Don't Miss
Home / Main Story / ശബരിമല വിധി നടപ്പാക്കും; പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം: എല്‍.ഡി.എഫ്‌

ശബരിമല വിധി നടപ്പാക്കും; പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം: എല്‍.ഡി.എഫ്‌

ശബരിമല വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ്. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി നിരാകരിക്കാനാവില്ല. വിധി സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടുണ്ടായതല്ലെന്ന് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. സമരത്തെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭമാക്കി മാറ്റാന്‍ ശ്രമമെന്നും വിജയരാഘവന്‍ ആരോപിച്ചു.

എന്നാല്‍ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളള ശബരിമല സംരക്ഷണ യാത്രയ്ക്കിടെ പറഞ്ഞു. വിശ്വാസത്തിനെതിരായ നിലപാടെടുത്ത പി.കെ.ശ്രീമതി എം.പിക്കെതിരെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്കെതിരെയും പ്രതിഷേധങ്ങൾ നടന്നു.

എൻ.ഡി.എ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ രണ്ടാംദിന പരിപാടി ആലപ്പുഴ നൂറനാടിന് സമീപം പടനിലത്തുനിന്ന് കായംകുളത്തേക്ക് നടത്തി. നൂറുകണക്കിന് പേരാണ് ജാഥയിൽ പങ്കെടുത്തത്. ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിളള പറഞ്ഞു.സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്ര സർക്കാർ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതില്‍‌ സന്തോഷമെന്നും ശ്രീധരന്‍ പിളള പറഞ്ഞു. കോൺഗ്രസ് വിശ്വാസികളെ വഞ്ചിച്ചു. കോൺഗ്രസിന്റെ പിൻമാറ്റം കേന്ദ്ര നേത്യത്വത്തിന്റെ സമ്മർദം മൂലമാണ്. നായരെയും ഈഴവനെയും വിഭജിക്കാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

പരിഹാരക്രിയകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി പന്തളം കൊട്ടാരത്തിലെത്തി മടങ്ങിയ ശബരിമല എക്സിക്യുട്ടീവ് ഓഫിസറെ പന്തളം ക്ഷേത്രപരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹിന്ദു വിശ്വാസികളായ സ്ത്രീകളെ അപമാനിച്ചതിൽ പ്രതിഷേധിച്ച് പി.കെ ശ്രീമതി എം.പിയുടെ കോലം കൊച്ചിയിൽ മഹിളാ മോർച്ച പ്രവർത്തകർ ചൂലുപയോഗിച്ച് കഴുകി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികൾ മലപ്പുറം ടൗണിൽ നാമജപയാത്ര നടത്തി. ത്രിപുരാന്തക ക്ഷേത്ര പരിസമ്പരുത്തു നിന്നാരംഭിച്ച യാത്ര കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്രപരിസരത്ത് സമാപിച്ചു. നൂറു കണക്കിന് സ്ത്രീകളാണ് യാത്രയിൽ പങ്കുചേർന്നത്.