Don't Miss
Home / NEWS / Keralam / ബി ജെ പിയിലെ ഭിന്നതയ്ക്കിടെ ശബരിമല സമരം ആളിക്കത്തിക്കാന്‍ അമിത്ഷാ കേരളത്തിലേക്ക്

ബി ജെ പിയിലെ ഭിന്നതയ്ക്കിടെ ശബരിമല സമരം ആളിക്കത്തിക്കാന്‍ അമിത്ഷാ കേരളത്തിലേക്ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടത്തിയ സമരം പച്ചതൊടാതെ പോയെന്ന ആക്ഷേപം ബി ജെ പിയ്ക്കുള്ളില്‍ നിലനില്‍ക്കുന്നതിനിടെ എരിതീയില്‍ എണ്ണപകരാന്‍ ദേശീയ അധ്യക്ഷന്‍ നേരിട്ട് എത്തുന്നു. അമിത്ഷാ വരുന്നതിന് മുന്നോടിയായി ദേശീയ നേതാവ് സരോജ് പാണ്ഡെയുടെ നേതൃത്തിലുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്.

വിനോദ് സോംകാര്‍ എംപി, പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്. രാജസ്ഥാന്‍, തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരുടെ വന്‍പട ശബരിമല സമരത്തിന്റെ ഭാഗമായി കേരളത്തിലെത്തുമെന്ന് സൂചനയുണ്ട്. അതേസമയം ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ബി ജെ പിയിലെ അഭിപ്രായ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃതല യോഗത്തില്‍ പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനും സമരം ശക്തമാക്കാനുമായാണ് അമിത്ഷായെ നേരിട്ട് ഇറക്കുന്നത്. ആര്‍ എസ് എസാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. പരസ്പരം പോര്‍വിളിക്കുന്ന വി മുരളീധരന്‍-കൃഷ്ണദാസ് പക്ഷങ്ങളോട് വെടിനിര്‍ത്തണമെന്ന അന്ത്യശാസനവും ആര്‍ എസ് എസ് നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ നിന്നും സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റാനുള്ള ബി ജെ പി തീരുമാനത്തോട് ആര്‍ എസ് എസ് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ശ്രീധരന്‍പിള്ള തനിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നതായും ആക്ഷേപമുണ്ട്.
ശബരിമല വിഷയത്തില്‍ ആര്‍ എസ് എസിനോട് ആലോചിക്കാതെയാണ് സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സമരം തീരുമാനിച്ചതെന്നാണ് പരാതി. ഇത് സി പി എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമായാണെന്ന ആക്ഷേപവും സംഘപരിവാറിനുള്ളിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കുമെന്ന പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴി തടയുമെന്നാണ് എം ടി രമേശ് അറിയിച്ചത്. അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സംരക്ഷിക്കാന്‍ പാര്‍ട്ടി വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് നേതൃയോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം ദേശീയ നേതൃത്വത്തിന്റെ മുമ്പിലെത്തിക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.

വിഷയത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയരുന്നതായും ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ നിന്നും തിരക്കിട്ട് സമരം മാറ്റിയത് ദുരൂഹമാണെന്നും ഈ കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നേതൃത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും പിള്ളയ്ക്ക് എതിരെ ഉയര്‍ന്നു. ശ്രീധരന്‍പിള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി ധാരണ ഉണ്ടാക്കിയാണ് സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതെന്നതടക്കം യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. പലരുടേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രസിഡന്റിന് സാധിച്ചില്ല.

വി മുരളീധരന്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗ ദിവസം രാവിലെ കോഴിക്കോട് ജില്ലാ ജയിലില്‍ കെ സുരേന്ദ്രനെ സന്ദര്‍ശിച്ച മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ടി രമേശ് യോഗം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് എത്തിച്ചേര്‍ന്നത്. ഇരു വിഭാഗവും ശ്രീധരന്‍പിള്ളയോട് പുലര്‍ത്തുന്ന സമീപനമാണ് ഈ നിലപാടിലൂടെ വെളിവാകുന്നത്.