Don't Miss
Home / NEWS / international / അഫ്ഗാനിസ്ഥാനിലെ എ.എഫ്.പി ചീഫ് ഫോട്ടോഗ്രാഫറായ ഷാ മറായി ഒരിക്കല്‍ ഇങ്ങനെ എഴുതി 'ഓരോ പ്രഭാതത്തിലും ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴും വൈകുന്നേരം വീട്ടിലേക്ക്? മടങ്ങുമ്പോഴും ഞാന്‍ ചിന്തിക്കുന്നത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളെ കുറിച്ചാണ്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തുന്ന ഒരു ചാവേറിനെ കുറിച്ചാണ്?. അതുകൊണ്ട് തന്നെ എനിക്ക് റിസ്‌ക് എടുക്കാന്‍ വയ്യ'' ഇന്നലെ അഫ്ഗാനില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഷാ മറായി ചിതറിത്തെറിച്ചുപോയി എപ്പോഴും കണ്ടിരുന്ന ദുസ്വപ്‌നം ഷാ യെ കീഴടക്കി ഷായുടെ കണ്ണിലൂടെ അഫ്ഗാനിലെ ദുരന്ത മുഖങ്ങളെക്കുറിച്ചും ലോകമറിഞ്ഞതിനെക്കുറിച്ചും ഷായെക്കുറിച്ചും മാധ്യമം ദിനപത്രം ലേഖകന്‍ മുഹമ്മദ് സുഹൈബ് എഴുതുന്നു

അഫ്ഗാനിസ്ഥാനിലെ എ.എഫ്.പി ചീഫ് ഫോട്ടോഗ്രാഫറായ ഷാ മറായി ഒരിക്കല്‍ ഇങ്ങനെ എഴുതി 'ഓരോ പ്രഭാതത്തിലും ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴും വൈകുന്നേരം വീട്ടിലേക്ക്? മടങ്ങുമ്പോഴും ഞാന്‍ ചിന്തിക്കുന്നത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളെ കുറിച്ചാണ്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തുന്ന ഒരു ചാവേറിനെ കുറിച്ചാണ്?. അതുകൊണ്ട് തന്നെ എനിക്ക് റിസ്‌ക് എടുക്കാന്‍ വയ്യ'' ഇന്നലെ അഫ്ഗാനില്‍ ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഷാ മറായി ചിതറിത്തെറിച്ചുപോയി എപ്പോഴും കണ്ടിരുന്ന ദുസ്വപ്‌നം ഷാ യെ കീഴടക്കി ഷായുടെ കണ്ണിലൂടെ അഫ്ഗാനിലെ ദുരന്ത മുഖങ്ങളെക്കുറിച്ചും ലോകമറിഞ്ഞതിനെക്കുറിച്ചും ഷായെക്കുറിച്ചും മാധ്യമം ദിനപത്രം ലേഖകന്‍ മുഹമ്മദ് സുഹൈബ് എഴുതുന്നു

ആ വസന്തം കൊഴിഞ്ഞുപോയി

 

