Don't Miss
Home / NEWS / Keralam / കെടി ജലീല്‍ വീണ്ടും നിയമന വിവാദത്തില്‍; ചട്ടം ലംഘിച്ച് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിയമനം

കെടി ജലീല്‍ വീണ്ടും നിയമന വിവാദത്തില്‍; ചട്ടം ലംഘിച്ച് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിയമനം

കെ.ടി. ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിന് പിന്നാലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ അനധികൃത നിയമന ആരോപണം. സ്ഥിരം തസ്തികയില്‍ വരുന്ന ഒഴിവിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുന്നതാണ് രീതി. എന്നാല്‍ ക്ലാര്‍ക്കിന്റെ തസ്തികയില്‍ അതു പാലിക്കാതെ ഒരു വനിതയെ മന്ത്രിയുടെ താല്‍പര്യ പ്രകാരം നിയമിച്ചുവെന്നാണ് 2015-2018 കാലയളവില്‍ ഹജ്ജ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നത്.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ക്ലര്‍ക്കുമാരുടെ നാല് തസ്തികയാണുള്ളത്. ഈ ഒഴിവുകളില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത നിലന്പൂര്‍ സ്വദേശിയായ വനിതയെ ക്ലാര്‍ക്കായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ ജോലിയില്‍ തുടരുന്നു.

അതിനിടെ മന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുത്ത് ലീഗ് വ്യക്തമാക്കി. മന്ത്രിക്കെതിരെ കേസ് നല്‍കുമെന്ന് യുഡിഎഫ് നേതാക്കളും അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായാല്‍ മന്ത്രിക്ക് രാജിവെക്കേണ്ടി വരും. നിലവില്‍ പ്രതിസന്ധിയില്‍ തുടരുന്ന സര്‍ക്കാറിന് ഇത് കനത്ത തിരിച്ചടിയാകും.