Don't Miss
Home / NEWS / Keralam / ശ്രീകോവിലിനരികെ ബൂട്ടിട്ട് പൊലീസ് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തി

ശ്രീകോവിലിനരികെ ബൂട്ടിട്ട് പൊലീസ് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തി

ശബരിമല ശ്രീകോവിലിന് സമീപം പൊലീസുകാർ ബൂട്ടിട്ട് കയറിയതിനെ തുടർന്ന് ശുദ്ധിക്രിയ നടത്തി. തന്ത്രിയുടെ നിർദേശപ്രകാരം ഉച്ചപൂജയ്ക്ക് മുൻപായിരുന്നു പരിഹാരക്രിയകൾ. മണ്ഡലക്കാല തീർഥാടനം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്.

ശ്രീകോവിലിന് പതിനഞ്ച് മീറ്റർ അകലെ മാളികപ്പുറത്തേക്കുള്ള വഴിയിലാണ് പൊലീസ് ബൂട്ടിട്ട് നിലയുറപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ട്രാൻസ് ജൻഡേഴ്സ് ദർശനം നടത്തുന്നതിന് മുന്നോടിയായിരുന്നു നടപടി. ഇത് വിവാദമായി. അശുദ്ധിക്ക് ഇടയാക്കിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് തന്ത്രി ശുദ്ധിക്രിയ നടത്താൻ നിർദേശിച്ചത്.ഉച്ചപൂജയ്ക്കു മുൻപ് സന്നിധാനം കഴുകി വൃത്തിയാക്കി ആചാരപ്രകാരം പുണ്യാഹം തളിച്ച് പരിഹാരക്രിയ നടത്തി.

സന്നിധാനത്ത് സേവനം ചെയ്യുന്നതിന് പൊലീസുകാർ സായുധരായി നിൽകേണ്ടതില്ലെന്ന് സർക്കുലർ ലംഘിച്ചായിരുന്നു നടപടി. പിഴവ് ബോധ്യപ്പെട്ടതോടെ ബൂട്ടും ലിത്തിയും കവചവും പൊലീസ് ഒഴിവാക്കി.

വീഴ്ച സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. അതേസമയം ഇലവുങ്കൽ മുതൽ സന്നിധാനം വരെ ശനിയാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ നീട്ടി. പ്രതിഷേധങ്ങൾക്ക് ഇടയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.