About The Author

മുഹമ്മദ് സുഹൈബ്

 
അകാലത്തില്‍ നര വീണ തന്റെ ചിത്രം ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത് ഷാ മറായി എഴുതി: ‘My youth was a spring and passed’. ഈ പുതുവര്‍ഷത്തലേന്ന് 2017 ഡിസംബര്‍ 31 നാണ് ഷാ ഇതെഴുതിയത്. കഴിഞ്ഞ 22 കൊല്ലങ്ങളില്‍ താന്‍ കണ്ട രക്തച്ചൊരിച്ചിലുകളും മൃതശരീരങ്ങളും സ്‌ഫോടനങ്ങളുമൊക്കെ അയാളെ തികഞ്ഞ ദോഷൈകദൃക്ക് ആക്കിയിരുന്നു. മക്കള്‍ക്കൊപ്പം തന്റെ നഗരത്തില്‍ ഒരു സായാഹ്‌ന നടത്തത്തിന്  ഇറങ്ങുന്നതിനെപ്പോലും ഭയപ്പെടുന്നുവെന്ന് മറായി ഒരിക്കല്‍ കുറിച്ചു. അതിന്റെ കാരണം ഇങ്ങനെ  വിശദീകരിച്ചു: ഓരോ പ്രഭാതത്തിലും ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴും വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴും ഞാന്‍ ചിന്തിക്കുന്നത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളെ കുറിച്ചാണ്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തുന്ന ഒരു ചാവേറിനെ കുറിച്ചാണ്. അതുകൊണ്ട് തന്നെ എനിക്ക് റിസ്‌ക് എടുക്കാന്‍ വയ്യ’.
ഭയന്ന് ജീവിച്ച അതേ നഗരത്തില്‍, 22 കൊല്ലം ചെയ്ത അതേ ജോലിക്കിടയില്‍ ഇന്ന് (30.04.2018) അയാള്‍ കണ്ട ദുഃസ്വപ്നങ്ങളെല്ലാം സത്യമായി പുലര്‍ന്നു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രാവിലെ എട്ടുമണിക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒമ്പതു മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ തങ്ങളുടെ  ഫോട്ടോഗ്രാഫര്‍ ഷാ മറായും ഉള്‍പ്പെട്ടുവെന്ന് ഉച്ചയോടെയാണ് എ.എഫ്.പി (ഏജന്‍സി ഫ്രഞ്ച് പ്രസ്) അറിയിച്ചത്. ‘അസാധാരണ മനോധൈര്യത്തോടെയും പ്രഫഷണലിസത്തോടെയും വാര്‍ത്തയുടെ സാധ്യതയറിഞ്ഞും ജോലി ചെയ്ത വിലമതിക്കാനാകാത്ത ഒരു സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ടിരിക്കുന്നു’വെന്ന് എ.എഫ്.പി ഗ്ലോബല്‍ ന്യൂസ് ഡയറക്ടര്‍ മൈക്കല്‍ ലെറിഡോന്‍ ട്വീറ്റ് ചെയ്തു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിക്കുന്ന 1996 ല്‍ ഡ്രൈവറായാണ് ഷാ എ.എഫ്.പിയില്‍ ചേരുന്നത്. 2002 ല്‍ ഫുള്‍ടൈം ഫോട്ടോ സ്ട്രിങ്ങര്‍  ആയി. അധികം വൈകാതെ കാബൂള്‍ ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫറും. അഫ്ഗാനിലെ കഥകളും  കദനങ്ങളും ഈ കാലങ്ങളില്‍ ലോകം കണ്ടത് ഷാ മറായിയുടെ വ്യൂഫൈന്‍ഡറിലൂടെയാണ്.
……………………….
യു.എസ് എംബസിയും അഫ്ഗാന്‍ സര്‍ക്കാര്‍ മന്ദിരങ്ങളും നിലകൊള്ളുന്ന ഷാഷദരക് മേഖലയില്‍ സ്‌ഫോടനം ഉണ്ടായി എന്ന് അറിഞ്ഞാണ് ഷാ മറായും മാധ്യമസംഘവും ഇന്ന് രാവിലെ അവിടെ എത്തിയത്. ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് അവര്‍ നില്‍ക്കുന്നതിനിടെ ഫോട്ടോഗ്രാഫറുടെ വേഷം കെട്ടിയെത്തിയ ചാവേര്‍ ഇവര്‍ക്കിടയില്‍ നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പ്രധാന ലക്ഷ്യം മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഉറപ്പാണ്. അഖിലലോക തൊഴിലാളി ദിനത്തിന് തലേന്ന് തങ്ങളുടെ തൊഴിലിനായി എത്തിയ ഒമ്പതുപേരാണ് രക്തസാക്ഷികളായത്.

