Don't Miss
Home / COVER STORY / ശബരിമലയിലൂടെ രണ്ടാമതെത്തി ജനം ടി.വി; റേറ്റിംഗില്‍ മാതൃഭൂമിയെയും മനോരമയെയും കടത്തിവെട്ടി; ആഘോഷമാക്കി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍

ശബരിമലയിലൂടെ രണ്ടാമതെത്തി ജനം ടി.വി; റേറ്റിംഗില്‍ മാതൃഭൂമിയെയും മനോരമയെയും കടത്തിവെട്ടി; ആഘോഷമാക്കി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: ചാനല്‍ റേറ്റിംഗില്‍ ഇതാദ്യമായി ജനം ടി.വി രണ്ടാംസ്ഥാനത്ത്. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള പ്രോക്ഷോഭങ്ങളും ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ജനം ടി.വിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിംഗിനെ വിശ്വാസികള്‍ക്കൊപ്പം നിന്നുവെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്.

വ്യാജവാര്‍ത്തകള്‍ വ്യാപകമായി ജനം ടി.വി സംപ്രേഷണം ചെയ്തുവെന്ന ആക്ഷേപം നേരിടുന്നതിനിടിയിലാണ് ഇത്തരമൊരു കണക്കുമായി ചാനല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ അനുകൂലികളും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരും ജനം ടി.വിക്കൊപ്പം നിന്നതാണ് ചാനലിന് ഗുണമായിരിക്കുന്നത്.

അതേസമയം, വീടുകളില്‍ ജനം ടി.വി നിര്‍ബന്ധമായും വെയ്ക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു റേറ്റിഗ് മുന്നേറ്റം ഉണ്ടായതെന്ന് മറ്റ് ചാനല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. മറ്റ് മാധ്യമങ്ങളെല്ലാം പറയുന്നത് കള്ളമാണെന്നും സത്യം അറിയാന്‍ ജനം ടിവി കാണൂ എന്നും ആയിരുന്നു പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലേയും ആഹ്വാനം. ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷം മറ്റ് മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോഴും ജനം ടി.വിയെ പ്രതിഷേധക്കാര്‍ ഒഴിവാക്കുകയായിരുന്നു. നട അടയ്ക്കുന്ന ദിവസം മറ്റ് മാധ്യമങ്ങളെല്ലാം അക്രമം മുന്നില്‍ കണ്ട് മലയിറങ്ങിയപ്പോഴും ജനം ടിവി അവിടെ തന്നെ തുടര്‍ന്നു. പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നവര്‍ക്ക് അക്രമത്തെ ഭയക്കേണ്ട കാര്യവും ഇല്ലായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ജനം ടി.വിയുടെ റേറ്റിംഗില്‍ മുന്നേറ്റം മറ്റ് ചാനലുകളില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. തീവ്രഹിന്ദു നിലപാടുകളിലൂടെ റേറ്റിംഗ് ചാര്‍ട്ടില്‍ മുന്നേറ്റമുണ്ടാക്കിയത് മറ്റ് ചാനലുകള്‍ മാതൃകയാക്കുമോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.

ദേശീയത എന്ന ആശയമായിരുന്നു ചാനലിന്റെ ആദ്യകാലം മുതലുള്ള അജണ്ട. ഇതില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായെങ്കിലും തങ്ങളുടെ ടാര്‍ജറ്റ് ഓഡിയന്‍സായ സംഘപരിവാര്‍ വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ പോന്ന വിഭവങ്ങള്‍ ഒരുക്കാന്‍ ആദ്യം മുതലേ ശ്രദ്ധിച്ചുപോന്നു. വാര്‍ത്താചാനല്‍ ആകുന്നതിന് മുമ്പ് തന്നെ ആര്‍എസ്എസ്-ബിജെപി ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വലതുപക്ഷ നിലപാടാണ് ചാനല്‍ ഉയര്‍ത്തിപ്പിടിച്ചത്. വാര്‍ത്താചാനലായ ശേഷം ഹിന്ദുത്വവാദത്തെ മുറുകെ പിടിക്കുന്ന വാര്‍ത്തകള്‍ ഏറുകയും ചാനല്‍ റേറ്റിങ് ഉയര്‍ത്തുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.