Don't Miss
Home / Main Story / തോമസ് ചാണ്ടിയുടെ ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

തോമസ് ചാണ്ടിയുടെ ഭൂമിയിടപാട്: വിജിലന്‍സ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍

കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച വിജിലൻസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കും. അന്വേഷണം പൂർത്തിയാക്കാൻ നാലു മാസത്തെ സമയം അനുവദിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. നിലം നികത്തി റോഡ് പണിതു, എംപി ഫണ്ട് ദുരുപയോഗം ചെയ്തു എന്നിവയാണു കുറ്റങ്ങൾ.
എല്ലാ മാസവും അഞ്ചാം പ്രവൃത്തിദിവസം അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. കേസ് വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ഹർജിക്കാരനായ സുഭാഷ് എം. തീക്കാടന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. കോടതി മേൽനോട്ടം വഹിക്കുന്നതിനെ സർക്കാരിന്റെ അഭിഭാഷകനും എതിർത്തില്ല.
അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു വിജിലൻസ്, കോടതിയിൽ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. നേരത്തേ മൂന്നു മാസത്തെ സമയമാണു കോടതി അന്വേഷണത്തിനു നൽകിയിരുന്നത്. റോഡ് നിർമാണത്തിൽ പൊതു ഖജനാവിനു നഷ്ടമുണ്ടായെന്നും പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിനായി പുറമ്പോക്കു ഭൂമി കയ്യേറിയിട്ടുണ്ട് എന്നുമായിരുന്നു വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.