ഷാ മറായി എടുത്ത ചിത്രങ്ങള്‍

കാബൂളിലെ റിപ്പോര്‍ട്ടിങിന്റെ അപകടങ്ങളെ കുറിച്ച് നിരന്തരം എഴുതിയിരുന്ന ആളാണ് ഷാ മറായ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാധ്യമ വൃത്തങ്ങളില്‍ സുപരിചിതനും. അദ്ദേഹത്തിന്റെ മരണം മാധ്യമരംഗത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. 2016 ല്‍ ഷാ മറായ് എഴുതിയ ‘when hope is gone’ എന്ന ലേഖനം മരണത്തിന് പിന്നാലെ എ.എഫ്.പി പുനഃപ്രസിദ്ധീകരിച്ചു. അതില്‍ യുദ്ധമുഖത്തെ മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും വെല്ലുവിളികളും അദ്ദേഹം വിശദീകരിക്കുന്നു. 
ആ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ:
കാബൂള്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷമുള്ള കാലം പ്രതീക്ഷയുടേതായിരുന്നു. സുവര്‍ണ വര്‍ഷങ്ങള്‍. താലിബാന്‍ ഭരണത്തിന്റെ അന്ധകാരത്തിന് ശേഷം കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് അഫ്ഗാന്‍ നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഇന്ന്, 15 വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രതീക്ഷകളൊക്കെ മാഞ്ഞുപോയിരിക്കുന്നു. ജീവിതം പഴയതിലും ദുഷ്‌കരമായിരിക്കുന്നു. താലിബാന് കീഴില്‍, എ.എഫ്.പി ഫോട്ടോഗ്രാഫറായി ഞാന്‍ ജോലി തുടങ്ങുന്നത് 1998ലാണ്. അവര്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് വെറുപ്പായിരുന്നു.  അതുകൊണ്ട് തന്നെ ഞാന്‍ ഏറെ സൂക്ഷ്മത പുലര്‍ത്തി. പുറത്തുപോകുമ്പോഴും ചിത്രങ്ങള്‍ എടുക്കുമ്പോഴും പരമ്പരാഗത സല്‍വാര്‍ കമീസ് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ചെറിയ കാമറയെ കൈയില്‍ ചുറ്റിയ സ്‌കാര്‍ഫില്‍ പൊതിഞ്ഞ് കൊണ്ടുനടന്നു. താലിബാന്‍ നിയന്ത്രണങ്ങള്‍ ജോലിയെ തീര്‍ത്തും ദുഷ്‌കരമാക്കി. ജീവനുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നത് അവര്‍ നിരോധിച്ചു, മനുഷ്യരായാലും മൃഗമായാലും. 
ഒരുദിവസം ഒരുബേക്കറിക്ക് മുന്നില്‍ ഞാന്‍ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു. ആകാലത്ത് ജീവിതം വലിയ കഷ്ടപ്പാടായിരുന്നു. ആള്‍ക്കാര്‍ക്ക് ജോലിയില്ല. സാധനവില കുതിച്ചുയര്‍ന്ന നിലയിലും. താലിബാന്‍ സംഘം എനിക്ക് സമീപത്തേക്ക് വന്നു. ‘എന്താണിവിടെ ചെയ്യുന്നത്’; ചോദ്യമായി. ‘ഒന്നുമില്ല. റൊട്ടിയുടെ പടമെടുക്കുകയാണ്’  ഞാന്‍ മറുപടി പറഞ്ഞു. ഭാഗ്യത്തിന് ഡിജിറ്റല്‍ കാമറകള്‍ക്ക് മുമ്പുള്ള യുഗമായിരുന്നു അത്. അതുകൊണ്ടു തന്നെ ഞാന്‍ പറയുന്നത് സത്യമാണോ എന്ന് അവര്‍ക്ക് പരിശോധിക്കാന്‍ കഴിഞ്ഞില്ല. അന്നൊക്കെ ഫോട്ടോകള്‍ക്ക് ഞാന്‍ പേരുവെക്കുമായിരുന്നില്ല. ‘സ്ട്രിങ്ങര്‍’ എന്ന് ഒപ്പിടുക മാത്രമായിരുന്നു. അനാവശ്യ ശ്രദ്ധ എന്റെ മേല്‍ പതിയാതിരിക്കാനുള്ള ജാഗ്രതയായിരുന്നു അത്.

