Don't Miss
Home / COVER STORY / മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മഡഗാസ്‌കറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മഡഗാസ്‌കറില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ക്വാലലംപുര്‍: നാലു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഡഗാസ്‌കര്‍ ദ്വീപിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്.

വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളാണ് ഈ അവശിഷ്ടങ്ങള്‍ ശേഖരിച്ച് മലേഷ്യന്‍ സര്‍ക്കാരിനു കൈമാറിയത്. ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ ‘ഫ്‌ളോര്‍ പാനലാ’ണെന്നു വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എംഎച്ച് 370യുടേതാണോയെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും.

ബോയിങ് 777 വിമാനം കാണാതായ സംഭവത്തില്‍ നാലു വര്‍ഷത്തോളം അന്വേഷണം നടത്തി ഇക്കഴിഞ്ഞ ജൂലൈയില്‍ മലേഷ്യന്‍ സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്വാലലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്കു പറന്ന വിമാനത്തെപ്പറ്റി യാതൊരു അറിവും ഇല്ലെന്നായിരുന്നു 495 പേജുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണം അവസാനിപ്പിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പുതിയ തെളിവുകള്‍ അന്വേഷണം വീണ്ടും ആരംഭിക്കണമെന്ന സൂചനയാണു നല്‍കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മഡഗാസ്‌കറിന്റെ തീരമേഖലയില്‍ ഉള്‍പ്പെടെ അന്വേഷണം ശക്തമാക്കണം, വിമാനത്തിന്റേതെന്നു കരുതുന്ന പരമാവധി ഭാഗങ്ങള്‍ ശേഖരിച്ച് ഒരു ‘ജിഗ്‌സോ പസില്‍’ പോലെ ദുരൂഹതയ്ക്കു പരിഹാരം കാണണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മലേഷ്യന്‍ ഗതാഗത മന്ത്രി ആന്തണി ലോകുമായും ബന്ധുക്കള്‍ ചര്‍ച്ച നടത്തി.
2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം.

2016 ഡിസംബറിനും 2018 ഓഗസ്റ്റിനും ഇടയില്‍ പലപ്പോഴായാണു മത്സ്യത്തൊഴിലാളികള്‍ക്കു വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങള്‍ ലഭിച്ചത്. മഡഗാസ്‌കറിലെ മൂന്നു വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായിരുന്നു കണ്ടെത്തല്‍. ഒരു കൈപ്പത്തിയോളം വലുപ്പമുള്ള ഭാഗം മുതല്‍ 60 സെ.മീ. വരെ വലുപ്പമുള്ള അവശിഷ്ടങ്ങളാണിത്. ഏറെ പ്രതീക്ഷ പകരുന്നതാണ് ഈ കണ്ടെത്തലെന്ന് വിമാനത്തിലുണ്ടായിരുന്ന ആന്‍ ഡെയ്‌സി എന്ന യുവതിയുടെ ഭര്‍ത്താവ് വി.ആര്‍.നഥാനും മകള്‍ ഗ്രേസും പറഞ്ഞു.
എംഎച്ച് 370യുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച മൂന്ന് അവശിഷ്ടങ്ങളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്തു നിന്നായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന മുപ്പതോളം ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. അവശിഷ്ടങ്ങളില്‍ ഒന്ന് വിമാനത്തിന്റെ ചിറകില്‍ നിന്ന് അടര്‍ന്നു പോയതായിരുന്നു. വിമാനദുരന്തം സ്ഥിരീകരിക്കപ്പെട്ടതും ഈ അവശിഷ്ടങ്ങള്‍ ലഭിച്ചതിനു പിന്നാലെയായിരുന്നു. നിര്‍ദിഷ്ട വ്യോമപാതയില്‍ നിന്നു മാറി ഏറെ ദൂരം പറന്ന് ഒടുവില്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നെന്നാണു നിഗമനം. എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്നത് തെളിയിക്കാനായില്ല.
വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണോ അതോ പൈലറ്റിന്റെ പിഴവാണോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ചു.

വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇനി വിമാനത്തിനായുള്ള തിരച്ചില്‍ പുനഃരാരംഭിക്കുകയുള്ളൂവെന്നാണു സര്‍ക്കാര്‍ പക്ഷം. ലഭിച്ചിരിക്കുന്ന പുതിയ തെളിവുകള്‍ എത്രയും പെട്ടെന്നു പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഗതാഗതമന്ത്രി ലോക് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാല്‍ അന്വേഷണം പുനഃരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭാഗത്ത് ഇതിനോടകം വിമാനം കണ്ടെത്താനുള്ള പരിശോധന നടത്തിയിട്ടുണ്ട്. ഇതുവരെ ചെലവഴിച്ചതാകട്ടെ 14.48 കോടി ഡോളറും (ഏകദേശം 999 കോടി രൂപ). ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവസാനിപ്പിച്ചു. ചൈനയുടെയും മലേഷ്യയുടെയും നേതൃത്വത്തിലുള്ള അന്വേഷണവും നിര്‍ത്തി.

ഈ വര്‍ഷം ആദ്യം യുഎസ് കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയും വിമാനവേട്ടയ്ക്കു രംഗത്തെത്തിയിരുന്നു. വിമാനം കണ്ടെത്തിയാല്‍ മാത്രം പ്രതിഫലമെന്നായിരുന്നു ഇവരുടെ നിലപാട്. അത്യാധുനിക ഉപകരണങ്ങളുമായി കടലിന്റെ അടിത്തട്ടില്‍ വരെ പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ഏതാനും മാസങ്ങള്‍ക്കകം ഇന്‍ഫിനിറ്റിയും പരാജയം സമ്മതിച്ചു പി•ാറി. പിന്നാലെ ജൂലൈയില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ എല്ലാ അന്വേഷണവും അവസാനിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തെ എതിര്‍ത്ത ബന്ധുക്കളുടെ കൂട്ടായ്മ ഏതുവിധേനയും അന്വേഷണം പുനഃരാരംഭിക്കാന്‍ രാജ്യാന്തര സമ്മര്‍ദ്ദത്തിനുള്‍പ്പെടെ ശ്രമം തുടരുകയാണ്.