Don't Miss
Home / NEWS / National / #metoo: എം.ജെ അക്ബറിനെതിരെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക

#metoo: എം.ജെ അക്ബറിനെതിരെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ആരോപണവുമായി വന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്നാണ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്.

അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ചെന്നപ്പോള്‍ മര്യാദ വിട്ട പെരുമാറ്റമുണ്ടായെന്ന് ക്യാമ്പ് പറയുന്നു.

ഹസ്തദാനത്തിനായി കൈനീട്ടിയ ക്യാമ്പിനെ അക്ബര്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് അവര്‍ കുറിച്ചു. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ പന്ത്രണ്ട് പേരാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. അക്ബര്‍ ആരോപണങ്ങളേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.