Don't Miss
Home / ENTERTAINMENT / CINEMA / സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു.
എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍

സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം.
ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തില്‍ അദ്ദേഹത്തിന് 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.
1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി അർജ്ജുനൻ ജനിച്ചു. ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. അന്ന് അർജ്ജുനന് പ്രായം ആറുമാസം മാത്രം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജ്ജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ്‌ തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാൻ പാടുപെട്ടു. വീടുകളിൽ ജോലിക്കു നിന്നും ചുമട്‌ എടുത്തും കൂലിപ്പണി ചെയ്‌തുമാണ് ജീവിതം മുൻപോട്ടു നീക്കിയത്.
അന്ന്‌ ഫോർട്ട്‌ കൊച്ചിയിലുണ്ടായിരുന്ന രാമൻവൈദ്യൻ എന്നൊരു സാമൂഹികപ്രവർത്തകനാണ്‌ ഈ‍ ദുരിതങ്ങളിൽ നിന്നു എം.കെ. അർജ്ജുനനെ രക്ഷിച്ചത്‌. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക്‌ അർജ്ജുനനെയും ജ്യേഷ്ഠൻ പ്രഭാരകരനെയും രാമൻവൈദ്യനാണ്‌ കൊണ്ടുപോയത്‌. ആശ്രമത്തിൽ അന്തേവാസികൾ കൂടുതലായതോടെ ഇരുവർക്കും ഫോർട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു.
സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അഭ്യസിച്ചു.
ഹാർമോണിയം വായന പിന്നീട്‌ തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള ‘കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. “തമ്മിലടിച്ച തമ്പുരാക്കൾ…. എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകർന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക്‌ ഈണം പകർന്നു. ഇതിനിടയ്ക്കു എം.കെ. അർജ്ജുനൻ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1964-ൽ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി. അഞ്ചുമക്കളുണ്ട്.