നാളെ ഈസ്റ്റര്‍ ആണല്ലോ. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. ഏതു പീഡാനുഭവത്തിനുമപ്പുറത്ത് അതിജീവനത്തിന്റേതായ ഒരു പ്രഭാതം ഉണ്ട് എന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്. ലോകം കോവിഡ്-19 എന്ന പീഡാനുഭവത്തിലൂടെ കടന്നുപോകുകയാണ്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കുന്നതിന് വേണ്ട കരുത്തുകൂടിയാണ് ഈസ്റ്റര്‍ നമുക്ക് പകര്‍ന്നുതരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവര്ക്കും ഈസ്റ്റര്‍ ആശംസകള്‍.
ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയാണ് അവിടെ നടന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. കേന്ദ്രം നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കും.
ഇനിയുള്ള മൂന്ന്, നാല് ആഴ്ചകള്‍ കോവിഡ് വ്യാപന പ്രതിരോധത്തിന് നിര്‍ണായകമാണ് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ പറയുന്നതിനുമുമ്പ് ഇന്നത്തെ സംസ്ഥാനത്തിന്റെ കണക്കുകള്‍ നോക്കാം.
ഇന്ന് 10 പേര്‍ക്ക് കോവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ ഏഴുപേര്‍, കാസര്‍കോട് രണ്ടുപേര്‍, കോഴിക്കോട് ഒന്ന്. മൂന്നുപേര്‍ വിദേശത്തുനിന്നു വന്നവരും ഏഴുപേര്‍ സമ്പര്‍ക്കംമൂലം രോഗം ബാധിച്ചവരുമാണ്. ഇന്ന് 19 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് ഒമ്പതുപേര്‍, പാലക്കാട് നാല്, തിരുവനന്തപുരം മൂന്ന്, ഇടുക്കി രണ്ട്, തൃശൂര്‍ ഒന്ന് ഇങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവായവരുടെ കണക്ക്. ഇതില്‍ ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 228 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 1,23,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,22,676 പേര് വീടുകളിലും 814 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14,163 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 12,818 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഒരു സന്തോഷവാര്‍ത്ത ഇന്ന് പങ്കുവെയ്ക്കാനുണ്ട്. കോവിഡ് രോഗമുക്തരായ ദമ്പതികള്‍ക്ക് കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ (പരിയാരം) കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് സ്വദേശിയായ യുവതി രോഗവിമുക്തയായത്. ഇന്ന് ഉച്ചയോടെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അവര്‍ക്കും അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.
പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് – കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍, ആവശ്യങ്ങള്‍
കോവിഡ്-19 ഭീഷണി തുടരുകയാണ്; ലോക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ല എന്ന കേരളത്തിന്റെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലെയും സ്ഥിതിഗതി സസൂക്ഷമം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ പാടുള്ളൂ.
ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും ഇടയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകും.
രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്സ്പോട്ടായി ആയി കണക്കാക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണം.
ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം.
സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ട്. അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തേണ്ടതാണ്. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണം. വരുമാനമൊന്നും ഇല്ലാത കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സഹായം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം.
പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. മഹാമാരി കാരണം വിവിധ രാജ്യങ്ങളില്‍ പ്രയാസമനുഭവിക്കുന്ന അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്കാന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്‍ക്കാരുകളെയും കമ്യൂണിറ്റി അഡ്വൈസറി കമ്മിറ്റികളെയും എംബസി ഏകോപിപ്പിക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെ പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന് ഇറക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതുമൂലമുള്ള പരിഭ്രാന്തി ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്.
ഹ്രസ്വകാല പരിപാടികള്‍ക്ക് പോയവരും വിസിറ്റിങ് വിസയില്‍ പോയവരും ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം.
അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുടെ കാര്യം പ്രത്യേകം കണക്കിലെടുക്കണം. മൂന്നുമാസത്തേക്കെങ്കിലും അവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണം. ഇവരുടെ കൈകളില്‍ പണമെത്തുമ്പോള്‍ അത് സമ്പദ്ഘടനയിലേക്ക് പ്രവഹിക്കും.
