Don't Miss
Home / Uncategorized / മോദിയുടെ മാജിക്ക് അവസാനിച്ചു; വീണ്ടും ഹിന്ദുത്വ കാര്‍ഡുമായി ബി.ജെ.പി യു.പിയില്‍ രംഗത്ത്

മോദിയുടെ മാജിക്ക് അവസാനിച്ചു; വീണ്ടും ഹിന്ദുത്വ കാര്‍ഡുമായി ബി.ജെ.പി യു.പിയില്‍ രംഗത്ത്

ലക്‌നോ: എസ്പി-ബിഎസ്പി സഖ്യത്തിന് അനുകൂലമായി യു പിയില്‍ വളര്‍ന്നുവരുന്ന ഭരണവിരുദ്ധ വികാരം തരണം ചെയ്യാന്‍ എന്ത് തന്ത്രമായിരിക്കും ബിജെപി ആവിഷ്‌ക്കരിക്കുകയെന്നു വ്യക്തമല്ലെങ്കിലും വര്‍ഗ്ഗീയതയിലൂന്നിയുള്ള നീക്കങ്ങളാണ് വീണ്ടും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ തുറുപ്പുചീട്ടെന്നു വിലയിരുത്തിയിരുന്ന ‘മോദി മാജിക്’ 2019ലെ തെരഞ്ഞെടുപ്പില്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷ സംഘപരിവാറിനു നഷ്ടമായിക്കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തന്ത്രങ്ങളും ഏല്‍ക്കുന്നില്ല.

ഉത്തര്‍ പ്രദേശ് വലിയ രാഷ്ട്രീയ പ്രാധാന്യമുളള സംസ്ഥാനമാണ്. അവിടെ വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അധികാരത്തിലേക്കുള്ള പാത എളുപ്പമാകും.

2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2017ല്‍ നടന്ന സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലും ബിജെപി തകര്‍പ്പന്‍ വിജയം നേടി. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വ്യത്യസ്തമായിരിക്കുമെന്ന് സംഘപരിവാറിനുറപ്പുണ്ട്. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും (എസ്പിബിഎസ്പി) തമ്മിലുള്ള സഖ്യം ബിജെപിക്ക് വെല്ലുവിളിയാണ്. ഫുല്‍പുര്‍, ഗോരഖ്പൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉലച്ചു. കൈറാനയിലെ തോല്‍വികൂടി ആയപ്പോള്‍ അതിന് ആക്കം കൂടി.

ആര്‍.എസ്.എസ്-ബിജെപി നേതാക്കള്‍ പങ്കെടുക്കുന്ന ‘ചിന്തന്‍ ബൈഠകു’കളില്‍ ഈ വെല്ലുവിളി പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. യുപിയില്‍ ഒരു ഭീഷണിയുമില്ലെന്നു ബിജെപി നേതാക്കള്‍ അവകാശപ്പെടുമ്പോഴും പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞന്മാര്‍ വ്യത്യസ്തമായൊരു ചിത്രമാണ് അവതരിപ്പിക്കുന്നത്. എസ്പി-ബിഎസ്പി സഖ്യം സംസ്ഥാനത്തുണ്ടാക്കാവുന്ന ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതായാണ് പലരും സൂചിപ്പിക്കുന്നത്. ബിജെപി സൃഷ്ടിച്ചിരുന്ന അജയ്യതയുടെ അന്തരീക്ഷത്തില്‍ സഖ്യം വിള്ളലുകള്‍ വീഴ്ത്തി. ഈ സഖ്യം ഉയര്‍ത്തിയേക്കാവുന്ന ശക്തമായ വെല്ലുവിളിയാണ് ചായക്കടകളിലും ഗ്രാമീണ സദസ്സുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നത്.

2019ലെ തെരെഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍നിന്നും തുടങ്ങുമെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ്പി-ബിഎസ്പി സഖ്യത്തെ എതിരിടാന്‍ ബിജെപി എന്ത് തന്ത്രമാകും ആവിഷ്‌ക്കരിക്കുക എന്നതാണ് ചോദ്യം. യുപിയിലെ ജാതീയ ഭിന്നതകള്‍ മറികടക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യ സഖ്യം രൂപപ്പെടുത്തുംവിധം ശക്തമായ ഹിന്ദുത്വം പ്രചരിപ്പിക്കാനുള്ള നീക്കം വ്യക്തമാണ്. ഹിന്ദു ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ഗംഭീരമാക്കുന്നതിനും അതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ അത് പ്രകടമാണ്. അയോദ്ധ്യയിലെ ദീപാവലിയും പ്രയാഗിലെ കുംഭമേളയും അതിനുദാഹരണം. അതിനൊപ്പം തന്നെയാണ് രാമജന്‍മ പ്രശ്‌നം സജീവമാക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നത്. അലഹബാദ്, മുഗള്‍സറായി തുടങ്ങിയ നഗരങ്ങളുടെ പേരുകള്‍ മാറ്റി മഹത്തായ ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്നതിലൂടെ ഹിന്ദുത്വത്തെ പുനരാവിഷ്‌ക്കരിക്കുന്ന രാഷ്ട്രീയമാണ് പാര്‍ട്ടി പയറ്റുന്നത്.
മതപരമായ ചടങ്ങുകളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ പതിവായിട്ടുണ്ട്.

