Don't Miss
Home / COVER STORY / ബംഗ്ലാദേശികള്‍ ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നു

ബംഗ്ലാദേശികള്‍ ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നു

നെടുമ്പാശേരി: ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കുന്നതായി പോലീസ് കണ്ടെത്തി.അടുത്തിടെ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായ ബംഗ്ലാദേശ്് സ്വദേശി ഷാമുവല്‍ മണ്ഡലിനെ (43)വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്.

ഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണിത്. ബംഗ്ലാദേശില്‍ നിന്നും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നത് എളുപ്പമല്ലാത്തതിനാലും ശമ്പളം കുറവായതിനാലുമാണ് ഇന്ത്യയിലെത്തി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കുന്നതെന്നാണ് ഷാമുവല്‍ മണ്ഡല്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ നിരവധിപേര്‍ ഇന്ത്യയിലെത്തി പാസ്‌പോര്‍ട്ട് തരപ്പടുത്തി ഗള്‍ഫിലേക്ക് കടക്കുന്നുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. തീവ്രവാദികളടക്കമുളളവര്‍ ഇത്തരത്തില്‍ കടന്നുപോകുവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്.

അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയാണ് ഷാമുവല്‍ മണ്ഡല്‍ ബംഗാളിലെത്തിയത്. കൊല്‍ക്കത്തയിലെത്തി ഏജന്റിന് 25,000 രൂപ നല്‍കി ഇയാള്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തി. ബംഗാളിലെ മേല്‍വിലാസത്തിലാണ് പാസ്‌പേര്‍ട്ട്.
തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍കാര്‍ഡും എടുത്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഇയാള്‍ ഏജന്‍സി വഴി മുംബെയിലെത്തി അവിടെ നിന്ന് വര്‍ക്ക് വിസയില്‍ കുവൈത്തിലേക്ക് കടന്നു.
ഇയാളുടെ പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സും പതിച്ചു നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നും തരപ്പെടുത്തിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ രണ്ടുവട്ടം ബംഗ്ലാദേശില്‍ പോയിട്ടുമുണ്ട്.