Don't Miss
Home / COVER STORY / നാലു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് മുന്നണി വിപുലീകരിച്ചു

നാലു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് മുന്നണി വിപുലീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മുന്നണി വിപുലീകരിച്ചു. നാലു കക്ഷികളെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. വീരേന്ദ്ര കുമാറിന്റെ ലോക്‌താന്ത്രിക് ജനതാദൾ, ആർ.ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി), ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ), ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളെ മുന്നണിയിലെടുത്തു. എൽഡിഎഫ് യോഗത്തിലാണ് തീരുമാനം.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതു മുന്നണി വിപുലീകരിക്കാനുളള ചർച്ചകൾ ഏറെ നാളായി നടന്നുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലു പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തിയത്. 2009 ൽ ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് വീരേന്ദ്ര കുമാറിന്റെ പാർട്ടി എൽഡിഎഫ് വിട്ട് യുഡിഎഫിൽ ചേർന്നത്. പിന്നീട് യുഡിഎഫും വിട്ടിരുന്നു.

കഴിഞ്ഞ 25 വർഷത്തോളമായി ഇടതുമുന്നണിക്ക് ഒപ്പമുളള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്. കാസർകോഡ് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. അതേസമയം, ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച സി.കെ.ജാനുവിന്റെ പാർട്ടിയെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.