Don't Miss
Home / COVER STORY / സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ പി. ജയരാജന്‍ തന്നെ രംഗത്തിറങ്ങുന്നു; കണ്ണൂരില്‍ കളംഒഴിയാതിരിക്കാന്‍ പുതിയ നീക്കങ്ങള്‍

സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ പി. ജയരാജന്‍ തന്നെ രംഗത്തിറങ്ങുന്നു; കണ്ണൂരില്‍ കളംഒഴിയാതിരിക്കാന്‍ പുതിയ നീക്കങ്ങള്‍

കണ്ണൂര്‍: പാര്‍ട്ടി ഒതുക്കാന്‍ നോക്കിയ പി. ജയരാജനെ തന്നെ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ ഇറക്കുന്ന രാഷ്ട്രീയ കാഴ്ചയാണ് ഇപ്പോള്‍ കണ്ണൂരില്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെക്കാള്‍ വളര്‍ന്ന നേതാവായിരുന്നു സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മലബാര്‍ മേഖലയില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തു വന്നപ്പോഴൊക്കെ ആരോപണത്തിന്റെ കുന്തമുന കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ നീളുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും തലവേദനയായതോടെയാണ് ജയരാജനെ ഒതുക്കാന്‍ പിണറായിയുടെ നേതൃത്വത്തില്‍ തന്നെ നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മാറ്റുന്നതിനായി ജയരാജനെ വടകരയില്‍ മത്സരിപ്പിച്ചത്. വടകരപോലെ സി.പി.എമ്മിന് അടിത്തറയിളകിയിരുന്ന ഒരു മണ്ഡലത്തിലേക്ക് ജയരാജനെ അയച്ചതിന് പിന്നിലെ കാരണം എന്തായിരുന്നുവെന്ന് പാര്‍ട്ടി ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഒടുവില്‍ ജയരാജന്‍ വടകരയില്‍ തോറ്റു. മുസ്ലിംലീഗും, ആര്‍.എം.പിയും, കോണ്‍ഗ്രസും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ജയരാജന്റെ തോല്‍വി. ബി.ജെ.പിയും ജയരാജനെ തോല്‍പ്പിക്കുന്നതിന് തങ്ങളാല്‍ ആവുംവിധം പണിയെടുത്തു.

തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ സി.പി.എമ്മിലേക്ക് തിരികെ എത്തിക്കുന്നതിന് സംസ്ഥാന നേതൃത്വം കാര്യമായ നടപടികള്‍ ഒന്നും കൈക്കൊണ്ടില്ലാ എന്നതായിരുന്നു വാസ്തവം. പി. ജയരാജന് പകരം പിണറായിയുടെ വിശ്വസ്തന്‍ എം.വി. ജയരാജനെ ജില്ലാ സെക്രട്ടറിയാക്കിയതിലൂടെ ഇനിയൊരു തിരിച്ചുവരവിനുള്ള സാഹചര്യം മുഴുവനായി അടയ്ക്കുകയായിരുന്നു പിണറായി ജയരാജനോട് ചെയ്തത്.
എന്നാല്‍ കണ്ണൂര്‍ സി.പി.എമ്മിലെ തലമുതിര്‍ന്ന നേതാക്കള്‍ക്കൊക്കെയും രാഷ്ട്രീയ വിവാദങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. വടകരയില്‍ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ചതായിരുന്നു പാര്‍ട്ടിക്കേറ്റ ആദ്യ തിരിച്ചടി. വധശ്രമക്കേസില്‍ സംശയത്തിന്റെ മുനകള്‍ ആദ്യം നീണ്ടത് പി. ജയരാജനെതിരെയായിരുന്നു. എന്നാല്‍ ജയരാജന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹത്തിന്റെ പേര് പറഞ്ഞ് മറ്റ് സി.പി.എം ജില്ലാ നേതാക്കളാണ് തന്നെ വധിക്കാന്‍ ശ്രമിച്ചതെന്നും പറഞ്ഞതോടെ ജയരാജന്‍ രക്ഷനേടി. ഷംസീറിന്റെ പേരുകൂടി സി.ഒ.ടി നസീര്‍ വെളിപ്പെടുത്തിയതോടെ കണ്ണൂര്‍ പാര്‍ട്ടിയിലെ തമ്മില്‍തല്ല് പൊതുജന മധ്യത്തിലേക്ക് എത്തുകയായരുന്നു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ലൈംഗിക ചൂഷണ പരാതിയില്‍ പെട്ടതോടെ കോടിയേരിയെ പ്രതിരോധിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ പാര്‍ട്ടി നേതൃത്വം കുഴങ്ങി. അതിന് പിന്നാലെയാണ് ആന്തൂര്‍ നഗരസഭയില്‍ കെട്ടിടാനുമതി ലഭിക്കാതെ വ്യവസായി ആത്മഹത്യ ചെയ്തതും. നഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെ ഇടപെടലുകള്‍ ചോദ്യം ചെയ്യപ്പെട്ടതും. എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ. ശ്യാമള ചെയര്‍പേഴ്‌സണ്‍ ആയ നഗരസഭ കെട്ടിട അനുമതി നിഷേധിച്ചത് പി. ജയരാജന്റെ അടുപ്പക്കാരനായ കെട്ടിട ഉടമ സാജനെതിരെ നഗരസഭ നീങ്ങിയെന്ന ആരോപണം കൂടി വന്നതോടെ പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും വെട്ടിലാവുകയായിരുന്നു.
ഇതോടെയാണ് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന പി. ജയരാജനെ തന്നെ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ രംഗത്തിറക്കേണ്ടി വന്നത്. ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തെ ഇന്നലെ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചത് പി. ജയരാജനും ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഒരുമിച്ചായിരുന്നു. നഗരസഭ ഭരണസമിതിയെ സംരക്ഷിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കിയുള്ള രാഷ്ട്രീയ നീക്കമായിരുന്നു പിന്നീട് കണ്ടത്. തുടര്‍ന്ന മാധ്യമങ്ങളില്‍ വിശദീകരണം നല്‍കാനും പി.ജയരാജന്‍ മുന്നില്‍ നിന്നു. പാര്‍ട്ടി സൈബര്‍ പോരാളികള്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടതോടെ ന്യായീകരിക്കാന്‍ മുന്‍ ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് പാര്‍ട്ടി. ഇതോടെ കണ്ണൂര്‍ സി.പി.എമ്മില്‍ ഇടക്കാലത്ത് ഉരുത്തിരിഞ്ഞു വന്ന് പുതിയ ഉള്‍പ്പാര്‍ട്ടി ഗ്രൂപ്പുകളില്‍ വീണ്ടും മാറ്റം സംഭവിക്കുമെന്ന് വ്യക്തമാണ്.