Don't Miss
Home / NRI / GULF / കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം; പ്രതികള്‍ക്ക് പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്ന് കുവൈത്ത് കോടതി; 2014 ഫെബ്രുവരിയിലായിരുന്നു സംഭവം

കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം; പ്രതികള്‍ക്ക് പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്ന് കുവൈത്ത് കോടതി; 2014 ഫെബ്രുവരിയിലായിരുന്നു സംഭവം

കുവൈത്ത്: കുവൈത്തില്‍ കൊലപാതകക്കേസില്‍ മൂന്നു മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം. ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ലാറ്റിനു തീക്കൊളുത്തുകയും ചെയ്ത കേസിലാണ് കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കെതിരെ സുപ്രീംകോടതി വിധിപ്രസ്താവിച്ചത്. നേരത്തെ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു.
പരോള്‍ പോലും അര്‍ഹിക്കുന്നില്ലെന്ന പരാമര്‍ശത്തോടെയാണ് കീഴ്‌കോടതി കുറ്റമുക്തരാക്കിയ പ്രതികള്‍ക്ക് സുപ്രീംകോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയ പാകിസ്താന്‍ സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തീ പിടിത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ഫോറന്‍സിക് പരിശോധനയില്‍ തീപിടിത്തത്തിനു മുമ്പ് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നെന്ന് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ സിവില്‍ ഐ.ഡിയും ബാങ്ക് കാര്‍ഡും ആയിരുന്നു അന്വേഷണം മലയാളി യുവാക്കളുടെ നേര്‍ക്ക് തിരിച്ചത്. കുവൈത്തില്‍ ബേക്കറി ജോലിക്കാരായിരുന്നു മൂന്നു പേരും. പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍ നിന്ന് വന്‍സംഖ്യ പറ്റിയിരുന്ന അജിത് അത് തിരിച്ചടക്കാതിരിക്കാന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്‌ലാറ്റിനു തീകൊളുത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
എന്നാല്‍, കൊല നടത്തിയതായി ആധികാരികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടി ക്രിമിനല്‍ കോടതിയും പിന്നീട് അപ്പീല്‍ കോടതിയും യുവാക്കളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു പേരും കുവൈത്ത് വിട്ടിരുന്നു.