Don't Miss
Home / FOOD / ആഗോള മലയാളി കുടിയന്മാര്‍ക്കായുള്ള ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് ഗ്രൂപ്പ് ഒന്നാം വാര്‍ഷികം ആഘോഷമാക്കാന്‍ ഒരുങ്ങി ജിഎന്‍പിസി; കുറഞ്ഞ നാളുകള്‍ കൊണ്ട് അഞ്ച് ലക്ഷം അംഗങ്ങളായ ഗ്രൂപ്പിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം തിരുവനന്തപുരത്ത്

ആഗോള മലയാളി കുടിയന്മാര്‍ക്കായുള്ള ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് ഗ്രൂപ്പ് ഒന്നാം വാര്‍ഷികം ആഘോഷമാക്കാന്‍ ഒരുങ്ങി ജിഎന്‍പിസി; കുറഞ്ഞ നാളുകള്‍ കൊണ്ട് അഞ്ച് ലക്ഷം അംഗങ്ങളായ ഗ്രൂപ്പിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആഘോഷത്തിന്റെ പൂരക്കാഴ്ചയാണ് ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും എന്ന്! പൂര്‍ണ്ണരൂപം. എന്നാല്‍ വെറും മദ്യപാനാഘോഷം മാത്രമല്ല ജി എന്‍ പി സി. യാത്രകളും ഭക്ഷണവും പിന്നെ മദ്യവും. നല്ല യാത്രാവിശേഷങ്ങള്‍, വൈവിധ്യമേറിയ ഭക്ഷണക്കൂട്ടുകള്‍, രസമേറിയ മദ്യപാന നിമിഷങ്ങള്‍ ഒക്കെ ഈ ഗ്രൂപ്പില്‍ പങ്കുവെയ്ക്കാം. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ശ്രദ്ധനേടിയ ഗ്രൂപ്പിന് ഇതിനോടകം അഞ്ച് ലക്ഷം അംഗങ്ങള്‍ ആയിട്ടുണ്ട്. ഒപ്പം ഗ്രൂപ്പ് ആരംഭിച്ചിട്ട് ഒരുവര്‍ഷവും. ആദ്യ പിറന്നാള്‍ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ് അധികൃതര്‍.
മെയ് 26 ശനിയാഴ്ച നടക്കുന്ന ഡിജെ പാര്‍ട്ടിയിലാണ് ആഘോഷം നടക്കുന്നത്. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്പിഎസ് കിങ്‌സ് വേ ഹോട്ടലില്‍ രാത്രി ഏഴ് മണിയോടെ ആഘോഷത്തിന് തുടക്കം കുറിക്കും. 2017 മെയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച്‌ലക്ഷത്തോളം അംഗങ്ങളാണ് ഇപ്പോഴുള്ളത്. 26 നി നടക്കുന്ന ഡിജെ പാര്‍ട്ടിക്കായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ വലിയ പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയും ബിസിനസ്സുകാരനുമായ ടി .എല്‍.അജിത് കുമാറിന് തോന്നിയ ആശയമാണ് ഗ്രൂപ്പിന്റെ പിറവിക്ക് വഴിവെച്ചത്. സുരക്ഷിത മദ്യപാനം, യാത്രാനുഭവങ്ങള്‍, ഭക്ഷണവൈവിധ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രൂപ്പ് തുടങ്ങണം എന്നതായിരുന്നു അജിത്തിന്റെ ചിന്ത. അജിത്തിന് അന്ന് ഫെയ്‌സ് ബുക്കില്‍ ആയിരത്തി അഞ്ഞൂറോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവരില്‍ സമാന ചിന്താഗതിക്കാരായ ആളുകളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തുടങ്ങി.
ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ജിഎന്‍പിസി എന്ന് പേരുമിട്ടു. അത്ഭുതാവഹമായിരുന്നു പ്രതികരണം. സുഹൃത്തുക്കള്‍ ഗ്രൂപ്പ് അങ്ങ് ഏറ്റെടുത്തു. അവര്‍ പുതിയ അംഗങ്ങളെ ചേര്‍ത്തു. ഗ്രൂപ്പിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. കഴിഞ്ഞ മാസം ഏപ്രില്‍ ഒടുവിലത്തെ ആഴ്ച്ചയില്‍ അംഗങ്ങളുടെ എണ്ണം ഒരു ലക്ഷമായി. ആളുകളെ സസൂക്ഷ്മം നിരീക്ഷിച്ചാണ് അംഗങ്ങളാക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിനായ അജിത് ന്യൂസ് സ്‌കൂപ്പിനോട് പറഞ്ഞു.