ഷാ മറായി എടുത്ത ചിത്രങ്ങള്‍

അന്ന് എ.എഫ്.പി ക്ക് കാബൂളില്‍ ബ്യൂറോ ഉണ്ടായിരുന്നില്ല. വസീര്‍ അക്ബര്‍ ഖാന്‍ മേഖലയിലെ വീട്ടിലായിരുന്നു ഞങ്ങള്‍. പ്രത്യേക പ്രതിനിധികള്‍ (ബ്യൂറോയിലേക്ക്) ഇടക്കിടെ വന്നുപോകും. ഷോമാലി താഴ്‌വരയിലെ യുദ്ധമുന്നണിയില്‍ ഞങ്ങള്‍ സ്ഥിരമായി പോകുമായിരുന്നു. വടക്കന്‍ സഖ്യവും താലിബാനും  പോരാടുന്ന ഇടമായിരുന്നു അത്. ബി.ബി.സിക്ക് പുറമേ, എ.പി, എ.എഫ്.പി, റോയിട്ടേഴ്‌സ് എന്നീ മൂന്നു ഏജന്‍സികള്‍ മാത്രമാണ് നഗരത്തിലുണായിരുന്നത്. 2000 ഓടെ എല്ലാ വിദേശകിളും പുറത്താക്കപ്പെട്ടു. എ.എഫ്.പി ബ്യൂറോയില്‍ ഞാന്‍ മാത്രമായി. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ഇസ്‌ലാമാബാദ് ബ്യൂറോയില്‍ വിളിച്ചാണ് വിവരങ്ങള്‍ (വാര്‍ത്തകള്‍) കൊടുത്തിരുന്നത്. ബി.ബി.സിയിലാണ് സെപ്റ്റംബര്‍ 11 സംഭവം ഞാന്‍ കാണുന്നത്. അഫ്ഗാനിസ്ഥാന് മേല്‍ അതുണ്ടാക്കാന്‍ പോകുന്ന ആഘാതത്തെ കുറിച്ച് അപ്പോള്‍ ആലോചിച്ചിരുന്നില്ല. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇസ്‌ലാമാബാദ്
ബ്യൂറോയാണ് ജാഗ്രതാനിര്‍ദേശം തന്നത് ‘അമേരിക്കന്‍ ആക്രമണം വരുന്നു’. ഒക്‌ടോബര്‍ ഏഴിന് ആക്രമണം തുടങ്ങി. താലിബാന്‍ തലസ്ഥാനമാക്കിയിരുന്ന കാന്‍ഡഹാറിലായിരുന്നു ആദ്യ ആക്രമണം. കാബൂളിന് മുകളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ വരുമ്പോള്‍ ഇസ്‌ലാമാബാദിലേക്കുള്ള ഫോണിലായിരുന്നു ഞാന്‍.
വിമാനത്താവളത്തിന് സമീപമാണ് ആദ്യ ബോംബ് വീണത്. ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. പക്ഷേ, എനിക്ക് പുറത്തുപോകാനും കഴിഞ്ഞില്ല. പ്രഭാതത്തില്‍ എന്റെ കാറില്‍ ഞാന്‍ വിമാനത്താവളത്തിലേക്ക് പോയി. കറുത്ത
വസ്ത്രം ധരിച്ച താലിബാന്‍ സംഘത്തെ വഴിയില്‍ കണ്ടു. ഒരാള്‍ എനിക്ക് നേരെ വന്നു: ‘ശ്രദ്ധിക്കൂ. ഞാനിന്ന് നല്ല സ്വഭാവത്തിലാണ്. അതുകൊണ്ട് നിന്നെ കൊല്ലുന്നില്ല. എത്രയും പെട്ടന്ന് സ്ഥലം വിട്ടോളു.’ കാര്‍ തിരിച്ച് ഞാന്‍ മടങ്ങി. നഗരത്തില്‍ ആരുമില്ല. ബൈക്കുമെടുത്ത് സാധാരണക്കാരനെ പോലെ വീണ്ടും പുറത്തിറങ്ങി. കൈയില്‍ ചുറ്റിയ സ്‌കാര്‍ഫിനുള്ളില്‍ കാമറ ഒളിപ്പിച്ചുവെച്ചിരുന്നു. ആറുഫോട്ടോകള്‍ ആണ് അന്ന് എടുത്തത്. വെറും ആറ്. അതില്‍ രണ്ടെണ്ണം ഞാന്‍ അയച്ചുകൊടുത്തു.

