Don't Miss
Home / NEWS / National / ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യ ഫല സൂചനകള്‍ തൃണമൂലിന് അനുകൂലം

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യ ഫല സൂചനകള്‍ തൃണമൂലിന് അനുകൂലം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യസൂചനകള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഗ്രാമ പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പഞ്ചായത്തു സമിതികളിലെ രണ്ടാമതും ജില്ലാ പരിഷത്തുകളിലെ വോട്ടുകള്‍ പിന്നീടും എണ്ണും.
ആകെയുള്ള 58,692 സീറ്റുകളിൽ 20,076 എണ്ണത്തിൽ (34%) തൃണമൂൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പോളിങ് നടന്ന 38,616 സീറ്റുകളിലെ ഫലമാണ് പുറത്തുവരുന്നത്.
4,509 സീറ്റുകളിലാണു തൃണമൂൽ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. പതിറ്റാണ്ടുകളോളം ബംഗാൾ ഭരിച്ച ഇടതുമുന്നണി 281 സീറ്റുകളുമായി ബഹുദൂരം പിന്നിലാണ്. ബിജെപിയാണ് രണ്ടാമത്– 361 സീറ്റ്. പലയിടത്തും അലിഖിതസഖ്യമുള്ള ബിജെപി–സിപിഎം കൂട്ടുകെട്ടിന് ആകെ 642 സീറ്റ്. കോൺഗ്രസിന് 137, മറ്റുള്ളവർക്ക് 51 എന്നിങ്ങനെയാണു ലീഡ് നില. 31,836 ഗ്രാമപഞ്ചായത്ത്, 6,158 പഞ്ചായത്ത് സമിതികൾ, 622 ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
വടക്കന്‍ ബംഗാളിലെ കൂച് ബെഹാര്‍, അലിപുര്‍ദൗര്‍, നോര്‍ത്ത് ദിനജ്പുര്‍, സൗത്ത് ദിനജ്പുര്‍, ജല്‍പായ്ഗുരി, മാല്‍ദ എന്നീ ജില്ലകളിലാണ് വോട്ടെണ്ണല്‍ ആദ്യം തുടങ്ങിയത്. നോര്‍ത്ത് 24 പര്‍ഗാനാസില്‍ വോട്ടെണ്ണല്‍ വൈകുകയാണ്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ജല്‍പായ്ഗുരിയിലെ ഒരു കേന്ദ്രത്തില്‍ നിന്നും പോലീസ് 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
തിങ്കാഴ്ച നടന്ന പോളിംഗിനിടെ സംസ്ഥാനത്ത് വ്യാപകമായ അക്രമവും പൊട്ടിപ്പുറപ്പെട്ടിരുന്നു. 15 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ക്രമക്കേട് നടന്നുവെന്ന് സംശയംതോന്നിയ 573 ബൂത്തുകളില്‍ ഇന്നലെ നടന്ന റീപോളിംഗിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
സംസ്ഥാനത്തു പലയിടത്തും ആക്രമങ്ങൾ അരങ്ങേറുന്നതായി റിപ്പോർട്ടുണ്ട്. വെസ്റ്റ് മിഡ്നാപുരിലെ ധനേശ്വർപുരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വോട്ടെണ്ണൽ തടസ്സപ്പെടുത്തി. ജൽപൈഗുരി പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് 40 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
നാമനിർദേശ പത്രികാ സമർപ്പണത്തിനു ഹൈക്കോടതി ഓൺലൈൻ സാധ്യതവരെ തേടിയ തിരഞ്ഞെടുപ്പാണിത്. പത്രിക സമർപ്പിക്കുന്നതിൽനിന്ന്, തൃണമൂൽ പ്രവർത്തകർ ബലപ്രയോഗത്തിലൂടെ തങ്ങളെ തടയുന്നതായി ചൂണ്ടിക്കാട്ടി സിപിഎം, ബിജെപി, കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ പരാതിയിൽ ഇടപെട്ട് ഓൺലൈൻ വഴി പത്രിക സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
തൃണമൂൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്രയധികം സീറ്റുകളിൽ എങ്ങനെ എതിരില്ലാതെ വിജയിക്കാനാകുമെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇതിനായി നൽകിയ രേഖ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനോടു ആവശ്യപ്പെട്ടു. 17,000 സീറ്റുകളുടെ കാര്യത്തിൽ അന്തിമതീരുമാനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകും.
 
.

Leave a Reply

Your email address will not be published. Required fields are marked *

*