Don't Miss
Home / Main Story / ബ്രൂവറിയില്‍ മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍; നിരസിച്ച അപേക്ഷ മുഖ്യമന്ത്രിവഴി പാസാക്കി

ബ്രൂവറിയില്‍ മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍; നിരസിച്ച അപേക്ഷ മുഖ്യമന്ത്രിവഴി പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്ലറിയും തുടങ്ങുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കുന്നതിനായി കമ്പനികള്‍ ചെലവഴിച്ചത് കോടികള്‍. എം.പി പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള എം.പി. ഗ്രൂപ്പിന്റെ അപ്പോളോ ബ്രൂവറിക്കുവേണ്ടി സമര്‍പ്പിച്ച അപേക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നതായി വ്യക്തമാകുന്ന രേഖകള്‍ പുറത്തായി. അഴിമതിക്കഥകളില്‍ പലതും പുറത്തുവന്നതോടെ ബ്രൂവറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും അതിന് പിന്നില്‍ നടന്ന ഇടപാടുകള്‍ ഒന്നൊന്നായി വെളിച്ചത്ത് വന്നു കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് തന്റെ സുഹൃത്തിന്റെ കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതാണ് അഴിമതിയുടെ ഏറ്റവും പുതിയ വിവരം.

2016ല്‍ അനുമതി നിഷേധിക്കപ്പെട്ട പാലക്കാട്ടെ അപ്പോളോ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാന്‍ പുരുഷോത്തമന്‍, മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് അപേക്ഷ നല്‍കിയാണ് 2018ല്‍ അനുമതി നേടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്നാണ് സൂചന.

2016ല്‍ ബ്രൂവറി ആരംഭിക്കുന്നതിന് അനുമതി തേടി അപ്പോളോ ഡിസ്റ്റലറീസ് കമ്പനി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അബ്കാരി നയം എതിരാണെന്ന് ചൂണ്ടിക്കാട്ടി അന്ന് ആ അപേക്ഷ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തള്ളിക്കളഞ്ഞു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു അത്. നിലവിലെ ചട്ടപ്രകാരം ബ്രൂവറി തുടങ്ങാനാവില്ലെന്നായിരുന്നു എക്‌സൈസ് വകുപ്പ് അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ ഇതേ കമ്പനിയുടെ ചെയര്‍മാന്‍ വീണ്ടും 2018-ല്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് അപേക്ഷ നല്‍കി. അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി, ബ്രൂവറിക്കുള്ള അനുമതി നല്‍കാന്‍ എക്‌സൈസ് മന്ത്രിയോട് നിര്‍ദ്ദേശിച്ചെങ്കിലും നയം സംബന്ധിച്ചുള്ള ആശയക്കുഴപ്പം എക്‌സൈസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ആയതിനാല്‍ നിരസിക്കാനാവില്ലെന്ന് എക്‌സൈസ് മന്ത്രി ശാഠ്യം പിടിച്ചതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് എഴുതുകയായിരുന്നു. പുതിയ ബ്രൂവറി അനുവദിക്കുന്നതിന് അബ്കാരി നയം തടസമല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തു. ഇങ്ങനെയാണ് രണ്ടുവര്‍ഷം മുമ്പ് അബ്കാരി നിയമം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച കമ്പനിക്ക് വീണ്ടും അനുമതി ലഭിച്ചത്. അതേസമയം, ഈ രണ്ടുവര്‍ഷത്തിനിടെ അബ്കാരി നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് എക്‌സൈസ് വകുപ്പ് തന്നെ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

നിയമനടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതെന്നും വിവാദമൊഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞു. ഒരു സി.പി.എം ഉന്നത നേതാവിന്റെ മകനും മദ്യമാഫിയ ഇടനിലക്കാരും ചേര്‍ന്നാണ് ബ്രൂവറി അനുമതിക്ക് വേണ്ടി കോടികള്‍ വാരിയെറിഞ്ഞതെന്നാണ് വിവരം. അനുമതി ലഭിച്ച നാല് സ്ഥാപനങ്ങളില്‍ രണ്ടെണ്ണവും തട്ടിക്കൂട്ട് കമ്പനികളാണെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. അവയ്ക്കാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉദ്യോഗസ്ഥരെ മറികടന്ന് അനുമതി നല്‍കിയത്. അനുമതി ലഭിച്ച പവര്‍ ഇന്‍ഫ്രാടെകിന്റെ മേല്‍വിലാസം പോലും വ്യാജമാണ്. ബിയര്‍ നിര്‍മാണത്തിന് അവര്‍ക്ക് മുന്‍പരിചയവുമില്ല. ശ്രീ ചക്രക്ക് സ്വന്തമായി ഒരു ഓഫീസ് പോലുമില്ല. കോടികള്‍ മുടക്കിയാലേ ഡിസ്റ്റലറി ആരംഭിക്കാന്‍ കഴിയുകയുള്ളു. ഇത്രയും വലിയൊരു സംരംഭം സംസ്ഥാനത്ത് തുടങ്ങുന്ന ഒരു കമ്പനിക്ക് ഓഫീസോ മൂലധനമോ ഇല്ലെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നത് സംശയമുണര്‍ത്തുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയും അപ്പോളോ കമ്പനി ചെയര്‍മാനും തമ്മിലുള്ള ബന്ധവും ചര്‍ച്ചയായിട്ടുണ്ട്. കണ്ണൂരിലെ വാരത്തെ ശ്രീധരന്‍ ബ്രൂവറീസിന് മുന്‍ഗണന തെറ്റിച്ച് അനുമതി ലഭിച്ചതും ദുരൂഹമാണ്. ഏറ്റവും ഒടുവില്‍ അപേക്ഷിച്ചത് ശ്രീധരന്‍ ബ്രൂവറീസ് ആണ്. ആദ്യം തന്നെ അവര്‍ക്ക് അനുമതി കിട്ടി. ഇതിന് പിന്നിലും കോടികളുടെ ഇടപാടാണ് നടന്നത്.