ഷാ മറായി എടുത്ത ചിത്രങ്ങള്‍

ഒരുപ്രഭാതത്തില്‍ താലിബാന്‍ അപ്രത്യക്ഷമായി. തെരുവുകള്‍ ജനനിബിഡമായി. അന്ധകാരത്തില്‍ നിന്ന് ജനങ്ങള്‍ പ്രകാശത്തിലേക്ക് വരുന്നതുപോലെയായിരുന്നു അത്. സഹപ്രവര്‍ത്തകര്‍ വീണ്ടും (കാബൂളിലേക്ക്) വരാന്‍ തുടങ്ങി. എ.എഫ്.പി ഒരു റിപ്പോര്‍ട്ടറെയും മോസ്‌കോയില്‍ നിന്ന് ഫോട്ടോഗ്രാഫറെയും ഉടന്‍ അയച്ചു. മൊത്തത്തില്‍ ഒറ്റയടിക്ക് ഒരുഡസന്‍ പേരായി ബ്യൂറോയില്‍. കാബൂള്‍ ജേണലിസ്താന്‍ ആയി മാറി. പിന്നീടൊരിക്കലും ഓഫീസ് കാലിയായിട്ടില്ല. എല്ലാവരെയും ഞാന്‍ സഹായിച്ചു. താമസം കണ്ടെത്താനും കാറിനും പരിഭാഷകനുമെല്ലാം. എന്റെ അടുത്ത സുഹൃത്ത് കാബൂളില്‍ സുല്‍ത്താന്‍ ഗസ്റ്റ്ഹൗസ് തുടങ്ങി. കാബൂളിലെ ആ തരത്തിലുള്ള ആദ്യസംരംഭം. പ്രതീക്ഷയുടെ കാലമായിരുന്നു അത്. യുദ്ധമൊഴിഞ്ഞ നഗരം. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ഇറ്റലി, തുര്‍ക്കി… ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ നിരത്തില്‍. അവര്‍ റോഡില്‍ പട്രോളിങ് നടത്തും. നമ്മളോട് ഹലോ പറയും. ചിരിക്കും. എനിക്ക് ഇഷ്ടമുള്ള അത്രയും ചിത്രങ്ങള്‍ എടുക്കാം. നിങ്ങള്‍ക്ക് എവിടെയും പോകാം. എല്ലായിടവും സുരക്ഷിതം. 
പിന്നീട്, 2004 ല്‍ താലിബാന്‍ മടങ്ങിവന്നു. ആദ്യം ഗസ്‌നിയില്‍. പിന്നീട് 2005, 06 ല്‍ അവര്‍ വ്യാപിച്ചു. ഒരു  വൈറസ് പോലെ. കാബൂളിന് നേര്‍ക്ക് ആക്രമണങ്ങള്‍ തുടങ്ങി. വിദേശികള്‍ ഉള്ള സ്ഥലങ്ങള്‍ അവര്‍ ലക്ഷ്യം വെച്ചു. ആഘോഷങ്ങളെല്ലാം അവസാനിച്ചു. ഇന്ന് താലിബാന്‍ എല്ലായിടത്തുമുണ്ട്. അവരുടെ ആക്രമണങ്ങള്‍ ചെറുക്കാനുള്ള സംവിധാനങ്ങളാണ് നഗരമെങ്ങും. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ചാവേര്‍ കാറുകളും ട്രക്കുകളും തടയാന്‍ ‘ടി വാളു’കള്‍, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എന്നിവ നിരത്തിയ റോഡുകള്‍. വീണ്ടും ജനങ്ങള്‍ കാമറകളോട് സൗഹൃദമില്ലാത്തവരായി മാറിയിരിക്കുന്നു. ചിലപ്പോള്‍ അവര്‍ കുപിതരുമാകുന്നു. ആരും ആരെയും വിശ്വസിക്കുന്നില്ല. വിദേശ വാര്‍ത്ത ഏജന്‍സികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരെ പ്രത്യേകിച്ചും. നിങ്ങളൊരു ചാരനാണോ ഫ അവര്‍ ചോദിക്കുന്നു.
