Don't Miss
Home / NEWS / international / കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ വന്‍ നാശം: മരണ സംഖ്യ 25

കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ വന്‍ നാശം: മരണ സംഖ്യ 25

പാരഡൈസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയായില്‍ ആളിപ്പടരുന്ന കാട്ടുതീ സര്‍വനാശം തുടരുന്നു. മരണ സംഖ്യ അതിവേഗം കൂടുന്നതായാണ് റിപ്പോര്‍ട്ട്.
ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 25 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മരണ സംഖ്യ കൂടിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

കാട്ടുതീ കാലിഫോര്‍ണിയക്കാര്‍ക്ക് പുതിയ കാര്യമല്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. വടക്ക് തെക്ക് ഭാഗങ്ങളിലായി അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന മൂന്നു കാട്ടുതീ കാലിഫോര്‍ണിയയില്‍ വലിയ നാശമാണ് വിതയ്ക്കുന്നത്. കുറഞ്ഞത് രണ്ടര ലക്ഷം പേര്‍ വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു.

കാട്ടുതീ ചാമ്പലാക്കിയ പാരഡൈസ് പട്ടണത്തില്‍ മാത്രം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 35 പേരെ കാണാതായിട്ടുണ്ട്. വടക്കന്‍ മേഖലയില്‍ ക്യാമ്പ് ഫയറും, തെക്ക് വൂസ്ലി ഫയറും ഹില്‍ ഫയറുമാണ് വഴിയില്‍ കാണുന്നതെല്ലാം ചാമ്പലാക്കി മുന്നേറുന്നത്. നിരവധി ഹോളിവുഡ് താരങ്ങളുടെ താമസ കേന്ദ്രമായ മാലിബുവിലെ ബീച്ച് റിസോര്‍ട്ടും കാട്ടുതീയുടെ കെടുതിക്ക് ഇരയായി. പല പ്രമുഖരും വീട് വിട്ട് പലായനം ചെയ്തു കഴിഞ്ഞു.

ശക്തമായ കാറ്റ് കാട്ടുതീ അതിവേഗം പടരുന്നതിന് കാരണമായി. നാശത്തിന്റെ തീവ്രത അതിരൂക്ഷമാണെന്ന് കാലിഫോര്‍മിയ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അപകടാവസ്ഥ അടുത്തയാഴ്ചയും തുടര്‍ന്നേക്കുമെന്നാമ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നത്. ബുധനാഴ്ച 12 പേരെ തോക്കുധാരി കൊലപ്പെടുത്തിയ തൗസണ്ട് ഓക്‌സ് പട്ടണവും കാട്ടുതീയുടെ കെടുതിയില്‍ അകപ്പെട്ടു. പട്ടണവാസികളോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.