ഇഎസ്ഐ/പ്രോവിഡന്റ് ഫണ്ട് സര്‍ക്കാര്‍ വിഹിതത്തിനുള്ള വരുമാന പരിധി 15,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തണം.
പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലാകെ സാര്‍വത്രികമാക്കണം. ഇപ്പോള്‍ അവശ്യം വേണ്ടതിലധികം ഭക്ഷ്യധാന്യം ബഫര്‍ സ്റ്റോക്കായുണ്ട്.
അടുത്ത മൂന്നുമാസത്തേക്ക് കേരളത്തിന് 6.45 ലക്ഷം ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇത്രയും ധാന്യം ലഭ്യമാക്കണം.
ഉല്പാദന കേന്ദ്രങ്ങളില്‍നിന്ന് ധാന്യങ്ങളും പഴവര്‍ഗങ്ങളും വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വെ കൂടുതല്‍ ചരക്ക് വണ്ടികള്‍ ഓടിക്കണം. ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ ഭക്ഷ്യവസ്തുക്കള്‍ കിട്ടാനും ഉല്പാദകര്ക്ക് വിപണി കിട്ടാനും ഇത് ആവശ്യമാണ്. ഇതിനുപുറമെ നേരത്തേ കത്തുകളിലൂടെ ഉന്നയിച്ച വായ്പാ പരിധി ഉയര്‍ത്തുന്നതും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹെല്‍പ്പ് ഡെസ്ക്ക്
യു.എ.ഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ട്. ഈ രോഗകാലത്തും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഭരണാധികാരികളെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.
പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായ എല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലും യുകെ, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, മൊസാമ്പിക്ക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ്പ് ഡെസ്ക്ക് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
യുഎഇയില്‍ അസുഖമുള്ളവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ആവശ്യക്കാരായ മലയാളികള്‍ക്ക് ആഹാരം നല്‍കുന്നത് ഇന്നും തുടര്‍ന്നു. ഇത് എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണ് നടത്തുന്നത്. കെഎംസിസി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഓര്മ, മാസ്, ശക്തി തുടങ്ങിയ നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അവരെയൊക്കെ സംസ്ഥാനത്തിനു വേണ്ടി അഭിനന്ദിക്കുന്നു. അവരുടെ സഹായത്തോടെ യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റയിന്‍ സൗകര്യം ഒരുക്കുന്നുണ്ട്.
യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ കോവിഡ് പോസിറ്റീവായ എല്ലാവരെയും ക്വാറന്റൈനില്‍ സംരക്ഷിക്കുന്നതിനും എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നതിനും സംവിധാനമായിട്ടുണ്ട് എന്നാണ് അറിയുന്നത്. ഭക്ഷണം ലഭ്യമാക്കാനുള്ള സന്നദ്ധത പലരും ഹെല്‍പ്പ് ഡെസ്ക്കുകളില് അറിയിക്കുന്നുണ്ട്.
ഹെല്‍പ്പ് ഡെസ്കില്‍ പേരും നമ്പരും ചേര്ത്തിട്ടുള്ളവരോടൊപ്പം നിരവധി പേരാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ഓരോ പ്രദേശത്തുമുള്ള ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തകര്‍ വാട്സ് ആപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കുകയും ആവശ്യങ്ങള്‍ പരസ്പരം അറിയിച്ച് പരിഹാരം തേടുകയും ചെയ്യുന്നു.
അതിരാവിലെ മുതല്‍ പാതിരാത്രി വരെ ഫോണ്‍ കോള്‍ വരുന്നതിനാല്‍ ചിലര്‍ക്ക് ലൈന്‍ കിട്ടാതെ വരുന്നതായുള്ള പരാതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം. വിദേശ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിരവധി പരിമിതികളുണ്ട്.
