Don't Miss
Home / COVER STORY / കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം വേണ്ടത് 250 കോടി; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കണ്ണൂരിലേത് നഷ്ടക്കച്ചവടമാകും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം വേണ്ടത് 250 കോടി; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കണ്ണൂരിലേത് നഷ്ടക്കച്ചവടമാകും

വിദേശ വിമാനസര്‍വീസുകള്‍ക്ക് പെട്ടെന്ന് അനുമതി ലഭ്യമാക്കുകയും ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂരിനെ ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായി മാറുന്ന കണ്ണൂരിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തിലാകും. സിയാലിനെ പോലെ ലാഭകരമാകാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ കടമ്പകളേറെയാണ്.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സര്‍വീസുകള്‍ മാത്രമാണ് കണ്ണൂരില്‍ നിന്നു തുടക്കത്തിലുണ്ടാവുക. ഉദ്ഘാടന യാത്രയ്ക്കല്ലാതെ തുടര്‍ന്ന് കാര്യമായ ബുക്കിംഗൊന്നും കണ്ണൂരിലേക്ക് ഉണ്ടായിട്ടില്ല. വിമാനക്കമ്പനികള്‍ കണ്ണൂര്‍ സര്‍വീസിനേര്‍പ്പെടുത്തിയ ഉയര്‍ന്ന നിരക്ക് തന്നെയാണ് പ്രശ്‌നം. വിദേശ വിമാനക്കമ്പനികള്‍ക്കു കൂടി കണ്ണൂരില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഉദ്ദേശിക്കുന്ന രീതിയിലൊരു വിജയം കണ്ണൂര്‍ വിമാനത്താവളത്തിനുണ്ടാവുകയുള്ളൂ. അതിന് കേന്ദ്രാനുമതിയടക്കം ലഭ്യമാകാനുണ്ട്.

എയര്‍ ഇന്ത്യക്കു പിന്നാലെ ഡിസംബറില്‍ തന്നെ ഗോ എയറിന്റെ സര്‍വീസുകളും കണ്ണൂരില്‍ നിന്നാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതേ വരെ ഗോ എയറിന് അനുമതി ലഭ്യമായിട്ടില്ല. അബുദാബി, ദമാം , മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ തുടക്കത്തില്‍ സര്‍വീസിന് അനുമതി തേടിയിട്ടുള്ളത്. ദോഹ, കുവൈത്ത് സര്‍വീസുകള്‍ പിന്നാലെ നടത്തും.

ജനുവരിയോടെ ഗോ എയറിന്റേയും ഇന്‍ഡിഗോയുടേയും ആഭ്യന്തര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്നാരംഭിക്കാനാകുമെന്ന് കിയാല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നു. കണ്ണൂരില്‍ നിന്ന് ഗോ എയര്‍ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും ഇന്‍ഡിഗോ ബാംഗ്ലൂര്‍, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് ആഭ്യന്തര സര്‍വീസ് തീരുമാനിച്ചിട്ടുള്ളത്.

2350 കോടി രൂപയാണ് കണ്ണൂര്‍ വിമാനത്താവളം പൂര്‍ണ സജ്ജമാകുമ്പോള്‍ വേണ്ടി വരുന്ന ചിലവ്, പ്രതിവര്‍ഷം 250 കോടി രൂപയാണ് പ്രവര്‍ത്തനത്തിനു വേണം. അടുത്ത വര്‍ഷങ്ങളിലൊന്നും കണ്ണൂര്‍ വിമാനത്താവളം ലാഭകരമാകില്ല എന്ന് കിയാല്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. വിദേശവിമാനകമ്പനികള്‍ക്ക് അനുമതി ലഭിക്കാതെ കാര്‍ഗോ സര്‍വീസ് പൂര്‍ണതോതില്‍ നടത്താന്‍ സാധിക്കില്ല. കാര്‍ഗോ സര്‍വീസിനുള്ള വലിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്കു മാത്രമേ രാജ്യത്തുള്ളൂ. കൂടുതല്‍ കാര്‍ഗോ സര്‍വീസിന് വിദേശകമ്പനികള്‍ തന്നെ വേണം.
ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിമാനങ്ങള്‍ കൂടുതല്‍ വന്നു പോകുമെന്നല്ലാതെ അതു കൊണ്ട് യാതൊരു വരുമാനവും കിയാലിനു ലഭിക്കില്ല. വിമാനകമ്പനികളില്‍ നിന്ന് ഉഡാന്‍ പദ്ധതിക്കു കീഴില്‍ എയര്‍പോര്‍ട്ടിന് പണം പിരിക്കാനാകില്ല. മാത്രമല്ല ഉഡാന്‍ സര്‍വീസുകളുള്ള റൂട്ടുകളില്‍ മറ്റു സര്‍വീസുകള്‍ക്ക് അനുമതിയും ലഭിക്കില്ല.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിയംബര്‍ ഒന്‍പതിനു നടക്കുമ്പോഴും ഇവിടേക്കെത്താനുള്ള റോഡുകളുടെ വികസനം എങ്ങുമെത്തിയിട്ടില്ല. റോഡ് വീതി കൂട്ടാനുള്ള സ്ഥലമെടുപ്പു പോലും പൂര്‍ത്തിയാകാതെ കിടക്കുകയാണ്. വിമാനത്താവളത്തിലേക്ക് കണ്ണൂരില്‍ നിന്നും തലശേരിയില്‍ നിന്നുമെത്താന്‍ ഗതാഗത കുരുക്കുകള്‍ പലതും മറികടക്കേണ്ടി വരും.