Don't Miss
Home / Main Story / #metoo : എം.ജെ. അക്ബറിനോട് രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കും; വിദേശ സന്ദര്‍ശനം റദ്ദാക്കി തിരികെയെത്താന്‍ ആവശ്യപ്പെട്ടു

#metoo : എം.ജെ. അക്ബറിനോട് രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കും; വിദേശ സന്ദര്‍ശനം റദ്ദാക്കി തിരികെയെത്താന്‍ ആവശ്യപ്പെട്ടു

ലൈംഗികാരോപണങ്ങളില്‍പ്പെട്ട വിദേശകാര്യസഹമന്ത്രി എം.കെ.അക്ബറിനോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചേക്കും. നൈജീരിയയില്‍ ഔദ്യോഗികസന്ദര്‍ശനം നടത്തുന്ന മന്ത്രിയോട് ഇന്നുതന്നെ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. മീ ടൂ ക്യാംപെയിന്റെ ഭാഗമായി ഏഴ് വനിതാമാധ്യമപ്രവര്‍ത്തകര്‍ എം.ജെ. അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതരആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് ഭരണനേതൃത്വത്തിന്റേയും ബിജെപി നേതൃത്വത്തിന്റേയും വിലയിരുത്തല്‍. 

ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. അക്ബര്‍ എഡിറ്ററായിരുന്ന ഏഷ്യന്‍ ഏജിലെ സഹപ്രവര്‍ത്തകയാണ് പീഡനത്തെതുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്ന കഥ 21 വര്‍ഷത്തിനുശേഷം വെളിപ്പെടുത്തിയത്.

വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് നടത്തിയ ലൈംഗിക അതിക്രമ കഥകളുമായി ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവരികയാണ്. ഏഷ്യന്‍ ഏജില്‍ മൂന്നുവര്‍ഷം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകയാണ് 1997ല്‍ ആറുമാസക്കാലം തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. അക്ബറിന്‍റെ കണ്ണില്‍പ്പെട്ടാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലാതിരുന്ന കാലമായിരുന്നു അതെന്ന് അവര്‍ വെളിപ്പെടുത്തുന്നു. 

കാബിനില്‍വച്ച് എം.ജെ.അക്ബര്‍ പിന്നില്‍നിന്നു കയറിപ്പിടിച്ചതും ശാരീരികമായി പീഡിപ്പിച്ചതും മാധ്യമപ്രവര്‍ത്തക തുറന്നുപറയുന്നു. ഒടുവില്‍ രക്ഷയില്ലാതെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ആരോപണങ്ങളെക്കുറിച്ച് എം.ജെ.അക്ബര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും മൗനത്തിലും. ആരോപണങ്ങളെക്കുറിച്ച് അക്ബര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് മുതിര്‍ന്ന നേതാവ് ജയ്പാല്‍ റെഡ്ഡി ഡല്‍ഹിയില്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

*