മണ്ഡല്‍ രാഷ്ട്രീയത്തെ നേരിട്ട് ഹിന്ദുത്വത്തിന്റെ കുടക്കീഴില്‍ വിവിധ ജാതികളുടെ വിശാല സഖ്യം രൂപീകരിക്കുന്നതിനുള്ള മാര്‍ഗമായി ഇതിനെ ബിജെപിയും സംഘ പരിവാറും കാണുന്നു. ‘സമഗ്ര ഹിന്ദുത്വ’ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതനുസരിച്ച് മറ്റു പിന്നോക്ക സമുദായക്കാരെയും (ഒബിസി) ദളിതരെയും ഹിന്ദുത്വത്തിലേക്കു സമന്വയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു. ഒബിസി, ദളിത് വിഭാഗങ്ങളുമായി ബിജെപി നേതാക്കള്‍ നിരന്തരം സംസാരിക്കുന്നു. എസ്പി-ബിഎസ്പി സഖ്യം മുസ്ലിം-യാദവ്-ജാതവ്-നിഷാദ് സഖ്യമെന്നറിയപ്പെടുന്ന സാഹചര്യത്തില്‍ ഇത് വളരെ പ്രധാനമാണ്.
ദളിത് ഒബിസി വിഭാഗങ്ങളിലെ വലിയ നേതാക്കളെയും, വീരപുരുഷന്മാരെയും രാജാക്കന്മാരെയും യോദ്ധാക്കളെയുമെല്ലാം അനുസ്മരിക്കുന്നതിനുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ അവരെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ശ്രമിക്കുന്നു. ഹിന്ദു രാജാവായിരുന്ന സുഹേല്‍ സിംഗിനെ രാഷ്ട്ര രക്ഷക് ഹിന്ദു സമ്രാട്ട് (രാജ്യത്തെ രക്ഷിച്ച ഹിന്ദു ചക്രവര്‍ത്തി) എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ദളിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭാര്‍സ്, താരൂസ്, പാസീസ് സമുദായങ്ങളും വീരപുരുഷനായി ആരാധിക്കുന്ന രാജാവാണ് സുഹേല്‍ സിങ്.
യാദവ ഇതര, ജാതവ ഇതര ഒബിസി-ദളിത് സഖ്യം രൂപീകരിക്കുന്നതിനാണ് ബിജെപി ശ്രമം.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സഹായിച്ച ഘടകമായിരുന്നു അത്. ഒബിസികള്‍ക്കിടയില്‍ പട്ടേല്‍-കുര്‍മി-മൗര്യ സഖ്യം ശക്തിപ്പെടുത്തുന്നതിനും ദളിതര്‍ക്കിടയില്‍ പാസികോരിസോങ്കര്‍ സാമൂഹ്യ സഖ്യം രൂപപ്പെടുത്തുന്നതിനും ശ്രമിക്കുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷായും സംസ്ഥാന നേതാക്കളും സമുദായ സംഘടനകളുടെ സമ്മേളനങ്ങളില്‍ പതിവായി പങ്കെടുക്കുകയും പലപ്പോഴും അവയുടെ സംഘാടകരായി മാറുകയും ചെയ്യുന്നു. രണ്ടു തരത്തിലാണ് ഒബിസി-ദളിത് സഖ്യം വളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. അപ്‌ന ദള്‍, സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി തുടങ്ങിയ ജാതിയധിഷ്ഠിത പാര്‍ട്ടികളുമായുള്ള സഖ്യമാണ് ആദ്യത്തെ മാര്‍ഗം.

ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പാര്‍ട്ടിയിലും ഗവണ്മെന്റിലും പ്രാതിനിധ്യം നല്‍കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് മൗര്യയും കുര്‍മികളുടെ കരുത്തനായ നേതാവ് സ്വതന്ത്ര ദേവ് സിങ്ങും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനികളായി ഉയര്‍ന്നുകഴിഞ്ഞു. സ്വതന്ത്ര ദേവ് സിങ് യുപിയിലെ ബിജെപി ഘടകം പ്രസിഡന്റായി നിയമിക്കപ്പെടുമെന്നാണ് സൂചന.
ദളിതരിലെ പ്രധാന വിഭാഗമായ കോലികള്‍ തങ്ങളുടെ സമുദായക്കാരനായ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതില്‍ അഭിമാനിക്കുന്നു. ബിജെപിയുടെ ശ്രമഫലമായി പാസികള്‍ക്കും ഭരണത്തിലും പാര്‍ട്ടിയിലും വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്.

ഇതിനു പുറമെ ചെറിയ ദളിത് വിഭാഗങ്ങളെയും എംബിസികളെയും ഒബിസികളെയും സ്‌കൂളുകള്‍ ആരംഭിച്ചും മൈക്രോഫിനാന്‍സ് പദ്ധതികള്‍ നടപ്പാക്കിയും അവര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍ ശുചിത്വ പരിപാടികള്‍ സംഘടിപ്പിച്ചും കൂടെനിര്‍ത്താനും ബിജെപി ശ്രമിക്കുന്നു.