Don't Miss
Home / COVER STORY / കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ്: 500 പേര്‍ക്ക് തൊഴിലവസരം; 30000 രൂപയാണ് നോര്‍ക്ക ഫീസായി ഈടാക്കുന്നത്; സര്‍ക്കാര്‍ ഇടപെടലിലൂടെ തൊഴില്‍ തട്ടിപ്പ് ഇല്ലാതായേക്കും

കുവൈത്ത് നഴ്‌സ് റിക്രൂട്ട്‌മെന്റ്: 500 പേര്‍ക്ക് തൊഴിലവസരം; 30000 രൂപയാണ് നോര്‍ക്ക ഫീസായി ഈടാക്കുന്നത്; സര്‍ക്കാര്‍ ഇടപെടലിലൂടെ തൊഴില്‍ തട്ടിപ്പ് ഇല്ലാതായേക്കും

About The Author

അനാമിക അരുണ്‍കുമാര്‍

തിരുവനന്തപുരം: കുവൈത്തിലേക്കുള്ള 500 നഴ്‌സുമാരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമികുന്നുവെന്ന് നോര്‍ക്ക റൂട്ട്‌സ്. കഴിഞ്ഞമാസം ഇന്ത്യയില്‍ നിന്ന് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനായി കുവൈത്ത് ആരോഗ്യമന്ത്രാലയം നോര്‍ക്കയെ സമീപിച്ചിരുന്നു. എത്ര സമയത്തിനുള്ളില്‍ സാധ്യമാകുമെന്നറിയിക്കാനാണ് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിരുന്നത്. ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് നോര്‍ക്കയുടെ മറുപടി. ഇതനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ വിവരം അറിയിച്ചുകഴിഞ്ഞുവെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു.
ഇത്രയും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എത്ര സമയം വേണ്ടിവരുമെന്നായിരുന്നു കുവൈത്ത് മന്ത്രാലയം ചോദിച്ചിരുന്നു. 60 മുതല്‍ 90 ദിവസത്തിനകം ഉദ്യോഗാര്‍ത്ഥികളെ നല്‍കാമെന്നാണ് നോര്‍ക്ക റൂട്ട്‌സ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എത്ര സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നതു സംബന്ധിച്ചോ, പ്രവര്‍ത്തി പരിചയം സംബന്ധിച്ചോ ഒരു വിവരവും കുവൈത്ത് മന്ത്രാലയം നോര്‍ക്കയെ അറിയിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഈമാസം 15നു ശേഷമേ വ്യക്തമാകൂവെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പ് മുടങ്ങിയിരുന്ന റിക്രൂട്ട്‌മെന്റാണ് പുനരാരംഭിക്കാന്‍ പോകുന്നത്. ഇതുസംബന്ധിച്ച് കുവൈത്ത് മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാരും നോര്‍ക്ക റൂട്ട്‌സും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നത്. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ അവസരമാകും ഇതുവഴി ലഭ്യമാവുക. റിക്രൂട്ട്‌മെന്റ് നടന്നാല്‍ ചരിത്ര നേട്ടമാകുമെന്ന് നോര്‍ക്ക സിഇഒ പറഞ്ഞു. ഇപ്പോള്‍ കുവൈത്തില്‍ ബജറ്റ് അവതരിപ്പിക്കുന്ന സമയമാണ്. നഴ്‌സുമാരെ നിയമിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ഈമാസം 15നകം അവര്‍ നിലപാട് വ്യക്തമാക്കും. അതനുസരിച്ചാകും അവരുടെ ശമ്പളസ്‌കെയില്‍ നിശ്ചയിക്കുകയെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
500 നഴ്‌സുമാരെ ഒരുമിച്ച് റിക്രൂട്ട് ചെയ്യുക എന്നതു വലിയൊരു കാര്യമാണ്. സര്‍ക്കാര്‍ ഇടപെടലിലൂടെ കേരളത്തില്‍ നിന്ന് ഇത്രയധികം നഴ്‌സുമാരെ ഒരു ഗള്‍ഫ് രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനുള്ള സാഹചര്യം ഇതാദ്യമാണ്. സര്‍ക്കാര്‍തലത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് മുടങ്ങിക്കിടന്നതോടെ സ്വകാര്യ മേഖലയില്‍ വന്‍ തട്ടിപ്പാണ് അരങ്ങേറിയിരുന്നത്. നിലവില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിംഗ് ജോലിക്ക് പോകുന്നയാള്‍ക്ക് 30000 രൂപയും സര്‍വീസ് ടാക്‌സും മാത്രമേ ഈടാക്കുന്നുള്ളുവെന്നും സിഇഒ ഹരികൃഷ്ണന്‍ പറഞ്ഞു. സ്വകാര്യമേഖലയില്‍ ലക്ഷങ്ങളാണ് ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും അവര്‍ ഈടാക്കിയത്. കുവൈത്ത് മന്ത്രാലയവുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് നടത്തുകയാണെങ്കില്‍ തൊഴില്‍ തട്ടിപ്പിനും കടിഞ്ഞാണിടാനാകുമെന്നാണു പ്രതീക്ഷയെന്നും ഹരികൃഷ്ണന്‍ ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോടു പ്രതികരിച്ചു.