Don't Miss
Home / SHE NEWS / എന്തിനും… ഏതിനും… കുടുംബശ്രീ, പ്ലംബിങ്ങ് മുതല്‍ ബേബി സിറ്റിംഗ് വരെ; 30 അംഗ ടീം റെഡി

എന്തിനും… ഏതിനും… കുടുംബശ്രീ, പ്ലംബിങ്ങ് മുതല്‍ ബേബി സിറ്റിംഗ് വരെ; 30 അംഗ ടീം റെഡി

തിരുവനന്തപുരം: വീട് വൃത്തിയാക്കല്‍, പ്‌ളംമ്പിംഗ് ജോലി, മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങി എന്താവശ്യമുണ്ടായാലും വിളിക്കാന്‍ ഒരു നമ്പരുണ്ട്. കുടുംബശ്രീയുടെ അര്‍ബന്‍ സര്‍വീസ് ടീമിന്റേതാണ് നമ്പര്‍. ഒറ്റ കോളില്‍ സര്‍വീസ് ലേഡികള്‍ വീടിനു മുന്നിലെത്തും. ന്യായമായ നിരക്കില്‍ കൃത്യതയാര്‍ന്ന സര്‍വീസ് ഉറപ്പ്. 7012389423 എന്ന നമ്പരിലാണ് വിളിക്കേണ്ടത്.
നഗരത്തില്‍ താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്നതാണ് കുടുംബശ്രീയുടെ അര്‍ബന്‍ സര്‍വീസ് ടീം. ഇന്നലെ നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഹൗസ് കീപ്പിംഗ്, മെയ്‌സണ്‍, പ്ലംമ്പിംഗ്, ഇലക്ട്രീഷ്യന്‍, ടെറസ് വര്‍ക്കര്‍, ഗാര്‍ഡനിംഗ്, എ.സി മെക്കാനിക്ക്, മൊബൈല്‍ സര്‍വീസിംഗ്, ബേബി സിറ്റിംഗ്, സി.സി ടിവി, ബ്യൂട്ടീഷ്യന്‍ തുടങ്ങി നഗരമേഖലയില്‍ താമസിക്കുന്നവരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മികച്ച സംവിധാനമാണ് അര്‍ബന്‍ സര്‍വീസ് ടീം. 30 പേരാണ് ടീമിലുള്ളത്. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും നല്‍കിയിട്ടുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ ഇതുപോലുള്ള ജോലികള്‍ക്ക് വിദഗ്ദ്ധരും വിശ്വസ്തരുമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് നിലവിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് കുടുംബശ്രീയുടെ പുതിയ സംരംഭം ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എന്‍.യു.എ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 ഓളംപേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ നിന്നു മുപ്പതുപേരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോഴത്തെ അര്‍ബന്‍ സര്‍വീസ് ടീം രൂപീകരിച്ചത്. ഓരോ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെ അംഗങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എ.എം) പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചിട്ടുള്ളത്. മുട്ടട എന്‍.യു.എമ്മിന്റെ കീഴിലുള്ള നഗര ഉപജീവന കേന്ദ്രത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.