Don't Miss
Home / COVER STORY / #metoo: അലന്‍സിയര്‍ കുടുങ്ങും; കൂടുതല്‍ ഇരകള്‍ രംഗത്തേക്ക്; വനിതാകൂട്ടായ്മയില്‍ നടനെതിരെ ഗുരുതര പരാതികള്‍

#metoo: അലന്‍സിയര്‍ കുടുങ്ങും; കൂടുതല്‍ ഇരകള്‍ രംഗത്തേക്ക്; വനിതാകൂട്ടായ്മയില്‍ നടനെതിരെ ഗുരുതര പരാതികള്‍

നടന്‍ അലന്‍സിയര്‍ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് തുനിഞ്ഞുവെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ പേര്‍ പരാതികളുമായി മുന്നോട്ടുവരുന്നു. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് മുമ്പാകെ ഒന്നിലേറെ പേര്‍ ഇതുവരെ പരാതി പറഞ്ഞുവെന്നാണ് സൂചന. 

അലന്‍സിയര്‍ക്കെതിരെ മാത്രമല്ല, മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രേഖാമൂലമുള്ള പരാതികളല്ല ലഭിച്ചിട്ടുള്ളത്. ഈ പരാതികളില്‍ നിയമപരമായ നടപടികളെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും ഡബ്ല്യു.സി.സി ഭാരവാഹി വ്യക്തമാക്കി. ഇരയായവരോടുകൂടി അലോചിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

കഴിഞ്ഞദിവസം പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലാണ് നടി ലൈംഗികാരോപണം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയില്‍ തുടക്കക്കാരിയാണ് താനെന്നും പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നും നടിയുടേതായി ഇന്ത്യ പ്രൊട്ടസ്റ്റില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു. തന്റെ നാലാമത്തെ ചിത്രവും അലന്‍സിയര്‍ക്കൊപ്പമുള്ള ആദ്യ ചിത്രത്തിന്റേയും ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവമുണ്ടായത്. ഇനിയൊരിക്കലും അലന്‍സിയര്‍ക്കൊപ്പം അഭിനയിക്കില്ലെന്നും നടി പറയുന്നു.

സിനിമയുടെ സെറ്റില്‍ ഉച്ച ഭക്ഷണം കഴിക്കാനിരിക്കെയാണ് അലന്‍സിയറിന്റെ ഭാഗത്തുനിന്നും ആദ്യമായി മോശം അനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. താനും അലന്‍സിയറും കൂടെ അഭിനയിക്കുന്ന മറ്റൊരാളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. തന്നെക്കാള്‍ വലിയ നടന്മാര്‍ കൂടെയുള്ള നടികളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അലന്‍സിയര്‍ വിശദീകരിച്ചു. എന്നാല്‍ തന്റെ മാറിടത്തിലേക്ക് നോക്കിയായിരുന്നു അലന്‍സിയറിന്റെ സംസാരമെന്നും അത് തന്നെ വളരെയധികം അസ്വസ്ഥയാക്കിയെന്നും യുവതി പറഞ്ഞു. എന്നാല്‍ കൂടുതല്‍ സോഷ്യലാവണമെന്നും ആളാവണമെന്നും കാര്യങ്ങളെയൊന്നും ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അലന്‍സിയര്‍ ഉപദേശിച്ചു. ഇക്കാര്യങ്ങളില്‍ പ്രതികരിച്ചില്ലെങ്കിലും അലന്‍സിയറിന്റെ കൂടെ താന്‍ സുരക്ഷിതയല്ലെന്ന് തോന്നിയതായി യുവതി കൂട്ടിച്ചേര്‍ത്തു.

പിന്നീട് അലന്‍സിയര്‍ സഹപ്രവര്‍ത്തകയുടെ കൂടെ തന്റെ മുറിയുടെ സമീപത്തേക്ക് വന്ന് പറഞ്ഞ കാര്യങ്ങളാണ് കൂടുതല്‍ ഞെട്ടിച്ചതെന്ന് യുവതി പറയുന്നു. കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും തങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ കാര്യങ്ങളെക്കുറിച്ചുമായിരുന്നു അലന്‍സിയറിന്റെ ഉപദേശം. അഭിനയ ജീവിതത്തിലെ തന്റെ പരിചയക്കുറവിനെക്കുറിച്ച് പറഞ്ഞ് അലന്‍സിയര്‍ അപമാനിച്ചു. അയാളെ പുറത്താക്കി വാതിലടക്കാന്‍ എനിക്ക് തോന്നിയതാണ്. പക്ഷേ, അയാളുടെ പ്രായക്കൂടുതല്‍ മാനിച്ചും കൂടെ സഹപ്രവര്‍ത്തക ഉണ്ടായിരുന്നതുകൊണ്ടും ഞാന്‍ ഒന്നും ചെയ്തില്ല.
അലന്‍സിയര്‍ മൂന്നാമതായി തന്നെ സമീപിച്ചത് തന്റെ ആര്‍ത്തവ ദിവസത്തിലായിരുന്നെന്ന് യുവതി പറഞ്ഞു. ക്ഷീണം കാരണം വിശ്രമിക്കുകയായിരുന്ന തന്റെ മുറിയുടെ വാതിലില്‍ അലന്‍സിയര്‍ മുട്ടിവിളിച്ചു. ഡോര്‍ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണെന്ന് മനസിലായി. ഭയന്ന താന്‍ സംവിധായകനെ സഹായത്തിനായി വിളിച്ചു. സഹായത്തിന് ആളെ അയക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ അലന്‍സിയര്‍ വാതിലില്‍ ശക്തിയായി ഇടിക്കാന്‍ തുടങ്ങി. അവസാനം താന്‍ വാതില്‍ തുറന്നു. മുറിയില്‍നിന്നും ചാടിപ്പുറത്തിറങ്ങുകയായിരുന്നു തന്റെ ഉദ്ദേശമെന്നും യുവതി വ്യക്തമാക്കി.
സംവിധായകനെ വിളിച്ച ഫോണ്‍ കോള്‍ ഞാന്‍ കട്ട് ചെയ്തിരുന്നില്ല. എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് അദ്ദേഹം കൂടി അറിയട്ടെഎന്ന് ഞാന്‍ കരുതി. എന്നാല്‍ വാതില്‍ തുറന്ന ഉടന്‍ അലന്‍സിയര്‍ എന്നെ മുറിക്കുള്ളിലേക്ക് ബലമായി പിടിച്ച് തള്ളി വാതിലടച്ച് കുറ്റിയിട്ടു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അയാള്‍ എന്റെ ബെഡിലിരുന്ന് മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെ വീണ്ടും ആവര്‍ത്തിച്ചു. പിന്നീട് അയാള്‍ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. ഞാന്‍ ശബ്ദമുയര്‍ത്തി അയാളോട് പുറത്തുപേകാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഡോര്‍വെല്‍ അടിച്ചു. വാതില്‍തുറന്ന് പുറത്ത് അസിസ്റ്റന്റ് സംവിധായകനെ കണ്ടപ്പോഴാണ് ആശ്വാസമായതെന്നും യുവതി പറയുന്നു. സഹായിക്കാനെത്തിയ ആള്‍ ബുദ്ധിപൂര്‍വം ഇടപെട്ടതിനാല്‍ താന്‍ അത്തവണ രക്ഷപെട്ടന്നും യുവതി പറയുന്നു.

