Don't Miss
Home / COVER STORY / പാലാരിവട്ടം പാലം: ഒന്നും പറയാനില്ലെന്ന് ഇ. ശ്രീധരന്‍; പൊളിച്ചുകളയേണ്ടി വരുമോ? ഇതിനെ ശരിയാക്കാന്‍ മെട്രോമാനും കഴിയില്ലെന്ന് വിദഗ്ധര്‍

പാലാരിവട്ടം പാലം: ഒന്നും പറയാനില്ലെന്ന് ഇ. ശ്രീധരന്‍; പൊളിച്ചുകളയേണ്ടി വരുമോ? ഇതിനെ ശരിയാക്കാന്‍ മെട്രോമാനും കഴിയില്ലെന്ന് വിദഗ്ധര്‍

കൊച്ചി: പാലാരിവട്ടം പാലം ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ പരിശോധന നടത്തി. എന്നാല്‍ പരിശോധനയെക്കുറിച്ച് ‘ഒന്നും പറയാനില്ല’ എന്നു പറഞ്ഞായിരുന്നു ഇ.ശ്രീധരന്റെ മടക്കം. രാവിലെ എട്ടുമണിക്ക് പാലത്തിന്റെ അടിയില്‍ നിന്ന് ആരംഭിച്ച പരിശോധന, സാംപിളുകള്‍ ശേഖരിച്ചും വിദഗ്ധരുമായി സംവദിച്ചും ഒന്നരമണിക്കൂറിലധികം നീണ്ടു.

പാലത്തിന്റെ പരിശോധനയ്ക്കായി ഇ. ശ്രീധരനൊപ്പം അദ്ദേഹത്തിന്റെ ഡിഎംആര്‍സിയിലെ മുന്‍ സഹപ്രവര്‍ത്തകനും കാണ്‍പൂര്‍ ഐഐടിയിലെ കോണ്‍ക്രീറ്റ് വിദഗ്ധനുമായ ഡോ. മഹേഷ് ടാണ്ടനും ചെന്നൈ ഐഐടിയിലെ അളഗു സുന്ദരമൂര്‍ത്തിയും പങ്കെടുത്തു. പാലത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത് ചെന്നൈ ഐഐടിയിലെ സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിഭാഗം പ്രഫസര്‍ പി. അളഗു സുന്ദരമൂര്‍ത്തിയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധന. അറ്റകുറ്റപ്പണികളിലൂടെ പാലം എത്രത്തോളം ശക്തിപ്പെടുത്താനാകുമെന്നു സംഘം പരിശോധിച്ചു. സാംപിളുകള്‍ പരിശോധിച്ച ശേഷമായിരിക്കും സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

പാലത്തില്‍ ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ ശാശ്വത പരിഹാരമാകില്ലെന്നും ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും ശ്രീധരന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. പാലം മാറ്റിപ്പണിയുന്നതാണ് ഉചിതമെന്നായിരുന്നു നേരത്തെ ഇ. ശ്രീധരന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇ. ശ്രീധരന്റെ സഹായം തേടിയത്.