Don't Miss
Home / COVER STORY / എന്‍.എസ്.എസിനെതിരെ രാഷ്ട്രീയ നിലപാട് കടുപ്പിച്ച് സി.പി.എം

എന്‍.എസ്.എസിനെതിരെ രാഷ്ട്രീയ നിലപാട് കടുപ്പിച്ച് സി.പി.എം

എൻഎസ്എസ് നേതൃത്വത്തെ രാഷ്ട്രീയമായി കടന്നാക്രമിക്കാന്‍ സി.പി.എം തീരുമാനം. ആർഎസ്എസ് പക്ഷത്തേക്ക് എൻഎസ്എസ് ചാഞ്ഞെന്ന് സി.പി.എം സംസ്ഥാനസമിതി വിലയിരുത്തി. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാന്‍ എൻഎസ്എസിനെ അനുവദിക്കരുത്. വനിതാമതിലിനെ തകര്‍ക്കാന്‍ എൻഎസ്എസ് ആസൂത്രിതമായി ശ്രമിക്കുന്നു.

പുരുഷന്‍മാരെ വനിതാമതിലിന്റെ എതിര്‍ദിശയില്‍ അണി നിരത്താനും സി.പി.എം സംസ്ഥാന സമിതിയിൽ തീരുമാനമായി. സ്ത്രീകളോട് ഒപ്പമെത്തുന്ന പുരുഷന്‍മാരെയാണ് എതിര്‍ദിശയില്‍ അണിനിരത്തുക. വനിതാമതിലിന്റെ നിരയില്‍ സ്തീകള്‍ മാത്രമെന്ന് ഉറപ്പു വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു.

വനിതാമതിലില്‍ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നിര്‍ദേശം നൽകി. തെറ്റായ പ്രാചാരണങ്ങളെ നേരിടാന്‍ പ്രാദേശികകമായി മുന്‍കൈയെടുക്കണം. സംഘടനകള്‍ കുട്ടികളെ പങ്കെടുപ്പിച്ചാല്‍ തടയേണ്ടതില്ലെന്നും സംസ്ഥാന സമിതി നിർദേശം നൽകി.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാമതിലില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് കെപിസിസി സര്‍ക്കുലർ പുറത്തിറക്കി‍. വര്‍ഗീയ ധ്രൂവികരണത്തിന് മതില്‍, വഴിവെക്കുമെന്നും ഇതില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കണമെന്നും കാണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കീഴ്ഘടകങ്ങള്‍ക്ക് കത്തും നല്‍കി. സര്‍ക്കാര്‍പണം ധൂര്‍ത്തടിക്കുകയും ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്ന വനിതാമതിലിനെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വനിതാ മതിൽ വൻവിജയമാകാൻ പോകുന്നുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തി പൂണ്ട സ്ഥാപിത രാഷ്ട്രീയ താൽപര്യക്കാർ വ്യാപകമായി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നതായിരിക്കും വനിതാ മതിൽ.

സമൂഹത്തിലെ സ്ത്രീകളുടെയാകെ പരിച്ഛേദം എന്ന നിലയിൽ രൂപപ്പെടുന്ന വനിതാ മതിലിനെ വർഗീയത കലർത്തി പൊളിക്കാനാണു പ്രതിപക്ഷ ശ്രമം. അതു വിലപ്പോവില്ലെന്നു ജനുവരി ഒന്നിനു തെളിയിക്കും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ, സ്ത്രീസമത്വം മുൻനിർത്തിയുള്ള ഈ മുന്നേറ്റത്തിൽ പങ്കെടുക്കാൻ സ്വമേധയാ എത്തുന്നതു സ്ഥാപിത താൽപര്യക്കാരെ ഒട്ടൊന്നുമല്ല പരിഭ്രാന്തരാക്കുന്നത്. ഈ പരിഭ്രാന്തിയിൽ നിന്ന് ഉടലെടുക്കുന്നതാണ് അസത്യപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കൽ തന്ത്രങ്ങളും.

വനിതാ മതിൽ, വനിതകളുടേതു മാത്രമായിരിക്കുമെന്നതിൽ ആർക്കും സംശയം വേണ്ട. നവോത്ഥാനത്തിന്റെ തുടർച്ച ലക്ഷ്യം വച്ചു നടത്തുന്ന മുന്നേറ്റം എന്ന നിലയ്ക്കു വനിതാ മതിലിൽ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും വൻതോതിൽ അണിനിരക്കുമെന്നു വ്യക്തമാണ്. ജാതിമത വേർതിരിവുകൾക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണു തെറ്റിദ്ധാരണ പരത്തൽ. അതു വിജയിക്കാൻ പോകുന്നില്ല.

സർക്കാർ ഖജനാവിൽനിന്നുള്ള പണം വനിതാ മതിലിന് ഉപയോഗിക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. എന്നിട്ടും സർക്കാർ പണം കൊണ്ടാണു വനിതാ മതിൽ രൂപീകരിക്കാൻ പോകുന്നതെന്ന നുണ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അസത്യം പലകുറി ആവർത്തിച്ചാൽ ചിലരെങ്കിലും സത്യമെന്നു കരുതുമെന്ന ചിന്തയാവണം അവരെ നയിക്കുന്നത്. കോടതിയിൽ കൊടുത്ത രേഖയെക്കുറിച്ചു പറഞ്ഞു കൊണ്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണു ശ്രമം. എന്നാൽ, സർക്കാർ പണം ഉപയോഗിച്ചു വനിതാ മതിൽ സംഘടിപ്പിക്കില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.

തെറ്റിദ്ധരിപ്പിക്കൽ എല്ലാ അതിരും വിടുന്ന നിലയിലാണ്. ഉമ്മൻചാണ്ടിയുടെ പ്രസ്താവനയും തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ളതാണ്. അസത്യ പ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലും വനിതാ മതിൽ വൻവിജയമാകാൻ പോകുന്നുവെന്നതിലുള്ള പ്രതിപക്ഷത്തിന്റെ ഉൽക്കണ്ഠയാണു വെളിവാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാമതിലിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ മതില്‍ എന്തിനുവേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാരിന്റേതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.