Don't Miss
Home / NEWS / Keralam / കേരളത്തിലെ നഴ്‌സിംഗ് സ്ഥാപനങ്ങള്‍ വര്‍ധിച്ചിട്ടും നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ്; ജോലി തേടി വിദേശത്തേക്കും പോകുന്നവരും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണവും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

കേരളത്തിലെ നഴ്‌സിംഗ് സ്ഥാപനങ്ങള്‍ വര്‍ധിച്ചിട്ടും നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ്; ജോലി തേടി വിദേശത്തേക്കും പോകുന്നവരും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണവും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സിങ് സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴും നഴ്‌സിങ് ജോലി ചെയ്യുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറയുന്നു. നഴ്‌സിംഗ് സ്ഥാപനങ്ങളുടെ എണ്ണം ഒരോ വര്‍ഷം വര്‍ധിച്ചിക്കുമ്പോഴും ഒരോ വര്‍ഷവും കോഴ്‌സ് പഠിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്ന്‌കൊണ്ടിരിക്കുന്നത്. നഴ്‌സിംഗ് ജോലിക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും വന്‍കുറവ് വന്നിട്ടുണ്ട്.
പഠനശേഷം കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരും വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരും കുറയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍ നിന്നുള്ള നഴ്‌സ്, ആയ എന്നിവരുടെ കുടിയേറ്റത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം അവസാനം പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരം. ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ നഴ്‌സിങ് പഠനരംഗത്ത് പ്രഫഷനലായ മാറ്റമാണുണ്ടായത്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം 2005ല്‍ നഴ്‌സിങ് പഠനത്തിന് 124 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2012ല്‍ അത് 483 ആയി. 2016ല്‍ 511 സ്ഥാപനങ്ങളായി. ജനറല്‍ നഴ്‌സിങ്, മിഡ് വൈഫറി കോഴ്‌സിന് ആവശ്യക്കാര്‍ കുറയുകയും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പ്രിയം കൂടുകയും ചെയ്തു.
2016ല്‍ എല്ലാത്തരം നഴ്‌സിങ് സ്ഥാപനങ്ങളിലുമായി 17,600 സീറ്റുകളുണ്ടായിരുന്നു. 10 ശതമാനം പൊതുമേഖല സ്ഥാപനങ്ങളിലായിരുന്നു. എന്നാല്‍, കോഴ്‌സ് കഴിഞ്ഞ് കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 9,766 മാത്രമാണ്. സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7,834 പേരുടെ കുറവാണുള്ളത്. പഠനം ഇടക്കുനിര്‍ത്തുക, സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ തികയാതെ സ്ഥാപനങ്ങള്‍ അധ്യയനം നടത്തുക, കേരളത്തില്‍ പഠിച്ചശേഷം ഇവിടെ രജിസ്റ്റര്‍ ചെയ്യാതിരിക്കുക എന്നിങ്ങനെയാണ് കാരണമായി പറയപ്പെടുന്നത്.
വിദേശത്തേക്കു പോകുന്ന നഴ്‌സുമാരുടെ എണ്ണവും കുറഞ്ഞു. 2011ല്‍ 30,038, 2013ല്‍ 26,138, 2016ല്‍ 20,622 എന്നിങ്ങനെയാണ് കണക്ക്. 2011ലെ 32.8 ശതമാനത്തില്‍നിന്ന് 2016ല്‍ 23.2 ശതമാനമായാണ് കുറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സുമാരുള്ളത്, 57 ശതമാനം. ഇതില്‍ സൗദി അറേബ്യയിലാണ് കൂടുതല്‍. എന്നാല്‍, സൗദിയിലേക്കു പോകുന്നവര്‍ 2011ല്‍ 32 ശതമാനമായിരുന്നെങ്കില്‍ 2016ല്‍ 22 ശതമാനമായി. യു.എസ്.എ, യു.കെ, ആസ്‌ട്രേലിയ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. അതേസമയം കാനഡയിലേക്ക് പോകുന്നവര്‍ 3.3 ശതമാനത്തില്‍നിന്ന് 5.5 ശതമാനമായി വര്‍ധിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനം, സ്വദേശിവത്കരണം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നഴ്‌സുമാരെ അകറ്റുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ജോലി തേടിപ്പോകുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2011ല്‍ 6,564, 2013ല്‍ 7,662, 2016ല്‍ 3,862 എന്നിങ്ങനെയാണ് കണക്കുകള്‍. 57.2 ശതമാനവുമായി ഡല്‍ഹിയാണ് മുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *

*