Don't Miss
Home / ENTERTAINMENT / CINEMA / രണ്ടാമൂഴത്തിനോട് അണിയറക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ല; തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയില്‍; മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയില്‍

രണ്ടാമൂഴത്തിനോട് അണിയറക്കാര്‍ക്ക് ആത്മാര്‍ത്ഥതയില്ല; തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി കോടതിയില്‍; മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതി പ്രതിസന്ധിയില്‍

കോഴിക്കോട്: മോഹന്‍ലാലിനെ നായകനാക്കി തുടങ്ങാനിരുന്ന
രണ്ടാമൂഴം പ്രതിസന്ധിയിൽ. തന്റെ തിരക്കഥ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി.വാസുദേവൻ നായർ കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് എം.ടിയെ പിന്തിരിപ്പിച്ചതെന്നാണറിവ്. സംവിധായകൻ വി.എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുൻസിഫ് കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.

തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചേക്കും.വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ചിത്രത്തിനായി താൻ തിരക്കഥ ഒരുക്കിയത്. എന്നാൽ തന്റെ ആത്മാർത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവർത്തകരിൽ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിൻമാറ്റത്തിന് കാരണം. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എം.ടി ആരോപിക്കുന്നു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വ്യവസായ ഭീമനായ ബി.ആർ.ഷെട്ടിയാണ്. 1000 കോടി മുതൽ മുടക്കിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മഹാരഥന്മാർ അണിനിരക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ടാമൂഴത്തിനായി താൻ ഒരുവർഷം മാറ്റിവയ്‌ക്കുമെന്ന് മോഹൻലാലും വ്യക്തമാക്കിയിരുന്നു.

2019 ജൂലായിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ചിത്രമെന്നും നിർമാമാതാവ് ബി.ആർ.ഷെട്ടി ട്വിറ്ററിൽ കുറിക്കുക കൂടി ചെയ്‌തതോടെ പ്രേക്ഷകരും ഏറെ ആവേശത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*