Don't Miss
Home / NEWS / Keralam / സഹകരണ മേഖലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വയനാട്ടില്‍; സി.പി.എം നിയന്ത്രണത്തിലുള്ള സംഘത്തിന്റേതാണ് ഹോട്ടല്‍; 2020-ല്‍ പ്രവര്‍ത്തനം ആരംഭിക്കും.

സഹകരണ മേഖലയിലെ ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വയനാട്ടില്‍; സി.പി.എം നിയന്ത്രണത്തിലുള്ള സംഘത്തിന്റേതാണ് ഹോട്ടല്‍; 2020-ല്‍ പ്രവര്‍ത്തനം ആരംഭിക്കും.

സുല്‍ത്താന്‍ ബത്തേരി : തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ വയനാട്ടില്‍ പണിയാന്‍ ഒരുങ്ങുന്നു. എ.കെ.ജി തുടക്കം കുറിച്ച ഇന്ത്യന്‍ കോഫിഹൗസിന്റെ മാതൃകയല്ല ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മാണത്തിന് പിന്നിലുള്ളത്. തൊഴിലാളി വര്‍ഗ്ഗത്തെ ഉദ്ദേശിച്ചല്ല ഇത്തരമൊരു സംരംഭത്തിന് പാര്‍ട്ടിക്ക് നിയന്ത്രണമുള്ള സഹകരണ സംഘം മുന്നിട്ടിറങ്ങുന്നത്. കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സൊസൈറ്റി (ലാഡര്‍) എന്ന സഹകരണസ്ഥാപനത്തിന്റെ കീഴിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മ്മിക്കുന്നത്.
75 കോടി രൂപ മുടക്കു മുതലുള്ള ഈ പദ്ധതി വയനാട്ടിലെ ടൂറിസം മേഖലയില്‍ ഒരു പുതിയ കാല്‍വെയ്പാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് സഹകരണ മേഖലയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിക്കാനൊരുങ്ങുന്നത്. വയനാടിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഹോട്ടല്‍ തുടങ്ങുന്നതെന്ന് ലാഡര്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. നാലേക്കറിലായി 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍ സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. 400 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും 64 മുറികളുമാണ് തുടക്കത്തില്‍ നിര്‍മ്മിക്കുന്നത്. 2020 ജനുവരിയില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും.