ന്യൂഡല്‍ഹി: തീവണ്ടി യാത്രികര്‍ക്ക് വൈകാതെ ഓടുന്ന തീവണ്ടിയിലിരുന്നും പരാതി അയക്കാം. ഇന്ത്യന്‍ റെയില്‍വേ പുതുതായി തയ്യാറാക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. റെയില്‍വെ സംബന്ധമായ എന്ത് പരാതികളും ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാമെന്നും റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ റെയില്‍വേ സംരക്ഷണ സേനയിലെ ഒരു ഉദ്യോഗസ്ഥന് ഉടന്‍ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഇത്തരത്തില്‍ വനിതകള്‍ക്ക് എതിരായ അക്രമങ്ങള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്ന മധ്യപ്രദേശിലെ പദ്ധതി രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരാതി പറയാനായി തീവണ്ടിയില്‍ നിന്ന് ഇറങ്ങി അടുത്ത സ്റ്റേഷനില്‍ കാത്തിരിക്കേണ്ട അവസ്ഥ യാത്രക്കാര്‍ക്ക് ഉണ്ടാകില്ല. ആപ്പ് വഴി പരാതി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ഉടന്‍ റെയില്‍വെ പോലീസ് പരാതിക്കാരനെ സഹായിക്കാനായി എത്തുമെന്ന് ആര്.പി.എഫ് ഡി.ജി അരുണ്‍കുമാര്‍ വ്യക്തമാക്കി.
സീറോ എഫ്.ഐ.ആറുകളായാണ് ഇത്തരം പരാതികള്‍ പരിഗണിക്കപ്പെടുക. അവയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. ഏത് പോലീസ് സ്റ്റേഷനുകളില്‍ നിന്നും തയ്യാറാക്കാവുന്ന പ്രാഥമിക എഫ്.ഐ.ആറുകളെയാണ് സീറോ എഫ്.ഐ.ആര് എന്ന് വിളിക്കുന്നത്. ഇത് പിന്നീട് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയാണ് പതിവ്.
നിലവില്‍ ഒരു യാത്രികന് പരാതിപ്പെടേണ്ടതായ ഒരു അനുഭവം ഉണ്ടായാല്‍ തീവണ്ടിയിലെ ടിക്കറ്റ് പരിശോധകന് നല്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഇത് പിന്നീട് അടുത്ത സ്റ്റേഷനിലെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇത് കാലതാമസം ഉണ്ടാക്കുകയും യാത്രക്കാരന് പ്രശ്നപരിഹാരം വൈകിക്കുകയും ചെയ്യാറുണ്ട്.
സ്ത്രീകള്‍ക്കായി ഒരു അപകട സൈറണും ആപ്പിലുണ്ട്. ഓഫ്ലൈന് ആയും യാത്രക്കാര്‍ക്ക് ഈ ആപ്പില്‍ പരാതി നല്‍കാം. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് യാത്ര ചെയ്യുന്നവര്‍ക്ക് തീവണ്ടികളില്‍ നിന്ന് പരാതി നല്കാന് പറ്റുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.