രാജ്യത്തിനകത്ത് മുംബൈ, ഹൈദരാബാദ്, തെലുങ്കാന, ചെന്നൈ, ഡെല്‍ഹി എന്നിവിടങ്ങളിലും ഹെല്‍പ്പ് ഡെസ്ക് സംവിധാനം പ്രവര്‍ത്തിക്കുന്നു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവര്‍ പ്രവാസികള്‍ക്കായി ആശ്വാസ സഹായങ്ങള്‍ നല്‍കും. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷനു പുറമെ ഒറ്റതവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കും. ഏകദേശം 15,000 പേര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. ക്ഷേമനിധിയില്‍ അംഗങ്ങളായ, കൊവിഡ് പോസിറ്റീവായ എല്ലാവര്ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് സഹായങ്ങള്‍ നല്‍കുക.
2020 ജനുവരി ഒന്നിനു ശേഷം വാലിഡ് പാസ്പോര്‍ട്ട്, ജോബ് വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക്ഡൗണ്‍ കാരണം തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും (മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ) 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 ഉള്‍പ്പെടുത്തി, കൊവിഡ് പോസിറ്റീവായതും എന്നാല്‍, ക്ഷേമനിധി സഹായം ലഭ്യമാകാത്തവരുമായ പ്രവാസികള്‍ക്ക് 10,000 രൂപ സഹായം നല്‍കും.
പ്രവാസികള്‍ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങള്‍ നമ്മുടെ എല്ലാവരുടെ മനസ്സിലും വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ളവരാണ് നാം. ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലും നടത്തുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള വഴി. പ്രവാസലോകത്തുനിന്ന് വരുന്ന ഓരോ പ്രശ്നങ്ങളും കേന്ദ്ര ഗവണ്മെന്റിന്റെയും എംബസിയുടെയും പ്രവാസലോകത്തു തന്നെ ഇടപെടുന്ന മലയാളി സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
ചികിത്സ, ഭക്ഷണം, സുരക്ഷിതമായ താമസസ്ഥലം ഇവ ഉറപ്പുവരുത്താനാണ് പ്രാഥമികമായി ശ്രമിക്കുന്നത്. ഓരോരുത്തരും പൂര്‍ണ മനസ്സോടെ പങ്കാളികളാകേണ്ട ഒരു യത്നമാണ് ഇത്. ഇവിടെ മറ്റെല്ലാ ഭിന്നതകളും മാറ്റിവെയ്ക്കേണ്ടതുണ്ട്. പ്രവാസലോകത്തുനിന്നുള്ള ഏതു വിഷയങ്ങളും കേള്‍ക്കാനും സാധ്യമായ ഇടപെടലുകള്‍ നടത്താനും നോര്‍ക്കയും സര്‍ക്കാരും സദാ ജാഗരൂകരായി നില്‍ക്കുന്നുണ്ട് എന്ന കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ്. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളോട് പറയാനുള്ളത്.
സംസ്ഥാനത്ത് 18,828 ക്യാമ്പുകളാണ് അതിഥിത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. 3.32 ലക്ഷം ആളുകളാണ് ഇവിടെയുള്ളത്.
അവശ്യസാധനങ്ങളുടെ സംസ്ഥാനത്തേക്കുള്ള വരവില്‍ ഗണ്യമായ പുരോഗതിയുണ്ട്. വെള്ളിയാഴ്ച 2,291 വാഹനങ്ങള്‍ വന്നു. എല്‍പിജി സിലിണ്ടറിന്റെ വരവ് വര്‍ധിപ്പിക്കാന്‍ ഇടപെടണമെന്ന് കണ്ടിട്ടുണ്ട്.
അവശ്യ ഘട്ടം വന്നാല്‍ ഉപയോഗിക്കാന്‍ പര്യാപ്തമായ മുറികളും കെട്ടിടങ്ങളും കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പ് തുടരുകയാണ്. 2.5 ലക്ഷം മുറികള്‍ കണ്ടെത്തി. ഇതില്‍ 1.24 ലക്ഷം തത്സമയം ഉപയോഗിക്കാന്‍ പറ്റുന്നവയാണ്.
