. ഇരു പരാതികളും സ്വീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പരേതനായ പരീത് റാവുത്തറാണ് മരിച്ച ഉമൈബാനയുടെ ഭര്‍ത്താവ്. ഷാജഹാന്‍, ലൈല, ജമീല, സലീം എന്നിവര്‍ മക്കളാണ്.