Don't Miss
Home / COVER STORY / കടലിന്റെ മക്കള്‍ കടലില്‍ രക്ഷകരാകും; സമുദ്രരക്ഷാപ്രവര്‍ത്തനത്തിന് 900 മത്സ്യത്തൊഴിലാളികള്‍

കടലിന്റെ മക്കള്‍ കടലില്‍ രക്ഷകരാകും; സമുദ്രരക്ഷാപ്രവര്‍ത്തനത്തിന് 900 മത്സ്യത്തൊഴിലാളികള്‍

കേരളം കണ്ട മഹാപ്രളയത്തെ അതിജീവിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍ വളരെ വലുതായിരുന്നു. ഒരുവേള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചുനിന്നപ്പോള്‍ സ്വന്തം നിലയില്‍ വള്ളങ്ങളും ബോട്ടുകളുമായി പ്രളയബാധിതര രക്ഷിക്കാന്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികളുടെ പ്രയത്‌നത്തെ നന്ദിയോടെ മാത്രമേ സര്‍ക്കാരും കേരളവും സ്മരിക്കുന്നുള്ളൂ. ഇപ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ സമുദ്ര രക്ഷാസേനയില്‍ (SRS) മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. 

ഓഖി, പ്രളയം എന്നീ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ തൊഴിലാളികൾക്കും ബോട്ടുകള്‍ക്കും മുൻഗണന നൽകിയാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ 20 ദിവസത്തെ പരിശീലനവും നൽകും.

പരിശീലന കാലയളവിൽ തൊഴിലാളികൾക്ക് 700രൂപ സ്റ്റൈപ്പന്‍റായി നല്‍കും.  300 മത്സ്യബന്ധന ബോട്ടുകളാണ് സ്ക്വാഡിന്റെ പ്രവർത്തനത്തിന് തെരഞ്ഞെടുക്കുക. ഇതിൽ 200എണ്ണം പരമ്പരാഗത ബോട്ടുകളും 100എണ്ണം യന്ത്രവൽകൃത ബോട്ടുകളുമായിരിക്കും. തുറമുഖങ്ങൾ സ്ഥിതിചെയ്യുന്നിടത്ത‌് യന്ത്രവൽകൃത ബോട്ടുകളാവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക.  കടലിൽ ദുരന്ത സാധ്യത ഉണ്ടായാൽ, മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന രക്ഷാപ്രവർത്തകരുടെ സേവനം തത്സമയം ലഭ്യമാക്കാമെന്നതിനാൽ തൊഴിലാളികളെ സുരക്ഷിത തീരത്ത് എത്തിക്കാൻ സാധിക്കും. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.15 കോടി രൂപ സമുദ്ര രക്ഷാസേനയുടെ രൂപീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സേനയുടെ രൂപീകരണം.
ആദ്യഘട്ടത്തില്‍ 60 ഗ്രൂപ്പുകളായിട്ടാകും പ്രവര്‍ത്തനം ആരംഭിക്കുക. 15 മത്സ്യത്തൊഴിലാളികളും അഞ്ച് ബോട്ടുകളും ഉള്‍പ്പെടുന്നതായിരിക്കും ഒരു സംഘം. സംഘാംഗങ്ങള്‍ക്ക് യൂണിഫോം, ടോര്‍ട്ട് ലൈറ്റ്, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റുകള്‍, ആധുനിക വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ നല്‍കും.