കലിഫോര്‍ണിയ: ചൊവ്വയുടെ ‘നെഞ്ചിടിപ്പിനു’ കാതോര്‍ക്കാന്‍ നാസയുടെ ഏറ്റവും പുതിയ പേടകം ഇന്‍സൈറ്റ് യാത്ര പുറപ്പെട്ടു. പസഫിക് സമയം പുലര്‍ച്ചെ 4.05നു കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്സ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്നമുണ്ടായില്ലെന്നു നാസ അറിയിച്ചു. അറ്റ്ലസ് 5 റോക്കറ്റിലേറിയാണ് ‘ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറി’ന്റെ യാത്ര. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാന്‍ഡറാണിത്. ആറുമാസത്തിനു ശേഷം പേടകം ചൊവ്വയിലെത്തും ലാന്‍ഡറിന്റെ ഉദ്ദേശവും മറ്റൊന്നുമല്ല, ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങള്‍ നടത്തുക. നവംബര്‍ 26ന് ഇന്‍സൈറ്റ് ചൊവ്വയില്‍ ‘ലാന്‍ഡ്’ ചെയ്യും.
ഇന്റീരിയര്‍ എക്സ്പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഇന്‍സൈറ്റ്. പേരു പോലെത്തന്നെ ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുകയാണു ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂചലനങ്ങള്‍ക്കും ഉല്‍ക്കാ ആക്രമണങ്ങള്‍ക്കും മണ്ണിടിച്ചിലിനുമെല്ലാം കുപ്രസിദ്ധമാണ് ചൊവ്വയുടെ പ്രതലം. എന്നാല്‍ ചൊവ്വയിലെ ഭൂചലനം സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ഗവേഷകര്‍ക്കു ലഭിച്ചിട്ടില്ല. 2030ല്‍ ചൊവ്വായാത്രികര്‍ ഇവിടെയെത്തും മുന്‍പ് ഗ്രഹം എത്രമാത്രം ഭൂകമ്പബാധിതമാണെന്നാണ് ഏറ്റവും അത്യാവശ്യമായി അറിയേണ്ടത്. ഇതിനു വേണ്ടി ചൊവ്വയുടെ അന്തര്‍ഭാഗത്തുണ്ടാകുന്ന ചെറുചലനങ്ങളെയും തരംഗങ്ങളെയും തിരിച്ചറിയുകയാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം.
ലാന്‍ഡറിലുള്ള പ്രധാന ഉപകരണം സീസ്മോമീറ്ററാണ്. ഫ്രഞ്ച് സ്പെയ്സ് ഏജന്‍സിയാണ് ഇതു നിര്‍മിച്ചത്. ചൊവ്വയില്‍ ലാന്‍ഡര്‍ ഇറങ്ങിയതിനു ശേഷം ഒരു റോബട്ടിക് ‘കൈ’ പ്രവര്‍ത്തിച്ചായിരിക്കും സീസ്മോമീറ്ററിനെ പ്രതലത്തിലേക്ക് എടുത്തുവയ്ക്കുക. ചൊവ്വയിലെ ആന്തരിക ചലനങ്ങള്‍ക്കു ‘ചെവിയോര്‍ക്കുക’ ഈ സീസ്മോമീറ്ററായിരിക്കും.
ചൊവ്വയുടെ പ്രതലത്തിനു തൊട്ടുതാഴെ എത്രമാത്രം ചൂടേറിയതാണെന്നു പരിശോധിക്കാനുള്ള സെന്ഫ്ഹാമറിങ് പ്രോബ് ആണു ലാന്‍ഡറിലെ രണ്ടാമത്തെ പ്രധാന ഉപകരണം. പോളിഷ്, ജര്‍മന്‍ ഏജന്‍സികള്‍ സംയുക്തമായാണ് ‘ഹീറ്റ് ഫ്ലോ ആന്‍ഡ് ഫിസിക്കല്‍ പ്രോപര്‍ട്ടീസ് പാക്കേജ്’ എന്ന ഈ ഉപകരണം തയാറാക്കിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നു 10 മുതല്‍ 16 വരെ അടി താഴേയ്ക്കു കുഴിക്കാനുള്ള ശേഷിയും പ്രോബിനുണ്ട്. നേരത്തേ ഉണ്ടായിട്ടുള്ള ചൊവ്വാദൗത്യങ്ങളില്‍ കുഴിച്ചതിനേക്കാളും 15 മടങ്ങു താഴെയാണിത്. ചൊവ്വയിലെ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയെപ്പറ്റി പഠിക്കുകയെന്നത് 2030ലെ ദൗത്യത്തിനു മുന്നോടിയായി നിര്‍ണായകമാണ്.
സൗരോര്‍ജവും ബാറ്ററിയും ഉപയോഗിച്ചാണു പ്രവര്‍ത്തനം. ഭൂമിയിലെ 26 മാസമാണ് (ചൊവ്വയുടെ ഒരു വര്‍ഷം) ഇന്‍സൈറ്റിന്റെ പ്രവര്‍ത്തന കാലാവധി. ഇക്കാലയളവില്‍ നൂറോളം ഭൂചലനങ്ങളുടെ വിവരമെങ്കിലും ഇന്‍സൈറ്റ് ശേഖരിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.
26 മാസത്തിലേറെ ഇന്‍സൈറ്റ് പ്രവര്‍ത്തിക്കുമെന്നാണു പ്രതീക്ഷയെന്നു നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബറട്ടറി പ്രോജക്ട് മാനേജര്‍ ടോം ഹോഫ്മാന്‍ പറഞ്ഞു. 2016ല്‍ ഇന്‍സൈറ്റ് വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ചൊവ്വയുടെ പ്രതലത്തിലെ ചൂടില്‍ സീസ്മോമീറ്ററിനു കുഴപ്പങ്ങളുണ്ടാകുമെന്നു പരീക്ഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
2012ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്കെത്തുന്നത്. സൗരയൂഥത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ചൊവ്വയുടെ മണ്ണിന്നടിയില്‍ ഒളിച്ചിരിപ്പുണ്ടെന്നാണു ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. എങ്ങനെയാണു ഗ്രഹങ്ങള്‍ രൂപപ്പെട്ടത്, എങ്ങനെയാണു പാറകള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളിലും ഇന്‍സൈറ്റ് ഉത്തരം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏകദേശം 6455 കോടി രൂപ ചെലവിട്ടാണ് നാസയുടെ ഇന്‍സൈറ്റ് പദ്ധതി.
Content Highlights: Nasa Insight Atlas 5 Rocket to Mars launched
Home / NEWS / international / നാസയുടെ പേടകം ഇന്‍സൈറ്റ് യാത്ര പുറപ്പെട്ടു: അറ്റ്ലസ് 5 റോക്കറ്റിലേറിയാണ് 'ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറി'ന്റെ യാത്ര