Don't Miss
Home / COVER STORY / കേരളത്തിലിന്ന് 11 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

കേരളത്തിലിന്ന് 11 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഇന്ന് രോഗ മുക്തി നേടിയതായും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പതിവ് പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

437 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 127 പേര്‍ ഇപ്പോളും ചികിത്സയില്‍ തുടരുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്
കണ്ണൂര്‍-7 കോഴിക്കോട്- 2 മലപ്പുറം- 1 കോട്ടയം- 1

ഇന്ന് രോഗ ബാധ കണ്ടെത്തിയവരില്‍ 5 പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരും ആണ്. മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, ഇവര്‍ കേരളത്തിന് പുറത്തുനിന്നും ട്രെയിനില്‍ വന്നവരാണ്. കണ്ണൂരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ കോവിഡ് രോഗികളുടെ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറി. കണ്ണൂരിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് ഫലം കണ്ടുവെന്നും പൊലീസ് പരിശോധന ശക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. വീടുകളിൽ നിന്നും ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും ഹോം ഡെലിവറി സംവിധാനം ജില്ല മുഴുവന്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.