അമേരിക്കന്‍ ഇടപെടലിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനികള്‍ വീണ്ടും പഴയനിലയിലായിരിക്കുന്നു:
അവര്‍ക്ക് പണമില്ല, ജോലിയില്ല, താലിബാന്‍ അവരുടെ പടിവാതിലിലും. മിക്ക വിദേശികളും മടങ്ങി. ജീവിതത്തിലിന്ന് പ്രതീക്ഷകളില്ല. താലിബാന്‍ കാലത്തെക്കാള്‍ ജീവിതം ദുരിതം. എന്റെ കുട്ടികളെ ഞാന്‍ പുറത്തേക്ക് കൊണ്ടുപോകാറില്ല. അഞ്ച് മക്കളാണ് എനിക്ക് (ഈ ലേഖനം എഴുതിയതിന് ശേഷം ഒരു കുട്ടി കൂടി പിറന്നു). അവര്‍ വീടിനുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. ഓരോ പ്രഭാതത്തിലും ഞാന്‍ ഓഫീസിലേക്ക് പോകുമ്പോഴും വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴും എനിക്ക് ചിന്തിക്കുന്നത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച
കാറുകളെ കുറിച്ചാണ്, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നെത്തുന്ന ഒരു ചാവേറിനെയാണ്. എനിക്ക് റിസ്‌ക് എടുക്കാനാകില്ല. അതുകൊണ്ട് ഞങ്ങള്‍ പുറത്തുപോകാറില്ല. സുഹൃത്തും സഹപ്രവര്‍ത്തകനുമായ സര്‍ദാറിനെ
കുറിച്ചാണ് ഇപ്പോള്‍ എന്റെ ഓര്‍മകളെല്ലാം. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ അദ്ദേഹവും ഭാര്യയും മകളും മകനും എല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവും ഇളയ മകന്‍ മാത്രമാണ് ആ ദുരന്തത്തെ അതിജീവിച്ചത്. ജീവിതത്തിന് ഇത്ര കുറച്ച് സാധ്യതകളേ ഉള്ളുവെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ എനിക്ക് വഴികളും അറിയില്ല. വ്യാകുലതയുടെ കാലമാണിത്.
…………………
അതെ, വ്യാകുലതയുടെ കാലം തന്നെയാണിത്. സര്‍ദാറിനെ പോലെ മറായും ആരുടെയൊക്കെയോ ഓര്‍മകളില്‍ ഇനി ജീവിക്കും. കാബൂളിലെ ജീവിതവും ദുരിതവും ലോകത്തെ കാട്ടിക്കൊടുത്ത കണ്ണുകള്‍ ഇന്ന് അടഞ്ഞുപോയിരിക്കുന്നു. നമ്മുടെ കാഴ്ചകളില്‍ കൂടുതല്‍ ഇരുള്‍ നിറയുന്നു.
ലോകതൊഴിലാളി ദിനത്തില്‍, തൊഴിലിനിടെ ജീവന്‍ നഷ്ടപ്പെട്ട ആ ഒമ്പതുപേരുടെ ഓര്‍മകള്‍ക്ക് മുന്നില്‍  അശ്രുപ്രണാമം….
Content Highlights: AFP’s Chief Photographer ShahMarai, Afghanistan Suicide Bomb blast