Don't Miss
Home / NEWS / Keralam / കോവളമെന്ന പറുദീസ നരകത്തെക്കാള്‍ കഷ്ടം; നടുവൊടിഞ്ഞ് വിനോദ സഞ്ചാരമേഖല; മാലിന്യവും ദുര്‍ഗന്ധവും കോവളത്തിന്റെ ശാപം

കോവളമെന്ന പറുദീസ നരകത്തെക്കാള്‍ കഷ്ടം; നടുവൊടിഞ്ഞ് വിനോദ സഞ്ചാരമേഖല; മാലിന്യവും ദുര്‍ഗന്ധവും കോവളത്തിന്റെ ശാപം

കോവളം : ടൂറിസം വകുപ്പധികൃതരുടെ അവഗണനയെ തുടര്‍ന്ന് നടുവൊടിഞ്ഞ കോവളത്തെ വിനോദസഞ്ചാരികളും കൈവിടുന്നു. ഒരു കാലത്ത് കേരള ടൂറിസത്തിന്റെ കവാടമായിരുന്ന കോവളം തീരത്തോടുള്ള അധികൃതരുടെ കടുത്ത അവഗണനയാണ് കോവളത്തെ ടൂറിസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. 
സഞ്ചാരികളുടെ പറുദ്ദീസ എന്ന പേരിലറിയപ്പെടുന്ന കോവളം ബീച്ചിലെ നടപ്പാതകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് വര്‍ഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താനോ പുനര്‍നിര്‍മ്മിക്കാനോ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. വഞ്ചി മോഡലില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നടപ്പാതയില്‍ വീണ് കാലുളുക്കിയവര്‍ നിരവധിയാണ്. ഇവരില്‍ വിദേശ വിനോദ സഞ്ചാരികളുംപ്പെടും. 
അതുകൊണ്ടു തന്നെ മധ്യവേനലവധിക്കാലത്ത് കോവളത്തെത്തുന്ന കുട്ടികളടക്കമുള്ള സഞ്ചാരികള്‍ക്ക്് ഇവിടുള്ളവര്‍ മുന്നറിയിപ്പ് നല്‍കുകയാണ്. നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും കാടും മുള്‍ചെടികളും പടര്‍ന്നു പിടിച്ച് കിടക്കുന്ന ഇടക്കല്ല്പാറയും ഇതിനടുത്ത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ടവറും തീരത്തിന് ശാപമായി മാറിയിരിക്കുകയാണ്. 
തീരത്ത് കെട്ടിനില്‍ക്കുന്ന ഡ്രെയിനേജ് മാലിന്യവും ദുര്‍ഗന്ധവും സഞ്ചാരികളെ തീരത്തു നിന്ന് അകറ്റുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ഭീതിയും ഉയര്‍ത്തുന്നു. സമീപത്തെ ഹഹോട്ടലുകളില്‍ നിന്നടക്കം ഒഴുക്കി വിടുന്ന മാലിന്യമാണ് തീരത്ത് കെട്ടി നില്‍ക്കുന്നത്. ഇത് തടയാനോ ഡ്രെയിനേജ് പ്രശ്‌നത്തിന് പരിഹാരം കാണാനോ ഒരു നടപടിയുമില്ലാത്തതിനെതിരെ വിദേശവിനോദസഞ്ചാരികള്‍ തന്നെ രംഗത്തെത്തിയിരുന്നു. 
നടപ്പാതയിലെ ഉയരം കൂടിയ ഭാഗത്തുള്ള കൈവരികള്‍ തുരുമ്പിച്ച് പൊട്ടിപ്പൊളിഞ്ഞത് വര്‍ഷങ്ങളായിട്ടും മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് സഞ്ചാരികളില്‍ അപകടഭീതിയാണുയര്‍ത്തുന്നത്. രാത്രിയില്‍ തെരുവ് വിളക്ക് കത്താത്തത് തിരഞ്ഞെത്തുന്ന സഞ്ചാരികളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ഓരോ വര്‍ഷവും ടൂറിസം സീസണ്‍ അവസാനിച്ച ഉടന്‍ അറ്റകുറ്റപ്പണികളും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന അധികൃതരുടെ ഉറപ്പ് വെള്ളത്തില്‍ വരച്ച വര പോലെയാണെന്ന് കോവളത്തെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 
വിദേശ വിനോദസഞ്ചാരികള്‍ കൈയൊഴിഞ്ഞു തുടങ്ങിയ കോവളത്തെ രക്ഷിക്കാന്‍ ടൂറിസം വകുപ്പധികൃതരുടെ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ഇവിടത്തെ ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരും വിനോദസഞ്ചാരികളും ആവശ്യപ്പെടുന്നത്.