Don't Miss
Home / crime / ഓണ്‍ലൈന്‍ എ ടി എം തട്ടിപ്പ്: കേരളത്തിലെ മുഖ്യകണ്ണി പിടിയില്‍

ഓണ്‍ലൈന്‍ എ ടി എം തട്ടിപ്പ്: കേരളത്തിലെ മുഖ്യകണ്ണി പിടിയില്‍

പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ വഴി തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ കേരളത്തിലെ മുഖ്യകണ്ണിയെ പെരിന്തല്‍മണ്ണയില്‍ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍, സി ഐ ടി എസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ചെര്‍പ്പുളശ്ശേരി സ്വദേശി മഞ്ഞലങ്ങാടന്‍ വീട്ടില്‍ സുലൈമാന്‍കുട്ടി (49)നെയാണ് സി ഐയും സംഘവും അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വഴി ബാങ്കിംഗ് ഇടപാടുകാരെ നെറ്റ് കോളുകള്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെട്ട് വന്‍ തുകകള്‍ ലോട്ടറി അടിച്ചതായും ഗിഫ്റ്റ് കിട്ടിയതായും മറ്റും പറഞ്ഞ് ആയതിന്റെ ബില്‍ വ്യാജമായി നിര്‍മ്മിച്ച് ഇടപാടുകാര്‍ക്ക് അയച്ചു കൊടുത്ത് വിശ്വസിപ്പിച്ച ശേഷം തുക കൈമാറുന്നതിന്റെ സര്‍വ്വീസ് ചാര്‍ജ്ജ്, ഇംകം ടാക്‌സ്, ജി എസ് ടി എന്നിവയുടെ പേരു പറഞ്ഞ് 20000 മുതല്‍ 50000 രൂപ വരെ അടക്കാനാവശ്യപ്പെട്ട് പണം തട്ടുകയായിരുന്നു.

എ ടി എം നടത്തുന്ന മൂന്നു പെരിന്തല്‍മണ്ണ സ്വദേശികളെ അറസ്റ്റ് ചെയ്തതോടെയാണ് ഇത്തരം തട്ടിപ്പിനെ കുറിച്ച് പുറത്തറിയുന്നത്.  അറസ്റ്റ് ചെയ്ത സുലൈമാന്‍കുട്ടിയുടെ പേരില്‍ കോട്ടക്കല്‍ പോവലീസ് സ്റ്റേഷനിലും ആന്ധ്രാപ്രദേശില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി പുതിയ അക്കൗണ്ട് നമ്പറുകള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

ഇത്തരം തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അന്യ സംസ്ഥാനക്കാരനായ മുനീര്‍ അഹമ്മദ് എന്നയാളുടെ വിവരങ്ങള്‍ പോലീസിന് പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുനീര്‍ അഹമ്മദിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പെരിന്തല്‍മണ്ണ ഡി വൈ എസ് പി, സി ഐ എന്നിവര്‍ അറിയിച്ചു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി ഐ ടി എസ് ബിനു, എസ് ഐ മഞ്ജിത്‌ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി പി മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, പി അനീഷ്, ദിനേഷ്, സക്കീര്‍ഹുസൈന്‍, ജയമണി, സൈബര്‍ സെല്ലിലെ ബിജു, വൈശാഖ്, ജയചന്ദ്രന്‍, പ്രഷോബ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.