വിദ്വേഷമോ, വെറുപ്പോ, സംസ്‌കാര ശൂന്യമായ കമന്റുകളോ ഒന്നും പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പല്ല ഇത്. അതുപോലെ അലക്ഷ്യമായ, നിയമവിരുദ്ധമായ, സുരക്ഷിതമല്ലാത്ത മദ്യപാനവും പ്രവര്‍ത്തികളും പ്രോത്സാഹിപ്പിക്കാറുമില്ല. ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് അത് പങ്ക് വെയ്ക്കാനും സല്ലപിക്കാനും ഒരു പൊതുവേദി. പരസ്പര ബഹുമാനത്തിലൂന്നിയായിരിക്കണം ഈ ആശയ വിനിമയമെന്നും ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരെ അപ്പോള്‍ത്തന്നെ കണ്ടെത്തി പുറത്താക്കും.
ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്‍പിസിയില്‍ അംഗങ്ങളാണ്. ഗ്രൂപ്പിലെ പോസ്റ്റുകളിലൂടെ കടന്നുപോകുമ്പോള്‍ അത് ബോധ്യമാകും. മദ്യപാനത്തിന്റെ നിമിഷങ്ങളാണ് കൂടുതല്‍ പോസ്റ്റുകളിലും. ഓരോ രാജ്യത്തും ലഭിക്കുന്ന വിവിധ ബ്രാന്റുകള്‍ ആസ്വദിച്ച് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ അംഗങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ കള്ളുഷാപ്പുകളും ന്യൂസിലണ്ടിലേയും ബ്രിട്ടനിലേയും ഒക്കെ വന്‍കിട മദ്യശാലകളും ഗള്‍ഫ് നാടുകളിലെ മലയാളി മുറികളും ആഘോഷ രാവുകളും എല്ലാം ഫോട്ടോയായി ജി എന്‍ പി സിയില്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം ടച്ചിംഗ്‌സും മറ്റ് രുചി വിഭവങ്ങളും ഫോട്ടോയില്‍ ഇടം പിടിക്കുന്നു. യാത്രകളിലെ ഭക്ഷണശാലകളും ബാറുകളും ഭക്ഷണ രുചികളും ജി എന്‍ പി സിയില്‍ മത്സരിച്ച് വിളമ്പുന്നു ചിലര്‍. ചുരുക്കത്തില്‍ വിശാലമായ ഒരു ബാറിനുള്ളില്‍, സുഹൃദ് സദസ്സില്‍, വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒക്കെ എത്തിപ്പെട്ട ഒരനുഭൂതി ആണ് ജിഎന്‍പിസി യില്‍ കയറിയാല്‍ അനുഭവപ്പെടുക.
ഗ്രൂപ്പ് ഒരു വര്‍ഷമായപ്പോള്‍ ചിലര്‍ ലോഗോയും തയ്യാറാക്കി. എന്നാല്‍ ലോഗോയുടെ ഡിസൈന്‍ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഒരു പൊതു ലോഗോ വേണ്ടെന്നുവെച്ചിരിക്കുകയാണ്. എന്നാലും ചിലര്‍ അവര്‍ക്കിഷ്ടമുള്ള ലോഗോ ഉപയോഗിക്കുന്നുണ്ട്. ആവേശത്തിളപ്പുള്ള ഒരു വിഭാഗം ലോഗോ വെച്ച ടീ ഷര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലാണത്രേ. മറ്റുചിലര്‍ ജി എന്‍ പി സി മെമ്പര്‍ എന്ന സ്റ്റിക്കര്‍ വാഹനങ്ങളില്‍ ഒട്ടിച്ച് തുടങ്ങി. അങ്ങനെ നന്മ നിറഞ്ഞ ആഗോള കുടിയന്മാരുടെ, ഭക്ഷണ പ്രേമികളുടെ , സഞ്ചാരികളുടെ പറുദീസയാകുന്നു ജി.എന്‍.പി.സി.