Don't Miss
Home / NEWS / Keralam / സാലറി ചലഞ്ചിനോട് വിയോജിപ്പ് കാട്ടി; ബിശ്വനാഥ് സിന്‍ഹയുടെ പൊതുഭരണസെക്രട്ടറി സ്ഥാനം പോയി

സാലറി ചലഞ്ചിനോട് വിയോജിപ്പ് കാട്ടി; ബിശ്വനാഥ് സിന്‍ഹയുടെ പൊതുഭരണസെക്രട്ടറി സ്ഥാനം പോയി

തിരുവനന്തപുരം: സാലറിചലഞ്ചില്‍ ചലഞ്ചിനോട് വിയോജിപ്പ് പ്രകടിപ്പിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് സ്ഥാനമാറ്റം.പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് ബിശ്വനാഥ് സിന്‍ഹയുടെ പുതിയ നിയമനം. ബിശ്വനാഥ് സിന്‍ഹ കൈകാര്യം ചെയ്തിരുന്ന തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളുടെ ചുമതല രണ്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കു വിഭജിച്ചു നല്‍കി.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കായിക യുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നിവയുടെയും അധിക ചുമതല നല്‍കി.

പൊതുഭരണ സെക്രട്ടറിയായി ചുമതലയേറ്റ ബിശ്വനാഥ് സിന്‍ഹ സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുമായി അത്ര രസത്തിലായിരുന്നില്ല. സാലറി ചലഞ്ച് എന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചപ്പോള്‍ത്തന്നെ ഗ്രോസ് സാലറി നല്‍കാനാവില്ലെന്നും നെറ്റ് സാലറി നല്‍കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് സംഘടനകളെ ചൊടിപ്പിച്ചു. തുടര്‍ന്ന് ആര്‍ജിതാവധി സറണ്ടര്‍ ചെയ്ത് നല്കാമെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അതിനുകഴിയില്ലെന്ന് സൂചിപ്പിച്ച് അഭ്യര്‍ഥന സര്‍ക്കാര്‍ നിരസിച്ചു.

സെക്രട്ടേറിയറ്റില്‍ തസ്തിക വെട്ടിക്കുറയ്ക്കല്‍, പഞ്ചിങ് തുടങ്ങിയ വിഷയങ്ങളില്‍ ജീവനക്കാരോട് ഇടഞ്ഞ സിന്‍ഹക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നിലും പരാതി എത്തിയിരുന്നു. ഒരുവര്‍ഷത്തേക്ക് മേളകള്‍ ഒഴിവാക്കല്‍ തുടങ്ങി അടുത്തിടെ പൊതുഭരണവകുപ്പ് പുറത്തിറക്കിയ ചില ഉത്തരവുകളും വിവാദമായായി.

ഭവന നിര്‍മാണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയില്‍നിന്നു പി.എച്ച്. കുര്യനെ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു. റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായ കുര്യനെ അധിക ജോലിഭാരം പരിഗണിച്ചാണു മാറ്റിയത്. ആസൂത്രണ, സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കാണ് ഭവന നിര്‍മാണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

*