Don't Miss
Home / HEALTH / ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും രണ്ടുതട്ടില്‍: പത്തനംതിട്ടയില്‍ ഡെംഗിപ്പനി പടരുന്നു; പ്ലാന്റേഷനുകളാണ് കാരണമെന്ന് ആരോഗ്യവകുപ്പ്; മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളി

ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും രണ്ടുതട്ടില്‍: പത്തനംതിട്ടയില്‍ ഡെംഗിപ്പനി പടരുന്നു; പ്ലാന്റേഷനുകളാണ് കാരണമെന്ന് ആരോഗ്യവകുപ്പ്; മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാളി

തിരുവനന്തപുരം: ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും രണ്ടുതട്ടില്‍. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ഡെംഗിപ്പനി പടരുന്നു. ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അനാസ്ഥയാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ജില്ലയില്‍ നടപ്പാക്കേണ്ട മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് പനി പടരാന്‍ കാരണമെന്നും ആരോപണമുണ്ട്.
വനമേഖലകളിലും പ്ലാന്റേഷനുകളിലുമാണ് ഇപ്പോള്‍ പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാന്റേഷനുകളില്‍ പലതും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ റബര്‍ മരങ്ങളില്‍ കറ ശേഖരിക്കാനായി സ്ഥാപിച്ചിട്ടുള്ള ചിരട്ടകളില്‍ വെള്ളം കെട്ടിനിന്ന് കൂത്താടികള്‍ പെരുകിയ അവസ്ഥയാണ്. ഡിഎംഒയും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഇതാണ് ഡെംഗിപ്പനിക്ക് കാരണമായതെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനു പരിഹാരം കാണാന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ കൃത്യമായും പണിയെടുക്കാത്തതാണ് ഇതിനു കാരണമെന്നാണ് അവരുടെ ആരോപണം. കുറച്ചു നാളായി ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇതാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കാരണം. നാട്ടുകാര്‍ക്ക് ആവശ്യമായ ബോധവത്കരണ പരിപാടികള്‍ നടത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ്. അത് കൃത്യമായി ചെയ്യാത്തതും വിനയായെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചു. പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിയെങ്കിലും അവരുടേതായ തിരക്കു കാരണം അത് മറന്നുപോയതാകാമെന്നും ഡിഎംഒ പറയുന്നു.
എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പണിയല്ല പനിനിയന്ത്രിക്കല്‍ എന്നാണ് പഞ്ചായത്ത് സെക്രട്ടറിമാരുടെ ആരോപണം. തങ്ങള്‍ തങ്ങളുടെ പണി കൃത്യമായി ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. അവര്‍ അത് കൃത്യമായി ചെയ്താല്‍ പനി നിയന്ത്രിക്കാമെന്നും പഞ്ചായത്തുകള്‍ ആരോപിക്കുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ സംഭവത്തില്‍ ഇടപെടുകയും ഈമാസം ഏഴിന് പഞ്ചായത്ത് സെക്രട്ടറിമാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും യോഗം വിളിച്ചിരിക്കുകയാണ്. അടിയന്തിരമായി പനിക്ക് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡെംഗിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശം നടത്തി. എന്നാല്‍ പ്ലാന്റേഷനുകളുടെ ഗേറ്റുവരെ മാത്രമേ ഇവര്‍ക്ക് ചെന്നെ്താനായുള്ള. പലതും അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റേഷന്‍ പ്രവര്‍ത്തനം ഇല്ലാത്തതാണ് വെള്ളം കെട്ടിനിന്ന് കൂത്താടി പെരുകാന്‍ കാരണം. പ്ലാന്റേഷന്‍ ഉടമസ്ഥരെ കണ്ടെത്താനുള്ള ഡിഎംഒയുടെ ശ്രമവും പാളി. പലതും മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ഉള്ളവരുടെ ഉമടസ്ഥതയിലാണ്. അതാണ് പ്രതിരോധ നടപടികള്‍ക്ക് തടസമെന്നും ഡിഎംഒ പറയുന്നു.