Don't Miss
Home / crime / ബാങ്ക് ജീവനക്കാരന്റെ മരണം; സി.പി.എം നേതാവിനെതിരെ ആത്മഹത്യാ കുറിപ്പ്

ബാങ്ക് ജീവനക്കാരന്റെ മരണം; സി.പി.എം നേതാവിനെതിരെ ആത്മഹത്യാ കുറിപ്പ്

മാനന്തവാടി: ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണം സിപിഎം നേതാവിന്റെ മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്. ഭരണകക്ഷി നേതാവിനെതിരെ രൂക്ഷമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ പൊലീസിന് നല്‍കാതെ കുറിപ്പ് ബന്ധുക്കള്‍ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. നേതാവിനെതിരെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരടക്കമുള്ളവര്‍ വീടിന് നേരെ കല്ലെറിഞ്ഞു.

തലപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ മരണം സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിന്റെയും ജീവനക്കാരുടെയും മാനസിക പീഡനം മൂലമെന്നാണ് ആത്മഹത്യാക്കുറിപ്പ്. ബാങ്ക് പ്രസിഡന്റും ഏരിയാകമ്മിറ്റി മെമ്പറും, സിഐടിയു ജില്ലാകമ്മിറ്റി അംഗവുമായ പി വാസുവിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിവെച്ചത്. കുറിപ്പുകള്‍ സിപിഎം നേതാക്കള്‍, അനില്‍കുമാറിന്റെ കുടുംബക്കാര്‍ എന്നിവര്‍ക്കായാണ് എഴുതിയിരിക്കുന്നത്. അനില്‍കുമാര്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് അധ്യാപികയായ ഭാര്യ ബിന്ദുമോളെ ഫോണില്‍ വിളിക്കുകയും, നിനക്കൊരു സമ്മാനമുണ്ടെന്നും ഞാന്‍ സഹോദരിയുടെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞിരുന്നു. സമ്മാനം വീട്ടിലെ സ്വാമി അയ്യപ്പന്റെ ഫോട്ടോയുടെ അടിഭാഗത്താണ് വെച്ചതെന്നും ഫോണിലൂടെ അറിയിച്ചിരുന്നു.

ഞായറാഴ്ച ഈ വിവരം ബിന്ദു ബന്ധുക്കളോട് പറയുകയും സ്വാമി അയ്യപ്പന്റെ ഫോട്ടോയുടെ അടിയില്‍ നോക്കിയപ്പോള്‍ കത്തുകള്‍ ലഭിക്കുകയുമായിരുന്നു. ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെ ഞായറാഴ്ച രാത്രിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ തലപ്പുഴയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ബാങ്ക് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മറ്റി അംഗവുമായ പി.വാസുവിന്റെ വീടിനു നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ കവാടത്തിന് കേട് പാട് സംഭവിക്കുകയും ജനല്‍ചില്ലുകള്‍ പൊട്ടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകരുള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരെ തലപ്പുഴ പൊലീസ് കെസെടുത്തു.