Don't Miss
Home / COVER STORY / ഖഷോഗിയുടെ വധം: വിമര്‍ശനമുയര്‍ത്തി അമേരിക്കയും; ഒറ്റപ്പെട്ട് സൗദി അറേബ്യ

ഖഷോഗിയുടെ വധം: വിമര്‍ശനമുയര്‍ത്തി അമേരിക്കയും; ഒറ്റപ്പെട്ട് സൗദി അറേബ്യ

വാഷിങ്ടണ്‍: തുര്‍ക്കിയിലെ സൗദി എംബസിക്കുള്ളില്‍ വെച്ച് വധിക്കപ്പെട്ട സൗദി പൗരനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം മൂടിവെച്ച സൗദി ഭരണകൂടത്തിന്റെ നടപടിക്കെതിരെ അതിശക്തമായ വിമര്‍ശനമുയര്‍ത്തി അമേരിക്കയും രംഗത്തെത്തി.

കൊലപാതകം മൂടിവെച്ചത് അംഗീകരിക്കാനാകില്ലെന്നും ചരിത്രത്തിലെ മോശം സംഭവമാണിതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ളവര്‍ വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നതെന്നും ട്രമ്പ് ചൂണ്ടിക്കാട്ടി.ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ചും അനന്തര സ്ഥിതിയെക്കുറിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രമ്പ് ചര്‍ച്ച നടത്തി.  കൊലപാതകവുമായി ബന്ധമുള്ള 21 പേര്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ തുര്‍ക്കിയാണ് തെളിവുകളും കൊലപാതക സാധ്യതയും ചൂണ്ടിക്കാട്ടി സൗദിക്കെതിരെ രംഗത്തുവന്നത്. തുടര്‍ന്നാണ് അമേരിക്കയുടെ നിലപാടും പുറത്തുവന്നത്. അതേസമയം ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി നയതന്ത്ര പ്രതിനിധിയുടെ വസതിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോയെന്ന് സംശയിക്കുന്ന വാഹനം അന്വേഷണത്തിനിടയില്‍ കണ്ടെടുത്തു. അതിനിടെ ഖഷോഗിയുടെ മകനും സഹോദരനും റിയാദിലെത്തി സൗദി രാജാവിനേയും കിരീടാവകാശിയേയും കണ്ടു. ഈ മാസാദ്യം തുര്‍ക്കി നയതന്ത്രകാര്യാലയത്തിലേക്ക് പോയ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സൗദി സ്ഥിരീകരിച്ചത്. രാജഭരണത്തിന്റെ സ്ഥിരം വിമര്‍ശകനായ ഖഷോഗിയെ സൗദിയിലേക്ക് തിരികെ എത്തിക്കുന്നതിനുവേണ്ടിയാണ് സൗദി നയതന്ത്ര സംഘം തുര്‍ക്കിയിലെത്തിയത്. അവിടെ എംബസിയിലേക്ക് വിളിച്ചുവരുത്തിയ ഖഷോഗിയെ തര്‍ക്കത്തിനിടയില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പുറത്തുവന്ന വിവരം.