Don't Miss
Home / COVER STORY / താരസംഘടനയില്‍ വീണ്ടും തമ്മിലടി; ജഗദീഷിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബുവും സിദ്ധീഖും

താരസംഘടനയില്‍ വീണ്ടും തമ്മിലടി; ജഗദീഷിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബുവും സിദ്ധീഖും

കൊച്ചി: താരസംഘടനയില്‍ വീണ്ടും തമ്മിലടി. ഡബ്ല്യു.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ബന്ധപ്പെട്ടാണ് എ.എം.എം.എയുടെ ഔദ്യോഗിക വാക്താവ് ജഗദീഷും എ.എം.എം.എ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും വിരുദ്ധ ചേരിയില്‍ നിന്ന് അഭിപ്രായ പ്രകടനം നടത്തിയത്. നടന്‍ ജഗദീഷ് നല്‍കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കി.

സംഘടനയിലെ അംഗങ്ങളില്‍ ചിലര്‍ ജഗദീഷിനൊപ്പവും മറ്റുചിലര്‍ സിദ്ദിഖിനൊപ്പവുമാണ്. നടന്‍ ജഗദീഷ് നല്‍കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുതിര്‍ന്ന നടന്‍ എന്ന നിലയിലും ട്രഷറര്‍ എന്ന നിലയിലും അദ്ദേഹത്തിന് അതിന് അവകാശമുണ്ട്. പ്രസ്താവനകളുടെ വരികള്‍ക്കിടയില്‍ വായിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്താന്‍ ശ്രമിക്കേണ്ടെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ തത്കാലം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യു.സി.സി അംഗങ്ങളുടെ ആരോപണത്തിനെതിരെ എ.എം.എം.എയുടെ ഔദ്യോഗിക നിലപാട് എന്ന പേരില്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. എന്നാല്‍ ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തങ്ങള്‍ പറയുന്നതാണ് എ.എം.എം.എയുടെ ഔദ്യോഗിക നിലപാടെന്നും മോഹന്‍ ലാല്‍, ഇടവേള ബാബു എന്നിവരോടെല്ലാം സംസാരിച്ചിട്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും കെ.പി.എസി.ലളിതക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ സിദ്ദിഖ് പറഞ്ഞു.

ഡബ്ല്യു.സി.സിയുടെ ആരോപണങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി വിളിക്കുമെന്ന് ജഗദീഷ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഈ മാസം 24-ന് ചേരുന്ന യോഗത്തില്‍ ജനറല്‍ ബോഡി എന്ന് നടക്കുമെന്ന കാര്യം തീരുമാനിക്കുമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പത്രക്കുറിപ്പിലെ കാര്യങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹത്തെ അതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. ഇതിന് പിന്നാലെ വിശദീകരണവുമായി ജഗദീഷും രംഗത്തെത്തി. പ്രസിഡന്റ് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താകുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണന്ന് തനിക്കറിയില്ലെന്നും ജഗദീഷ് പറഞ്ഞു.