ഒരു ടണല്‍ ഉണ്ടാക്കി അതിലൂടെ കടന്നുപോയാല്‍ സാനിടൈസ് ചെയ്യുക എന്ന പരീക്ഷണം ചില സ്ഥലങ്ങളില്‍ തുടങ്ങിയത് കണ്ടു. അത് അശാസ്ത്രീയമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതില്ല എന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് ചില തരം പനികള്‍ അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത് ശ്രദ്ധിക്കാതെ പോകരുത്. സംവിധാനമാകെ കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറ്റു രോഗങ്ങളുള്ളവര്‍ക്ക് ചികിത്സ ലഭിക്കാതാകരുത്. കോവിഡിനെതിരെയുളള ജാഗ്രതയില്‍ ഒരു കുറവും വരുത്തരുത്. അതുപോലെ തന്നെ മറ്റു രോഗങ്ങള്‍ ബാധിക്കുന്നവരും തല്ക്കാലം ഇത് മാറ്റിവെച്ചുകളയാം എന്നു ചിന്തിക്കേണ്ടതില്ല. ചികിത്സിച്ചു മാറ്റേണ്ടതാണ്.
ലോക്ക്ഡൗണ്‍ ലംഘിച്ച് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ആളുകള്‍ സഞ്ചരിക്കുന്നു എന്ന വിവരങ്ങള്‍ വരുന്നുണ്ട്. ആംബുലന്‍സില്‍ അനധികൃതമായി യാത്ര ചെയ്തവരെ ഇന്നലെ കോഴിക്കോട്ട് പിടികൂടി. ആംബുലന്‍സ് പിടിച്ചെടുത്തു. സംസ്ഥാന അതിര്‍ത്തി കടന്ന് ആളുകള്‍ റെയില്‍ വഴി നടന്നും റെയില്‍പാളത്തിലൂടെ ബൈക്കോടിച്ചും കേരളത്തിലേക്ക് വരുന്നു എന്നും വിവരമുണ്ട്. ഇത്തരത്തിലുള്ള തെറ്റായ രീതികള്‍ അംഗീകരിക്കാനാകില്ല. ഇത് കണ്ടെത്തി തടയാന്‍ പൊലീസിന് നിര്‍ദേശം നല്കി.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അര്‍ബുദ രോഗികള്‍ക്കുള്ള റേഡിയേഷന് ചികിത്സ ചില ഉപകരണങ്ങള്‍ക്കുള്ള തകരാറുകള്‍ കാരണം നിലച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേഗംതന്നെ പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശം നല്കി.
മൂന്നാറിലെ കൊട്ടാക്കമ്പൂരില്‍ പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി എന്ന വാര്‍ത്ത ഗൗരവമുള്ളതാണ്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.
ട്രെയിന്‍ ടിക്കറ്റ് വേണ്ടവര്‍ ബന്ധപ്പെടണമെന്ന തരത്തില്‍ അനൗണ്‍സ്മെന്റ് കേട്ടതിനെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ വീടിനു പുറത്തിറങ്ങുന്ന അവസ്ഥയുണ്ടായി. ഇത്തരം അനൗണ്‍സ്മെന്റുകള്‍ ഭാഷ അറിയാവുന്നവരുമായി കൂടിയാലോചിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം നടത്താനുള്ള നിര്‍ദേശം നല്കി.
ലോക്ക്ഡൗണ്‍ കാലത്ത് പൂട്ടിയ അലങ്കാരമത്സ്യക്കടകളില് പലതിലെയും മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതായി പരാതി വന്നു. കോഴിക്കുഞ്ഞുങ്ങളുടെ വിതരണം തടസ്സപ്പെട്ടു എന്നും വാര്‍ത്ത. ഇക്കാര്യത്തില്‍ നടപടിയെടുക്കും.