നാലാമതും അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതി വെളിപ്പെടുത്തി. ഒരു സുഹൃത്ത് ക്ഷണിച്ചതനുസരിച്ച് ഉച്ച ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ അവിടെ അലന്‍സിയറും ഉണ്ടായിരുന്നു. ഭക്ഷണത്തിന് മീന്‍കറി ഓര്‍ഡര്‍ ചെയ്ത അലന്‍സിയര്‍ മത്സ്യ മാംസത്തെ സ്ത്രീ ശരീരവുമായി താരതമ്യപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. അയാള്‍ തന്നെ നോക്കിക്കൊണ്ട് കറിയിലെ മത്സ്യക്കഷ്ണം കയ്യിലെടുത്ത് സഭ്യമല്ലാതെ സംസാരിച്ചെന്നും യുവതി പറയുന്നു. അന്ന് തന്നെ ഷൂട്ടിങ്ങിന്റെ സമയത്ത് അലന്‍സിയറിന്റെ കണ്ണുകള്‍ തന്നെയും അവിടെയുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളെയും ചുറ്റിപ്പറ്റിയുണ്ടായിരുന്നു. അയാളെ അഭിമുഖീകരിക്കേണ്ടിവന്ന സമയത്തെല്ലാം നാവുകൊണ്ട് അയാള്‍ അശ്ലീലച്ചുവയുള്ള ആംഗ്യങ്ങള്‍ കാണിച്ചിരുന്നെന്നും ലൈംഗീക ദാരിദ്രമനുഭവിക്കുന്ന ആളെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റമെന്നും യുവതി പറയുന്നു. ചില വൈകുന്നേരങ്ങളില്‍ പാര്‍ട്ടികളില്‍വച്ച് അലന്‍സിയറിനെകാണുമ്പോഴെല്ലാം ഏതെങ്കിലും സ്ത്രീകള്‍ക്കൊപ്പമിരുന്ന് അവരോട് ലൈംഗികതയെക്കുറിച്ചും സ്ത്രീ ശരീരത്തെക്കുറിച്ചും സംസാരിക്കുന്നതാണ് കണ്ടിരുന്നത്.
എന്റെ അടുത്തേക്ക് വന്നപ്പോഴെല്ലാം ഞാന്‍ അയാളെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അയാളുടെ ശ്രമങ്ങളെ തടഞ്ഞ സ്ത്രീകളെ അയാള്‍ അപമാനിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടും കേട്ടിട്ടുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. രാത്രി ഷൂട്ട് കഴിഞ്ഞ മറ്റൊരുദിവസം മുറിയില്‍ വിശ്രമിക്കവെയും അലന്‍സിയര്‍ വീണ്ടും അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്തെന്നും യുവതി ആരോപിക്കുന്നു.
ഒരുപാട് സ്ത്രീകള്‍ക്ക് യഥാര്‍ത്ഥ അലന്‍സിയര്‍ ആരാണെന്ന് വ്യക്തമാക്കുന്ന നിരവധി അനുഭവങ്ങള്‍ പറയാനുണ്ടായിരിക്കുമെന്ന് എനിക്കറിയാം. ഇത് പുറത്തുപറയാന്‍ അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും പ്രശ്നങ്ങളും എനിക്കിപ്പോള്‍ അറിയാം.
ഇതേ അനുഭവങ്ങള്‍ ഉള്ളവര്‍ അവര്‍ക്ക് ആവശ്യമായ സമയമെടുക്കട്ടെയെന്നും പേര് വെളിപ്പെടുത്താത്ത യുവതി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നടന്‍ അലന്‍സിയര്‍ ഇതുവരെയും തയ്യാറായിട്ടില്ല. മുകേഷിന് പിന്നാലെ മലയാളത്തിലെ മറ്റൊരു നടനെതിരെക്കൂടി മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ സിനിമാ മേഖല ഇതിനെ എങ്ങനെ നേരിടുമെന്നതാണ് ഉയരുന്ന ചോദ്യം.