Don't Miss
Home / crime / അധ്യാപിക തലയ്ക്കടിയേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

അധ്യാപിക തലയ്ക്കടിയേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

ശാസ്താംകോട്ട (കൊല്ലം): അടൂര്‍ ചന്ദനപ്പള്ളി ഗവ.എല്‍പി സ്‌കൂള്‍ അധ്യാപികയായ രാജഗിരി അനിത ഭവനത്തില്‍ അനിത സ്റ്റീഫന്‍(39) തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് ആഷ്‌ലി സോളമനെ (45) പോലീസ് അറസ്റ്റ് ചെയ്തു.കടപുഴയ്ക്ക് സമീപത്തു നിന്നുമാണ് ഇയ്യാള്‍ പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആഷ്‌ലി പത്തനംതിട്ട വഴി കോട്ടയത്തേക്കും പിന്നീട് കാസര്‍കോട്ടേക്കും പോകുകയായിരുന്നു.ഇയാളുടെ ഫോണ്‍ കൊല്ലം റൂറല്‍ എസ്.പി അശോകന്റെ നേതൃത്വത്തില്‍ സൈബര്‍വിംഗ് നിരീക്ഷണത്തില്‍ നിര്‍ത്തുകയായിരുന്നു.പിന്നീട് കൊല്ലം ജില്ലയിലേക്ക് മടങ്ങി എത്തുന്നതായി വിവരം ലഭിക്കുകയുണ്ടായി. തുടര്‍ന്നായിരുന്നു അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂളില്‍ നിന്നും മക്കള്‍ വീട്ടിലെത്തിയപ്പോഴാണ് അനിതയെ സ്വീകരണമുറിയില്‍ തലയ്ക്കടിയേറ്റ് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കാണപ്പെട്ടത്.സംഭവ സ്ഥലത്ത് നിന്നും രക്തം പുരണ്ട ചിരവയും കണ്ടത്തിയിരുന്നു.കൊല്ലപ്പെട്ട അനിതയ്ക്ക് തേവലക്കര സ്വദേശിയായ അശോക പണിക്കര്‍ എന്നയാളുമായി അടുപ്പവും വഴിവിട്ട ബന്ധവും ഉണ്ടായിരുന്നു.അനിതയെ ഭര്‍ത്താവ് തടങ്കലില്‍ വച്ചിരിക്കയാണെന്ന് കാട്ടി ഇയ്യാള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി.

താന്‍ അശോക പണിക്കരോടൊപ്പം ജീവിക്കാന്‍ പോകുകയാണെന്ന് സംഭവ ദിവസം അനിത ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മാത്രമല്ല അന്നു തന്നെ ഇവരെ കാണാന്‍ അശോക പണിക്കര്‍ വീടിനു സമീപം എത്തുകയും ചെയ്തിരുന്നു.ഇതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് അനിതയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് നാടുവിട്ടതെന്ന് ആഷ്‌ലി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.കൊട്ടാരക്കര ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട സിഐ വി.എസ് പ്രശാന്ത്, എസ്.ഐമാരായ രാജീവ്, നൗഫല്‍, എഎസ്‌ഐ അജയകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.