Don't Miss
Home / BUSINESS / നഷ്ടം നികത്താന്‍ ജീവനക്കാരുടെ സഹായംതേടി ഇന്‍ഡിഗോ; നിരക്ക് കൂട്ടാനും നീക്കം

നഷ്ടം നികത്താന്‍ ജീവനക്കാരുടെ സഹായംതേടി ഇന്‍ഡിഗോ; നിരക്ക് കൂട്ടാനും നീക്കം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി സഹ സ്ഥാപകനും ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാഹുല്‍ ഭാട്ടിയ ജീവനക്കാരുടെ സഹായം തേടി ഇമെയ്ല്‍ സന്ദേശമയച്ചു.

സെപ്റ്റംബര്‍ പാദത്തില്‍ 652.1 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോയുടെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ രേഖപ്പെടുത്തിയത്. ഇതാദ്യമായാണ് കമ്പനി നഷ്ടം കുറിക്കുന്നത്. ഇന്‍ഡിഗോയുടെ രണ്ടാം പാദത്തിലെ സാമ്പത്തിക പ്രകടനത്തില്‍ വലിയ നിരാശ പ്രകടിപ്പിച്ചെങ്കിലും മുന്നോട്ടുള്ള പാദങ്ങളില്‍ കമ്പനി മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തില്‍ ഭാട്ടിയയ്ക്ക് ആ•വിശ്വാസമുണ്ട്. ഇതിനായി എല്ലാവരും കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ചെലവ് ചുരുക്കികൊണ്ട് കൃത്യനിഷ്ടയോടെയും ഉപചാരത്തോടെയും തടസങ്ങള്‍ ഇല്ലാതെയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഭാട്ടിയ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

ഉയര്‍ന്ന പ്രവര്‍ത്തന ചെലവും വ്യോമായന വിപണിയിലെ കടുത്ത മത്സരവുമാണ് സെപ്റ്റംബര്‍ പാദത്തില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ നഷ്ടം കുറിക്കാനുള്ള പ്രധാന കാരണം. സ്‌കൂള്‍ തുറക്കലും കാലവര്‍ഷവും കാരണം വിമാനയാത്ര ആവശ്യകത കുറയുന്നതിനാല്‍ സെപ്റ്റംബര്‍ പാദമെന്നത് വിമാനക്കമ്പനികളെ സംബന്ധിച്ച് പൊതുവേ ക്ഷീണം നേരിടുന്ന സമയമാണ്. പക്ഷെ, ഈ വര്‍ഷം പതിവിലും കൂടുതല്‍ പ്രതിസന്ധികള്‍ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി അഭിമുഖീകരിച്ചതായി ഭാട്ടിയ പറയുന്നു.

സീസണല്‍ ഘടകങ്ങള്‍ക്ക് പുറമെ ഇന്ധന വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയും ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ കമ്പനിയുടെ നിയന്ത്രണ പരിധിക്ക് പുറത്തുള്ളതാണ്. ഇന്ധന വിലയില്‍ 40 ശതമാനത്തിലധികം വാര്‍ഷിക വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ രൂപയുടെ മൂല്യം ഏകദേശം 15 ശതമാനത്തോളം ഇടിഞ്ഞു. ഈ രണ്ട് ഘടകങ്ങളുടെയും ഫലമായി കഴിഞ്ഞ പാദത്തില്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തന ചെലവില്‍ 1,346 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഭാട്ടിയ ജീവനക്കാരെ അറിയിച്ചു.വിമാന നിരക്ക് കൂട്ടി അധിക ചെലവിന്റെ ആഘാതം കുറയ്ക്കാനുള്ള നീക്കങ്ങളും ഇന്‍ഡിഗോ നടത്തുന്നുണ്ട്.

ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ കടുത്ത മത്സരം തുടരുമെന്നാണ് ഭാട്ടിയ പറയുന്നത്. കമ്പനിയുടെ ശരാശരി വിമാന നിരക്ക് കഴിഞ്ഞ പാദത്തില്‍ യഥാര്‍ത്ഥത്തില്‍ കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷ കമ്പനിയുടെ ഉന്നതതലസമിതിക്കും തനിക്കുമുണ്ടെന്ന് ഭാട്ടിയ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.