Don't Miss
Home / COVER STORY / രാജ്യം കര്‍ഷക രോഷത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരുടെ മാര്‍ച്ച്

രാജ്യം കര്‍ഷക രോഷത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകരുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരുലക്ഷത്തിലധികം കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷിക വിളകള്‍ക്ക് മിനിമം വിലസ്ഥിരത ഉറപ്പാക്കുക, നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംഗമത്തിനു ശേഷം ഇന്ന് പാര്‍ലമെന്റിലേക്ക് ‘കിസാന്‍ മുക്തി മാര്‍ച്ച്’ നടത്തും.

208 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റിയുടെ (എഐകെഎസ്‌സിസി) നേതൃത്വത്തിലാണ് കര്‍ഷകപ്രക്ഷോഭം നടക്കുന്നത്. ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
കിസാന്‍ സഭ കഴിഞ്ഞ വര്‍ഷം താനെയില്‍ നിന്ന് മുംബൈയിലേക്ക് സംഘടിപ്പിച്ച വന്‍ കാര്‍ഷിക മാര്‍ച്ചിന് സമാനമായ ഒന്നാണ് ഇപ്പോള്‍ ഡല്‍ഹിയിലും നടക്കുന്നത്.

ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് അണി നിരക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ കിസാന്‍ മുക്തി മാര്‍ച്ച് എന്ന പേരില്‍ കഴിഞ്ഞ 18 മാസമായി നടക്കുന്ന കര്‍ഷക സമരത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രക്ഷോഭവും.കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുപതോളം രാഷ്ട്രീയപാര്‍ട്ടികളും നിരവധി സാമൂഹ്യ സംഘടനകളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനം ദര്‍ശിക്കുന്ന ഏറ്റവും വലിയ കര്‍ഷകമാര്‍ച്ചാണ് ഇപ്പോള്‍ നടക്കുന്നത്.
താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, 

കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 21 ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കര്‍ഷകര്‍ ഉന്നയിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗവും ചേരുന്നുണ്ട്.

മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ 2017 ജൂണ്‍ മാസത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതാണ് മഹാരാഷ്ട്രയിലും രാജസ്ഥാനിലുമടക്കം രാജ്യ വ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ കാരണമായത്. ‘ഈ അക്രമത്തോടെ കര്‍ഷകര്‍ ഒരു തീരുമാനമെടുത്തു, അനുകൂലമായൊരു തീരുമാനം ഉണ്ടാകുന്നതുവരെ പ്രക്ഷോഭങ്ങളില്‍ നിന്നും പി•ാറില്ല’, ഹോളിസ്റ്റിക് അഗ്രികള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ സ്ഥാപകയായ കവിതാ കുറുഗന്തി പറയുന്നു.

കാര്‍ഷിക കടക്കെണിയില്‍ നിന്നുള്ള മോചന നിയമം, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ന്യായമായ താങ്ങുവില അവകാശമാക്കല്‍ നിയമം എന്നീ നിയമങ്ങള്‍ പാസാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ എഐകെഎസ്‌സിസിയുടെ നേതൃത്വത്തില്‍ കര്‍ഷക പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴത്തെതിനു സമാനമായ രീതിയില്‍ കര്‍ഷകരുടെ വന്‍ പ്രാതിനിധ്യമാണ് അന്നുണ്ടായത്.