Don't Miss
Home / COVER STORY / കോവിഡ് സംഹാരം തുടരുന്നു; ദുഃഖ വെള്ളിയില്‍ ലോകം കടന്നത് ഒരു ലക്ഷം മരണസംഖ്യ
ന്യൂ യോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നു

കോവിഡ് സംഹാരം തുടരുന്നു; ദുഃഖ വെള്ളിയില്‍ ലോകം കടന്നത് ഒരു ലക്ഷം മരണസംഖ്യ

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ കുരിശുമരണത്തിന്‍റെ സ്മരണ പുതുക്കുന്നതിനിടയില്‍ കോവിഡ് വൈറസ് മരണമേകിയവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയാണ്. ഒരാഴ്ച മുന്‍പ് വരെയുള്ള മരണ സംഖ്യ 50,000 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. അത്ര വേഗത്തിലാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ആളുകള്‍ മരണമടഞ്ഞത്.

ഇന്നലെ മാത്രം 7234 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്, അമേരിക്കയില്‍ മാത്രം 1900. അമേരിക്കയില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 1800 കഴിഞ്ഞു. കഴിഞ്ഞദിവസവും രണ്ട് മലയാളികള്‍ അമേരിക്കയില്‍ മരിച്ചിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ കോവിഡ് ബാധിതരുടെ എണ്ണം 170,512 ആണ് അമേരിക്കയിലാകെ 488,903 പേരും.

അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ രോഗികളുള്ള രാജ്യം സ്പെയിന്‍ ആണ്, 157,053 രോഗികളുള്ള സ്പെയിനില്‍ 15970 പേര്‍ മരിച്ചു. ഇറ്റലിയില്‍ 18,849 പേരും ഫ്രാന്‍സില്‍ 13,197 പേരും മരിച്ചു. വൈറസ് ബാധ ആരംഭിച്ച ചൈനയില്‍ 3,336 പേരാണ് മരിച്ചത്, ഇന്ന് മരണപ്പെട്ടത് ഒരാള്‍ മാത്രം. ചൈന മാത്രമാണ് വൈറസ് ബാധയെ അതിജീവിച്ച് വീണ്ടും സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്ന രാജ്യം.

ഇന്ത്യയില്‍ 7,347 പേര്‍ക്കാണ് ഇതുവരെ രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മരണപ്പെട്ട 2 പേര്‍ ഉള്‍പ്പെടെ 229 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധമൂലം മരിച്ചത്.