അണ് എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി, ശമ്പളം നല്‍കുന്നില്ല എന്നിങ്ങനെ പരാതികള്‍ വരുന്നുണ്ട്. അതീവ ഗൗരവമുള്ള കാര്യമാണിത്. ബന്ധപ്പെട്ട മാനേജ്മെന്റുകള്‍ ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ എടുക്കേണ്ടതാണ്. സ്കൂളുകളിലേക്കുള്ള ഫീസ് വാങ്ങല്‍ പ്രശ്നം നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. കോവിഡ് കാലം കഴിഞ്ഞതിനു ശേഷം അത്തരം കാര്യങ്ങള്‍ ആലോചിക്കാവുന്നതാണെന്ന് പലവട്ടം പറഞ്ഞതാണ്. ഒന്നുകൂടി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ ഫീസ് വാങ്ങേണ്ടതില്ല. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്ന നിലപാട് മാനേജ്മെന്റ് സ്വീകരിക്കണം.
ആള്‍ത്താമസം ഇല്ലാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും കണക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കണം എന്നു തീരുമാനിച്ചു. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാനാകുമോ എന്ന് വ്യക്തതയുണ്ടാക്കാന്‍ കൂടിയാണിത്.
തീരുമാനങ്ങള്‍
- ലോക്ക്ഡൗണ്‍ കാലയളവില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍നിന്ന് വീടുകളിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ സര്‍ക്കാര്‍-എയ്ഡഡ്-സര്‍ക്കാര്‍ നിയന്ത്രിത-സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍-എയ്ഡഡ് പോളിടെക്നിക്കുകള് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കി.
- തേനീച്ച കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ പോകാനും തേന്‍ ശേഖരിച്ച് വിപണിയിലെത്തിക്കാനും നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്കി.
- വിദേശ രാജ്യങ്ങളില്‍ കഴിയന്ന പലര്‍ക്കും നമ്മുടെ രാജ്യത്തെ മരുന്ന് ആവശ്യമുള്ളവരുണ്ട്. നേരത്തേ അത് വിമാനം വഴി എത്തിച്ചിരുന്നു. ഇപ്പോള്‍ കാര്‍ഗോ വഴി എത്തിക്കും.
- ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി ചാറ്റേര്‍ഡ് അക്കൗണ്ടന്റുമാരുടെയും ടാക്സ് പ്രാക്ടീഷണര്‍മാരുടെയും ഓഫീസ് ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുവാദം നല്‍കും.
- പ്രിന്റിങ് പ്രസുകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരുദിവസം പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും.
- കുട്ടികള്‍ക്കുള്ള വാക്സിനേഷന് സംബന്ധിച്ച് നിലവിലുള്ള തടസ്സം മാറ്റും. അത് നീട്ടിവെക്കാമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യമേഖല പരിശോധിക്കും.
- വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന ഹോം നഴ്സുമാര്‍ക്ക് ആവശ്യമായ സുരക്ഷാ പരിശോധനകള്‍ നടത്താന്‍ ശ്രദ്ധിക്കണം.
- കേരളത്തിലേക്കു വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- ഈസ്റ്റര്‍ കഴിഞ്ഞയുടനെ വിഷുവാണ്. ഇന്നും ഇന്നലെയുമായി പല സ്ഥലങ്ങളിലും വലിയ തിരക്ക് കണ്ടു. ഇത് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ആകരുത്. ആഘോഷങ്ങള്‍ ഈ ഘട്ടത്തില്‍ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാവണം അത്.
- നാളെ ചില കടകള്‍ തുറക്കുന്നുണ്ട്. അത് ആവശ്യവുമാണ്. എന്നാല്‍, കട തുറക്കുന്നു എന്നതുകൊണ്ട് എല്ലാവരും റോഡിലിറങ്ങി അതൊരു ആഘോഷമാക്കി മാറ്റാന്‍ പാടില്ല. അത്യാവശ്യം സാധനങ്ങള്‍ വേണ്ടവര്‍ മാത്രമാണ് കടകളിലേക്ക് പോകേണ്ടത്. പരിശോധന കര്‍ക്കശമാക്കാനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പരിശോധനയുടെ ഭാഗമായി പിടിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അത് എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്.
- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മുടങ്ങികിടന്ന സഹായം നല്‍കും.
- സുരക്ഷാക്രമീകരണങ്ങളോടെ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്ന കാര്യം പരിശോധിക്കും.
- പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര് എന്നിവര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ലഭ്യമാക്കാന്‍ കടകള്‍ തുറക്കുന്ന കാര്യവും പരിശോധിക്കും.
- കൗണ്‍സിലിംഗ്, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ചെയ്യുന്നവര്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചു അത്തരം കാര്യങ്ങള്‍ ചെയ്യാവുന്നത് പരിശോധിക്കും. അത്തരം കാര്യങ്ങളില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാവുന്ന കാര്യങ്ങളും ആലോചിക്കാവുന്നതാണ്.
- ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പള കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തും.
സഹായം
ഹൈബി ഈഡന് എംപി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധി
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി രണ്ടുകോടി.
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് 51 ലക്ഷം.
പി.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് 50 ലക്ഷം.
പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് 50 ലക്ഷം.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് 1 ലക്ഷം.
തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി 1 ലക്ഷം.
കല്യാണ്‍ സില്‍ക്ക്സിലെ തൊഴിലാളികളും ജീവനക്കാരും തങ്ങളുടെ വേതനത്തില്‍ നിന്ന് 17,25,000 രൂപ നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലും ഇത്തരം മുന്‍കൈ ഉണ്ടാകുന്നത് മികച്ച മാതൃകയാണ്.
സ്പ്രിങ്ക്ളര്‍ കമ്പനി
സ്പ്രിങ്ക്ളര്‍ കമ്പനി ഒരു പിആര്‍ കമ്പനിയല്ല. നമ്മള് ആ കമ്പനിയുടെ സോഫ്റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നില്ല.
നാട് വലിയൊരു പ്രതിസന്ധി നേരിടുന്നു. അതിനെ മുറിച്ചുകടക്കാനും വരാനിരിക്കുന്ന ഭീഷണികള്‍ നേരിടാനും എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്. അക്കാര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായം കൂടിയാണ് ഇപ്പോള്‍ സ്പ്രിങ്ക്ളര്‍ എന്ന കമ്പനി ഇപ്പോള്‍ ചെയ്യുന്നത്. മലയാളിയാണ് അതിന്റെ സ്ഥാപകന്‍. തന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തുന്ന കോവിഡ് നിയന്ത്രണ പരിപാടികള്‍ എത്രമാത്രം ഫലപ്രദമാണ് എന്ന് നേരിട്ടുള്ള ബോധ്യം കൂടിയാണ് അദ്ദേഹത്തെ ഈ സഹായം നല്കുന്നതിലേക്ക് നയിച്ചത്.
കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു സോഫ്റ്റ്വെയര് സേവനദാതാവു കൂടിയാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുക.
ഡാറ്റ ചോരുന്നു എന്നാണെല്ലോ പറഞ്ഞത്. ഇതേ സ്പ്രിങ്ക്ളര്‍ എന്ന കമ്പനിയുടെ സേവനം ലോക ആരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. ഇതൊന്നും ഇത്തരത്തില്‍ ഒരു വിഷയമായി എടുക്കേണ്ട കാര്യമായി തോന്നുന്നില്ല.
വി.ഡി സതീശനുള്ള മറുപടി
80 ലക്ഷം പേര്‍ക്ക് രോഗം വരാനിടയുണ്ട് എന്നൊക്കെയുള്ള തെറ്റായ വിവരം പരത്തി ജനങ്ങളെ ഭീതിപ്പെടുത്തുന്ന നില ഉത്തരവാദപ്പെട്ടവര്‍ സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഏതിനെയും നേരിടാനുള്ള ശേഷി സംസ്ഥാനത്തിനുണ്ടെന്ന് എല്ലാവര്ക്കും അറിയാം. അനാവശ്യമായ ഭീതി പരത്തുന്ന നില സ്വീകരിക്കാന്‍ പാടില്ല. ദുരന്ത നിവാരണ അതോറിറ്റി എല്ലാ കാര്യങ്ങളും പരിശോധിക്കാനും തീരുമാനമെടുക്കാനും ചുമതലപ്പെട്ട ഏജന്‍സിയാണ്. അവരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് അനീതിയാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.